കൊറോണ ബാധിച്ച് അമേരിക്കയില്‍ വൈദികനടക്കം മൂന്ന് മലയാളികള്‍ മരിച്ചു... മൃതദേഹങ്ങള്‍ വിദേശത്ത് തന്നെ സംസ്‌കരിക്കാന്‍ തീരുമാനം

അമേരിക്കയെ പിടിച്ചു കുലുക്കിയ കോവിഡ് ശാന്തമാകുന്നതിന്റെ സൂചനകള്‍. രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ്. മിക്ക ആശുപത്രികളിലും കോവിഡ് 19 രോഗബാധിതര്‍ക്ക് വേണ്ടി തയാറാക്കിയ പ്രത്യേക വാര്‍ഡുകളില്‍ തിരക്കുകളില്ല. വെന്റിലേറ്ററുകളിലും ആളൊഴിയുന്നു.
അതേസമയം, കൊറോണ ബാധിച്ച് അമേരിക്കയില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കൊട്ടാരക്കര സ്വദേശിയും മാര്‍ത്തോമ്മാ വൈദികനുമായ എം ജോണ്‍, കൊല്ലം കുണ്ടറ പുന്നമുക്ക് സ്വദേശി ഗീവര്‍ഗീസ് എം പണിക്കര്‍ എന്നിവര്‍ ഫിലാഡല്‍ഫിയയില്‍ കൊറോണ ബാധിച്ച് മരിച്ചു. പാല സ്വദേശി സുധീഷിന്റെ മകന്‍ എട്ട് വയസുകാരന്‍ അദ്വൈത് ന്യൂയോര്‍ക്കില്‍ കൊറോണബാധിച്ച് മരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ വിദേശത്ത് തന്നെ സംസ്‌കരിക്കാനാണ് തീരുമാനം. കെട്ടാരക്കരയില്‍ ദീര്‍ഘനാളായി വൈദികനായി സേവനം അനുഷ്ടിച്ചിരുന്ന വ്യക്തിയാണ് എം ജോണ്‍. വിരമിച്ച ശേഷം അമേരിക്കയിലുള്ള മകന്റെ അടുത്തേക്ക് വിശ്രമ ജീവിതത്തിനായി പോകുകയായിരുന്നു.
ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഗീവര്‍ഗീസും മരിച്ചത് ഇന്ന് പുലര്‍ച്ചെയാണ്. ദീര്‍ഘനാളായി അമേരിക്കയില്‍ ടൂര്‍ ആന്റ് ട്രാവല്‍സ് നടത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. അഞ്ച് ദിവസം മുമ്പ് രോഗം സ്ഥിരീകരിച്ചുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിക്കുന്ന വിവരം.
അതിനിടയ്ക്ക് ലോകത്തെയാകെ ഞെട്ടിച്ചു കൊണ്ട് ന്യൂയോര്‍ക്കിലെ ഒരു നഴ്സിംഗ് ഹോമില്‍ കൊറോണ ബാധയേറ്റ് 98 പേര്‍ മരിച്ചതായുള്ള ഭയാനകമായ മരണസംഖ്യ പുറത്തുവന്നു. മന്‍ഹാട്ടനിലെ ഇസബെല്ല ജെറിയാട്രിക് സെന്ററിലാണിത്. ഇത് അമേരിക്കയിലെ ഒരിടത്തു നിന്നുള്ള ഏറ്റവും വലിയ കോവിഡ് മരണസംഖ്യയാണ്. നഴ്സിംഗ് ഹോമിലെ ഔദ്യോഗിക കണക്കനുസരിച്ച് വെള്ളിയാഴ്ച വരെ 13 പേര്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. 24,000 ത്തോളം ആളുകള്‍ ഈ രോഗം മൂലം മരണമടഞ്ഞ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് നൂറുകണക്കിന് കോവിഡ് 19 മരണങ്ങള്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇത് മരണസംഖ്യ ഉയര്‍ത്തുമെന്നു കരുതുന്നു. 239 നഴ്സിംഗ് ഹോമുകളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ന്യൂയോര്‍ക്ക് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതില്‍ കുറഞ്ഞത് ആറിടങ്ങളിലെങ്കിലും 40 രോഗികളോ അതില്‍ കൂടുതലോ പേര്‍ മരണമടഞ്ഞു.
ന്യൂയോര്‍ക്കിനെ അപേക്ഷിച്ച് ഇപ്പോള്‍ ന്യൂജഴ്സി സംസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെയും രോഗവ്യാപന തോത് കുറഞ്ഞിരിക്കുന്നുവെന്ന പ്രാഥമിക റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ന്യൂജേഴ്സിയിലെ ഗവര്‍ണര്‍ ഫിലിപ്പ് ഡി. മര്‍ഫി വെള്ളിയാഴ്ച കൊറോണ വൈറസില്‍ നിന്ന് 311 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ വ്യാഴാഴ്ച ഇവിടെ 460 മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതുമായി താരതമ്യപ്പെടുത്തിയാല്‍ മരണതോത് കുറഞ്ഞു. ന്യൂജേഴ്സി സംസ്ഥാനവും കൗണ്ടി പാര്‍ക്കുകളും ശനിയാഴ്ച വീണ്ടും തുറക്കാനിരിക്കെയാണ് മര്‍ഫിയുടെ മരണത്തെക്കുറിച്ചുള്ള അറിയിപ്പ്. വിപുലമായ സാമൂഹിക അകലം പാലിക്കുന്ന ഗോള്‍ഫ് കോഴ്സുകളും ഇന്നു തുറക്കും.
"
https://www.facebook.com/Malayalivartha























