രക്തക്കുഴലുകള്‍ ചീര്‍ത്ത് ഹൃദ്രോഗമാകുന്നു ;കണക്കുകൂട്ടലുകൾ തെറ്റിച്ച് പുതിയ ലക്ഷണങ്ങൾ ' മരിച്ചതെല്ലാം പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികൾ

രക്തക്കുഴലുകള്‍ ചീര്‍ക്കുകയും അത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുന്ന പുതിയ തരം രോഗ ലക്ഷണം. കൊറോണ വൈറസ് ബാധയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പുതിയ രോഗം ബാധിച്ച് ന്യൂയോര്‍ക്കില്‍ മൂന്നു കുട്ടികള്‍ മരിച്ചതായാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളാണ് മരിച്ചത്. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
രക്തക്കുഴലുകള്‍ ചീര്‍ക്കുകയും അത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുന്ന അസുഖത്തെ 'ഒരു പുതിയ രോഗം' എന്നാണ് ഗവര്‍ണര്‍ വിശേഷിപ്പിച്ചതെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്ക് സംസ്ഥാനത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സമാനമായ 75 കേസുകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ്-19ന്റെ സാധാരണ ലക്ഷണങ്ങളൊന്നും കുട്ടികളില്‍ പലരും കാണിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനകളില്‍ പോസിറ്റീവ് ആകുകയോ കോവിഡുമായി ബന്ധപ്പെട്ട ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തുകയോ ചെയ്തിരുന്നു.
മുമ്പ് കരുതിയിരുന്നതില്‍നിന്ന് വ്യത്യസ്തമായി പ്രായം കുറഞ്ഞവരെയും കോവിഡ് ഗുരുതരമായി ബാധിക്കുമെന്നാണ് ഈ മൂന്നുമരണങ്ങളും സൂചിപ്പിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഈ അപൂര്‍വ്വ രോഗത്തിന് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ മാത്രം 73 കുട്ടികളാണ് ചികിത്സ തേടിയത്. കുട്ടികളില്‍ മാത്രം കണ്ടുവരുന്ന ഈ രോഗത്തെ കുറിച്ച് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. കോവിഡ് രോഗലക്ഷണങ്ങള്‍ക്ക് പുറമേ രക്തക്കുഴലുകള്‍ക്ക് നീരും ചുവന്ന തടിപ്പും അനുഭവപ്പെടുന്ന കാവസാക്കി രോഗം, തുടര്‍ച്ചയായ പനി, വയറു സംബന്ധമായ അസുഖം, ഹൃദയ സംബന്ധമായ അസുഖം എന്നിങ്ങനെ വിവിധ രോഗങ്ങളുടെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന അപൂര്‍വ്വ രോഗമാണ് കുട്ടികളില്‍ കണ്ടുവരുന്നത്. 21 വയസ്സില്‍ താഴെയുളള കുട്ടികളില്‍ ഈ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
പരിശോധന നടത്തി കൊറോണ വൈറസ് ബാധ ഉണ്ടോയെന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് ആരോഗ്യവിദഗ്ധര്‍. അപൂര്‍വ്വ രോഗത്തിന്റെ പിടിയില്‍പ്പെട്ട ഈ 73 കുട്ടികളില്‍ എല്ലാവരിലും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കയിലെ മറ്റൊരു പ്രധാനപ്പെട്ട സ്ഥലമായ മാന്‍ഹട്ടണിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞാഴ്ച ഏഴു വയസുകാരനാണ് ഇവിടെ മരിച്ചത്. ബ്രിട്ടണിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും സമാനമായ സംഭവങ്ങള്‍ റിപ്പോട്ട് ചെയ്തിട്ടുണ്ട്.
കുട്ടികളെ കോവിഡ് കാര്യമായി ബാധിക്കില്ല എന്ന കണക്കുകൂട്ടലുകളെ തെറ്റിക്കുന്നതാണ് ഈ രോഗലക്ഷണങ്ങള്‍. രക്ഷിതാക്കള്‍ക്ക് ദുഃസ്വപ്‌നമായി ഇത് മാറിയിരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പറഞ്ഞു. ചൊവ്വാഴ്ച മാത്രം ഈ രോഗലക്ഷണങ്ങളോടെ 15 കുട്ടികളെയാണ് ന്യൂയോര്‍ക്കില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ നാലുപേരുടെ പരിശോധനാഫലം പോസിറ്റീവാണ്. ആറുപേരില്‍ ആന്റിബോഡി കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.
https://www.facebook.com/Malayalivartha