അമേരിക്കയില്‍ അമ്മയെയും മൂന്നാഴ്ച പ്രായമുള്ള കുഞ്ഞിനെയും കാണാതായ കേസില്‍ കൂട്ടുകാരി അറസ്റ്റില്‍

അമേരിക്കയിലെ ടെക്‌സാസില്‍ കാണാതായ ഹീഡി ബ്രൊസാഡിന്റെ മൃതദേഹം ഡിസംബര്‍ 19-ന് ഹൂസ്റ്റണില്‍ ഉപേക്ഷിക്കപ്പെട്ട ഇവരുടെ കാറിന്റെ ഡിക്കിയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അവരോടൊപ്പം ഉണ്ടായിരുന്ന കുട്ടിയെക്കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്‍ നിര്‍ത്തിയിട്ട സ്ഥലത്തിന് അടുത്തുള്ള വീട്ടില്‍ നിന്നും കുട്ടിയെ കണ്ടെത്തി. കുട്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.
ഹീഡിയുടെ മരണവുമായി ബന്ധപ്പെട്ട് ഇവരുടെ കൂട്ടുകാരി മെഗന്‍ ഫിറാംസ്‌ക്ക എന്ന 33-കാരിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഹീഡി ബ്രൊസാഡിന്റെ കുഞ്ഞിനെ തട്ടിയെടുക്കാനുള്ള ശ്രമമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പൊലീസ് ആരോപിക്കുന്നത്. എന്നാല്‍ കൊല ചെയ്തത് എങ്ങനെ എന്നത് പൊലീസ് വ്യക്തമാക്കുന്നില്ല. അതേ സമയം ഹീഡിയുടെ ഭര്‍ത്താവിന് ഈ ഗൂഡാലോചനയില്‍ പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ മെഗനെ കോടതിയില്‍ ഹാജരാക്കി. ഇവര്‍ക്ക് 600,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
മകനെ ഡിസംബര്‍ 12-ന് സ്‌കൂളില്‍ രാവിലെ ഇറക്കിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ യുവതിയെയും മൂന്നാഴ്ച പ്രായമുള്ള കുഞ്ഞിനേയും കാണാതാകുകയായിരുന്നു. ഓസ്റ്റിനിലെ കവന്‍ എലിമെന്ററി സ്‌കൂളില്‍ നിന്നു തിരിച്ചെത്തിയ ശേഷമാണ് ഇവരെ കാണാതായത്. വീട്ടില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമൊന്നും ഇല്ലായിരുന്നു. ഇത് പൊലീസിനെ പ്രാരംഭ അന്വേഷണത്തില്‍ കുഴക്കിയിരുന്നു.

മെഗനും ഇയാളുടെ ജീവിതപങ്കാളിയും ഒരു കുട്ടിക്കുവേണ്ടി ആഗ്രഹിക്കുന്നുവെന്നും അതായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് അനുമാനം. ഹീഡി ഗര്‍ഭിണിയായിരുന്നപ്പോള്‍ മെഗന്‍ ഫിറാംസ്‌ക്കയും ഗര്‍ഭിണിയായിരുന്നുവെന്നു വ്യാജമായി പ്രചരിപ്പിച്ചിരുന്നു എന്ന് ഇവരോട് അടുത്തിടപഴകുന്നവര്‍ മൊഴി നല്‍കിയെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha
























