ട്രംപ് വേറെ ലെവലാണ്... 'ലോകാരോഗ്യ സംഘടനയുടെ പേരു പോലും കൊറോണ പ്രമേയത്തില്‍ പാടില്ലെന്ന് യു എസ് ; യുഎന്‍ രക്ഷാസമിതിയില്‍ അമേരിക്കയും ചൈനയും തമ്മില്‍ വാക്‌പോര് ; യഥാര്‍ഥ പ്രതിസന്ധികളില്‍ നിന്ന് വഴിമാറുന്നുവെന്നു യു എന്‍ രക്ഷാസമിതി അംഗങ്ങള്‍

യുഎന്‍ രക്ഷാസമിതിയുടെ കൊറോണ പ്രമേയത്തില്‍ ലോകാരോഗ്യ സംഘടനയുടെ പേരു പോലും പാടില്ലെന്ന കടുത്ത നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്ക. ഇതിനെതിരെ ചൈനയും രംഗത്തെത്തിയതോടെ ആഗോളതലത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനും കൊറോണ പ്രതിരോധത്തിനും തയാറാക്കിയ പ്രമേയം എങ്ങുമെത്താതെ അവശേഷിക്കുകയാണ്.
ചൈനയോട് കൂടുതല്‍ പ്രതിപത്തി പുലര്‍ത്തുന്ന ലോകാരോഗ്യ സംഘടനയുടെ പേരു പോലും പ്രമേയത്തില്‍ പരാമര്‍ശിക്കരുതെന്നും പകരം യുഎന്‍ ആരോഗ്യ ഏജന്‍സി എന്നു വിശേഷിപ്പിക്കണമെന്നുമാണ് അമേരിക്കയുടെ നിലപാട്. എന്നാല്‍ അമേരിക്കയുടെ ഈ നിലപാടിനെ എതിര്‍ത്ത ചൈന, കൊറോണ പോരാട്ടത്തിലെ ലോകാരോഗ്യ സംഘടനയുടെ പരിശ്രമങ്ങള്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദം ചെലുത്തുകയാണ്.
ലോകാരോഗ്യ സംഘടനയെ കുറിച്ച് പരാമര്‍ശിക്കണമെന്ന ചൈനയുടെ ആവശ്യം അമേരിക്ക തള്ളിയതോടെ യുഎന്‍ രക്ഷാസമിതി അംഗങ്ങള്‍ ആറ് ആഴ്ചത്തെ ശ്രമഫലമായി തയാറാക്കിയ പ്രമേയം വെള്ളിയാഴ്ചയും വോട്ടിനിടാനായില്ല. കഴിഞ്ഞ മാസം ലോകരോഗ്യ സംഘടനയ്ക്ക് ഫണ്ടുകള്‍ നല്‍കില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
ഈ സംഭവ വികാസങ്ങളെ തുടര്‍ന്ന് യഥാര്‍ഥ പ്രതിസന്ധികളില്‍ നിന്ന് ചര്‍ച്ചകള്‍ വഴിമാറി ചൈന-അമേരിക്ക കലഹത്തിലേക്ക് ശ്രദ്ധ മാറിയെന്ന ആരോപണവുമായി യുഎന്‍ രക്ഷാസമിതിയിലെ മറ്റ് അംഗങ്ങള്‍ രംഗത്തെത്തി.. ആഗോള വെടിനിര്‍ത്തലിനു പകരം കൊറോണ വിഷയത്തില്‍ രാജ്യങ്ങളുടെ ഭാഗത്തു നിന്ന് കൂടുതല്‍ സുതാര്യതയുള്ള പ്രമേയമാണ് അമേരിക്ക ആവശ്യപ്പെടുന്നതെന്ന് യുഎസ് വിദേശകാര്യ വക്താക്കളിലൊരാള്‍ പറഞ്ഞു.
സ്ഥിരാംഗങ്ങളായ യുഎസും ചൈനയും തമ്മിലുള്ള പടലപിണക്കം കോവിഡിനെതിരായ പോരാട്ടത്തില്‍ യുഎന്‍ രക്ഷാസമിതിയെയും ലോകാരോഗ്യ സംഘടനയേയും (ഡബ്യുഎച്ച്ഒ) പിന്നോട്ടു വലിക്കുന്നതായി നേരത്തെ തന്നെ രാജ്യാന്തര മാധ്യമങ്ങളും വിമര്‍ശനം ഉന്നയിച്ചിരുന്നു..
കോവിഡിനെ രാഷ്ട്രീയവത്കരിക്കരുതെന്ന് പറയുന്ന ചൈനയും മറുഭാഗത്ത് യുഎന്‍ രക്ഷാസമിതി, ലോകാരോഗ്യ സംഘടന എന്നീ പൊതുവേദികളെ സ്വന്തം ചട്ടുകമായാണ് ഉപയോഗിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അമേരിക്ക കൈവിട്ട ലോകാരോഗ്യ സംഘടനയ്ക്കു കൊറോണ പ്രതിരോധത്തിനായി 30 ദശലക്ഷം ഡോളര്‍ (ഏകദേശം 220 കോടി രൂപ) ചൈന അനുവദിച്ചിരുന്നു. കൊറോണയെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിലുണ്ടായ പോരിന്റെ ഭാഗം കൂടിയായിരുന്നു ഇത്. ചൈനയിലെ ഒരു ലാബില്‍നിന്നാണ് കൊറോണ വൈറസ് പടര്‍ന്നതെന്ന വാദം അംഗീകരിക്കാന്‍ ലോകാരോഗ്യ സംഘടന തയാറാകാത്തതായിരുന്നു ട്രംപിനെ പ്രകോപിപ്പിച്ചതെന്നതും അതെ കാരണം തന്നെയാണ് ചൈനയുടെ ഈ സഹായത്തിനു പിന്നിലെന്നും ആദ്യം തന്നെ ആരോപണവും ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha