ദക്ഷിണ കൊറിയ: നൈറ്റ് ക്ലബുകളില്‍ നിന്നും രണ്ടാം വ്യാപനം, രാത്രികാല വിനോദപരിപാടികളെല്ലാം നിര്‍ത്തിവക്കുന്നു

ദക്ഷിണ കൊറിയയില്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങളില്‍ അധികൃതര്‍ ഇളവു വരുത്താന്‍ തുടങ്ങിയതോടെ കൊറോണ വൈറസിന്റെ രണ്ടാം വരവിന്റെ ഭീഷണിയിലായി രാജ്യം. കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ലെന്നും ഏതു സമയത്തും വൈറസ് പടര്‍ന്നു പിടിക്കാമെന്നാണു പുതിയ ക്ലസ്റ്റര്‍ കാണിക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഞായറാഴ്ചയാണ് ദക്ഷിണ കൊറിയന്‍ ഭരണകൂടം ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയത്. ഈ വര്‍ഷം അവസാനം കോവിഡിന്റെ രണ്ടാം വരവ് പ്രതീക്ഷിക്കാമെന്നാണു ഭരണകൂടം നല്‍കുന്ന മുന്നറിയിപ്പ് പറയുന്നത്.
സുദീര്‍ഘമായ ഒരു യുദ്ധത്തിലാണ് നമ്മള്‍, പ്രശ്‌നങ്ങള്‍ മാറി സാധാരണ നിലയിലാകുന്നതുവരെ എല്ലാവരും സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്നും പ്രസിഡന്റ് വ്യക്തമാക്കി. മഹാവ്യാധിയെ പ്രതിരോധിക്കുന്നതില്‍ യാതൊരു കുറവുമുണ്ടാകില്ലെന്നു മൂണ്‍ ജേ ഇന്‍ അവകാശപ്പെട്ടു. 34 പുതിയ കോവിഡ് കേസുകളാണ് ദക്ഷിണകൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 9 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ രോഗികള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായത് ഇപ്പോഴാണ്.
സോളിലെ നൈറ്റ് ക്ലബുകളെ ചുറ്റിപ്പറ്റിയാണു പുതിയ രോഗബാധ ഉണ്ടാകുന്നതെന്നാണു വിവരം. കഴിഞ്ഞ ആഴ്ച, 20 വയസ്സ് പിന്നിട്ട ഒരു യുവാവ് നൈറ്റ് ക്ലബുകള്‍ സന്ദര്‍ശിച്ചിരുന്നു. ഇയാള്‍ക്ക് പിന്നീട് രോഗം സ്ഥിരീകരിച്ചു. പുതുതായി ഉണ്ടായ 26 കേസുകളില്‍ 24-ലും രോഗം ബാധിച്ചത് ഈ യുവാവില്‍നിന്നാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ ക്ലബുകള്‍ സന്ദര്‍ശിച്ച 1,900 ത്തോളം പേരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് കെസിഡിസി (കൊറിയ സെന്റഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, പ്രിവന്‍ഷന്‍) അറിയിച്ചു. ഇത് 7,000 വരെയാകാമെന്നാണു കണക്ക്.
കഴിഞ്ഞ ആഴ്ച ക്ലബുകളിലെത്തിയ ആളുകള്‍ 14 ദിവസം സ്വയം ക്വാറന്റീനില്‍ പോകണമെന്നും രോഗപരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട് കൊറിയന്‍ തലസ്ഥാനത്തിലേതുള്‍പ്പെടെയുള്ള രാത്രികാല വിനോദപരിപാടികളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. 256 പേരാണ് രാജ്യത്ത് കോവിഡ് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്.
കോവിഡ് രോഗം വ്യാപിക്കുന്നതിനെ വ്യാപകമായ പരിശോധന, കോണ്‍ടാക്ട് ട്രേസിങ്, ട്രാക്കിങ് ആപ് എന്നിവ ഉപയോഗിച്ച് ദക്ഷിണ കൊറിയ പ്രതിരോധിച്ചിരുന്നു. ഇതേ തുടര്‍ന്നു ദൈര്‍ഘ്യമേറിയ ലോക്ഡൗണോ, നിയന്ത്രണങ്ങളോ കൊറിയയ്ക്ക് ആവശ്യമുണ്ടായിരുന്നില്ല. കഴിഞ്ഞ ആഴ്ചകളില്‍ പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം പത്തില്‍ താഴെ മാത്രമായിരുന്നു. സമ്പര്‍ക്കം മൂലം രോഗം ബാധിക്കുന്നവരുടെ എണ്ണവും വളരെ കുറവ്. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ ഉടനെ തന്നെ പുതിയ കേസുകളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും തുറക്കുന്നതിനും സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു.
സോളിനു സമീപത്ത് 12 മില്യന്‍ ജനങ്ങള്‍ താമസിക്കുന്ന ഗ്യോങ്ഗി പ്രവിശ്യയിലെ 5,700 വിനോദ സഥാപനങ്ങള്‍ രണ്ടാഴ്ചത്തേക്കു പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശമുണ്ട്. 10,874 പേര്‍ക്കാണ് ദക്ഷിണ കൊറിയയില്‍ ഇതുവരെ കോവിഡ് രോഗം ബാധിച്ചത്. 256 പേര്‍ മരിച്ചപ്പോള്‍ 9,610 പേര്‍ രോഗമുക്തരായി.
പ്രസിഡന്റിന്റെ മുന്നറിയിപ്പെത്തിയതോടെ സോളിലെ ക്ലബുകളും ബാറുകളും അടച്ചുപൂട്ടി. അശ്രദ്ധ കാരണം വൈറസ് ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരാന്‍ ഇടയാക്കുമെന്ന് സോള്‍ മേയര്‍ പാര്‍ക് വോണ്‍ സുന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha