മദ്യ കുപ്പിയിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം; ആദരിക്കാനെന്നു ന്യായം; ഒടുവിൽ മാപ്പു പറഞ്ഞു ഇസ്രായേൽ കമ്പനി

മഹാന്മാരെ ആദരിക്കുക എന്ന ഉദ്ദേശ്യത്തോടെ മദ്യ കുപ്പികളിൽ അവരുടെ ചിത്രം പതിപ്പിച്ചത് വിവാദമായതോടെ മാപ്പു പറഞ്ഞു മാൽക്ക ബിയർ കമ്പനി.
ഇസ്രായേലിന്റെ 71 ആം സ്വാതന്ത്ര്യ ദിനാഘോഷത്തിൻറെ ഭാഗമായിട്ടാണ് മദ്യ കുപ്പിയിൽ മഹാത്മാ ഗാന്ധി അടക്കമുള്ള മഹാന്മാരുടെ ചിത്രം പതിപ്പിച്ച ബിയർ കുപ്പികൾ പുറത്തിറക്കിയത്. ഇസ്രായേലിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയം ഇത് ചൂണ്ടി കാട്ടിയതോടെ കമ്പനി ഉൽപാദനം നിർത്തി. മഹാത്മാഗാന്ധിയെ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ചിത്രം മദ്യക്കുപ്പിയിൽ പതിപ്പിച്ചതിൽ ഖേദിക്കുന്നുവെന്നും ബ്രാൻഡ് മാനേജർ ഗിലാദ് ദ്രോദ് പറഞ്ഞു. ഇന്ത്യൻ ജനതയുടെ വികാരം കണക്കിലെടുത്തു ഹൃദയപൂർവം മാപ്പു പറയുന്നതായി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി. വിപണിയിൽ നിന്ന് കുപ്പികൾ പിൻവലിക്കാനുള്ള ശ്രമം നടന്നു വരികയാണ്.
ഇസ്രായേൽ മുൻ പ്രധാനമന്ത്രിമാരായ ഡേവിഡ് ബെൻ ഗുറിയോൺ, ഗോൾഡ മെയർ, മെനാക്കിം ബെഗിൻ എന്നിവരും ജൂതദേശീയതയുടെ പിതാവ് തിയൊഡോർ ഹെർസൽ തുടങ്ങിയവരുടെ ചിത്രമാണ് മഹാത്മാ ഗാന്ധിയെ കൂടാതെ ബിയർ കുപ്പികളിൽ പതിപ്പിച്ചത്. അതേ സമയം ഇസ്രായേലി മദ്യക്കമ്പനിയുടെ നടപടി രാജ്യസഭാംഗങ്ങൾ ചൂണ്ടിക്കാട്ടിയതോടെ അതേക്കുറിച്ച് അന്വേഷിക്കാൻ വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കറോട് സഭാധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു.
https://www.facebook.com/Malayalivartha