യുഎസ് നയതന്ത്ര പ്രതിനിധികളുടെ തലച്ചോര്‍ ആക്രമിച്ച് ക്യൂബ! 20 കിലോ ഹെര്‍ട്സിനു മേലെയുള്ള അള്‍ട്രാസോണിക് വീചികള്‍ ഉപയോഗിച്ചായിരുന്നു സോണിക് ആക്രമണം!

ക്യൂബയിലെ യുഎസ് എംബസിയില്‍ ജോലി ചെയ്തിരുന്ന 40 നയതന്ത്ര പ്രതിനിധികളുടെ മസ്തിഷ്‌ക ഘടന ദുരൂഹമായ വിധത്തില്‍ മാറിമറിഞ്ഞതായി കണ്ടെത്തി. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകരാണ് 40 പേരുടെയും മസ്തിഷ്‌കം പരിശോധിച്ചത്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണല്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.
പക്ഷേ അപ്പോഴും എങ്ങനെ ഇത് സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരമായില്ല. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ലോകത്ത് ഇന്നേവരെ ഉപയോഗിച്ചിട്ടില്ലാത്ത രഹസ്യായുധ പ്രയോഗമാണ് നടന്നതെന്ന വാദങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുന്നതാണ് പുതിയ കണ്ടെത്തല്‍.
2016 മുതല്‍ 2018 മേയ് വരെ ക്യൂബയില്‍ ജോലി ചെയ്തിരുന്ന അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ക്കാണ് മസ്തിഷ്‌കത്തിന് അജ്ഞാത രോഗാവസ്ഥ കണ്ടെത്തിയത്. 2017 ഫെബ്രുവരിയില്‍ മാത്രം 24 യുഎസ് നയതന്ത്ര പ്രതിനിധികളെയും കുടുംബാംഗങ്ങളെയും അജ്ഞാതരോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഛര്‍ദി, തലകറക്കം, കേള്‍വിക്കുറവ് എന്നിങ്ങനെ എല്ലാവര്‍ക്കും ഒരേ രോഗലക്ഷണമായിരുന്നുവെന്നത് സംഭവത്തിന്റെ ദുരൂഹത കൂട്ടി.
എന്നാല്‍ ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ക്യൂബക്കാര്‍ക്കോ അവിടെയെത്തുന്ന അമേരിക്കന്‍ ടൂറിസ്റ്റുകള്‍ക്കോ യാതൊരു കുഴപ്പവുമുണ്ടായില്ല. തുടര്‍ന്ന് ജാഗ്രതയോടെ പരിശോധിച്ചപ്പോഴാണ് രാത്രികളില്‍ അസാധാരണമായ ശബ്ദതരംഗങ്ങള്‍ വരുന്നതിനെപ്പറ്റി നയതന്ത്രജ്ഞര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ ശബ്ദവീചികള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. അള്‍ട്രാഫ്രീക്വന്‍സി തരംഗങ്ങളായിരുന്നു അവയെല്ലാമെന്ന് കണ്ടെത്തി. എന്നാല്‍ ഇവ എവിടെനിന്നു വരുന്നുവെന്ന് കണ്ടുപിടിക്കാനായില്ല.
തലകറക്കം, ക്ഷീണം, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടല്‍, തലവേദന, കേള്‍വിക്കുറവ്, കാഴ്ചക്കുറവ്, ഛര്‍ദി, ഏകാഗ്രത നഷ്ടപ്പെടല്‍ തുടങ്ങിയ പ്രശ്നങ്ങളായിരുന്നു എല്ലാവര്‍ക്കും. ഒരു മില്ലീമീറ്ററിനും ഒരു മീറ്ററിനും ഇടയില്‍ തരംഗദൈര്‍ഘ്യമുള്ള സൂക്ഷ്മതരംഗങ്ങള്‍ കൃത്യമായി ഒരു 'പോയിന്റ്' ലക്ഷ്യംവച്ച് തലയില്‍ പതിച്ചാല്‍ എന്ത് സംഭവിക്കുമോ അതേ കുഴപ്പങ്ങളാണ് ഇവയെല്ലാം. 'ഹവാന സിന്‍ഡ്രോം' എന്നാണ് മസ്തിഷ്‌കത്തിനു സംഭവിച്ച പ്രശ്‌നത്തിന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് നല്‍കിയിരിക്കുന്ന പേര്. രാജ്യാന്തര വിഷയം, ഇമിഗ്രേഷന്‍, പ്രതിരോധം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട നയതന്ത്ര പ്രതിനിധികളെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടായിരുന്നു അജ്ഞാത ആക്രമണമെന്നത് ദൂരൂഹതയുടെ മൂര്‍ച്ച കൂട്ടി.
മനുഷ്യനു കേള്‍ക്കാനാകുന്നതും ആകാത്തതുമായ ശബ്ദത്തിനു പരിധിയുണ്ട്. നമ്മുടെ ശ്രവണപരിധിക്കപ്പുറത്തുളള ശബ്ദവീചികള്‍ കൊണ്ടുള്ള ആക്രമണം ബാധിക്കുന്നത് തലച്ചോറിനെയാണ്. ഇന്‍ഫ്രാസൗണ്ട് എന്നു വിളിക്കുന്ന വളരെ താഴ്ന്ന ഫ്രീക്വന്‍സിയോ അള്‍ട്രാസൗണ്ട് എന്നറിയപ്പെടുന്ന വളരെ ഉയര്‍ന്ന ഫ്രീക്വന്‍സിയോ ഉപയോഗിച്ച് നടത്തുന്ന ആക്രമണമാണ് 'സോണിക്' ആക്രമണം. ക്യൂബയുടെ കയ്യിലുള്ള സോണിക് ആയുധമാണ് ഇതിനു പിന്നിലെന്നായിരുന്നു ആദ്യ നിഗമനം.
അതേ തുടര്‍ന്ന് 2017 ഒക്ടോബര്‍ ആദ്യം ക്യൂബയുടെ 15 നയതന്ത്ര പ്രതിനിധികളെ അമേരിക്കയില്‍ നിന്നു പുറത്താക്കി. ക്യൂബ, തങ്ങളുടെ പ്രതിനിധികള്‍ക്കെതിരെ 'ഇലക്ട്രോമാഗ്നറ്റിക്' ആയുധമാണ് ഉപയോഗിച്ചതെന്ന് യുഎസ് ഭരണകൂടം ഔദ്യോഗികമായി വ്യക്തമാക്കി. 2017-ല്‍ ക്യൂബയിലെ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തി യുഎസ് നയതന്ത്ര പ്രതിനിധികള്‍ മടങ്ങുകയും ചെയ്തു. ജീവനക്കാര്‍ക്കേറ്റ 'മാരകമായ പരുക്കിന്' ക്യൂബയെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്.
നയതന്ത്ര പ്രതിനിധികളില്‍ 23 പുരുഷന്മാരുടെയും 17 വനിതകളുടെയും മസ്തിഷ്‌കത്തില്‍ തുടര്‍ച്ചയായി എംആര്‍ഐ സ്‌കാനിംഗ് നടത്തിയിരുന്നു. ഇതോടൊപ്പം പൂര്‍ണ്ണആരോഗ്യവാന്മാരായ 48 പേരുടെയും മസ്തിഷ്‌കം പരിശോധിച്ചു. രണ്ടു പരിശോധനാഫലങ്ങളും താരതമ്യം ചെയ്തപ്പോള്‍ 40 പേരുടെയും മസ്തിഷ്‌ക ഘടനയും അതിലെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള 'കണക്ടിവിറ്റിയും' താറുമാറായ അവസ്ഥയിലായിരുന്നു എന്ന് കണ്ടെത്തി. റിപ്പോര്‍ട്ട് കണ്ട് അമ്പരന്നു പോയെന്ന് സര്‍വകലാശാലയിലെ റേഡിയോളജി പ്രഫസറായ ഡോ. രാഗിണി വര്‍മ പറയുന്നു.
40 പേരുടെ മസ്തിഷ്‌കത്തിലും ഒരേതരം പ്രശ്‌നം കണ്ടതാണ് ഗവേഷകരെ ആശങ്കയിലാഴ്ത്തിയത്. പ്രശ്‌നം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത സമയത്ത് 21 പേരില്‍ നടത്തിയ എംആര്‍ഐ സ്‌കാനിങ്ങില്‍ മസ്തിഷ്‌കത്തിനു കാര്യമായ മാറ്റങ്ങളുണ്ടായിരുന്നില്ല. മൂന്നു വര്‍ഷത്തിനപ്പുറമാണ് മസ്തിഷ്‌കത്തിന്റെ 'പാറ്റേണില്‍' തന്നെ മാറ്റമുണ്ടായത്. ഈ മാറ്റങ്ങള്‍ ഏതെങ്കിലും രോഗമായി മാറുമോയെന്ന്് പറയാനാകില്ലെന്നും രാഗിണി വ്യക്തമാക്കുന്നു. മുന്‍പുണ്ടായിരുന്ന എന്തെങ്കിലും പ്രശ്‌നങ്ങളാണോ മസ്തിഷ്‌കത്തിലെ മാറ്റത്തിലേക്കു നയിച്ചതെന്നും പരിശോധിച്ചു. എന്നാല്‍ അങ്ങനെയല്ലെന്നു കണ്ടെത്തി. ഈ പുതിയ സംഭവത്തിനു പിന്നില്‍ എന്താണെന്നു കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും രാഗിണി പറഞ്ഞു.
ആക്രമണത്തിനിരയായ ചിലര്‍ ഇതിനോടകം സുഖപ്പെട്ട് ജോലിയിലേക്ക് തിരികെ പ്രവേശിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ ഇപ്പോഴും പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സയിലാണെന്നും രാഗിണി പറഞ്ഞു. കനേഡിയന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കും സമാനമായ പ്രശ്‌നമുണ്ടായിരുന്നു. തുടര്‍ന്ന് അവരും ക്യൂബയിലെ സേവനം മതിയാക്കി മടങ്ങി. എന്നാല്‍ മസ്തിഷ്‌ക പരിശോധനയില്‍ കൂടുതല്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല.
മസ്തിഷ്‌കത്തിലെ മാറ്റം മാത്രം പരിശോധിച്ച് ആക്രമണം നടന്നതായി പറയാനാകില്ലെന്ന് പറഞ്ഞ് യുഎസ് റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുന്ന പക്ഷക്കാരും ഉണ്ട്. അങ്ങനെയൊരാക്രമണം ഉണ്ടായെങ്കില്‍ അതിനുപയോഗിച്ച ആയുധം എവിടെയാണെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. എംബസി ഉദ്യോഗസ്ഥരെ അലോസരപ്പെടുത്തിയ അതേ ഫ്രീക്വന്‍സിയുള്ള ശബ്ദം ചീവീടുകളുണ്ടാക്കുന്നതാണെന്ന് പ്രാണികളെപ്പറ്റി പഠനം നടത്തുന്ന ഗവേഷകര്‍ നേരത്തേ പറഞ്ഞിരുന്നു. ക്യൂബയില്‍ അത്തരം ചീവീടുകള്‍ ധാരാളമായി ഉണ്ടായിരുന്നുവത്രേ! അങ്ങനെ ആയിരുന്നെങ്കില്‍ അവിടെയുള്ള എല്ലാവരേയും അത് ഒരുപോലെ ബാധിക്കേണ്ടതല്ലേ, യു എസ്സ് നയതന്ത്രപ്രതിനിധികളെ മാത്രം ചീവീടിന്റെ ഫ്രീക്വന്‍സി ദോഷകരമായി ബാധിക്കുന്നതെങ്ങനെ എന്ന ചോദ്യം ഉത്തരമില്ലാതെ ബാക്കിയാവും!
മനുഷ്യനു കേള്‍ക്കാനാകുന്നതും ആകാത്തതുമായ പരിധികളിലുള്ള ശബ്ദങ്ങളുണ്ട്. നമ്മുടെ ശ്രവണപരിധിക്കപ്പുറത്തുളള ശബ്ദവീചികള്‍ കൊണ്ടുള്ള ആക്രമണം ദോഷകരമായി ബാധിക്കുന്നത് തലച്ചോറിനെയാണ്. ഇന്‍ഫ്രാസൗണ്ട് എന്നു വിളിക്കുന്ന വളരെ താഴ്ന്ന ഫ്രീക്വന്‍സിയോ അള്‍ട്രാസൗണ്ട് എന്നറിയപ്പെടുന്ന വളരെ ഉയര്‍ന്ന ഫ്രീക്വന്‍സിയോ ഉപയോഗിച്ചാണ് 'സോണിക്' ആക്രമണം എന്ന, ഇത്തരത്തിലുള്ള ആക്രമണം നടത്തുന്നത്. 20 കിലോ ഹെര്‍ട്സിനു മേലെയുള്ള അള്‍ട്രാസോണിക് വീചികളാണ് ഹവാനയിലെ ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് വിദഗ്ധര്‍ കരുതുന്നത്. കേള്‍വിപ്രശ്നം, തലചുറ്റല്‍, കടുത്ത തലവേദന, തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ മാന്ദ്യം, ഛര്‍ദി തുടങ്ങിയവയാണ് ഇതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍.
https://www.facebook.com/Malayalivartha

























