കോറോണയെ തുരത്താൻ പുതിയ വഴി; ലോക ശ്രദ്ധ നേടി വിന്റർ’ ലാമ എന്ന അത്ഭുത മൃഗം!

ലോകത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് കോവിഡ് -19 പടർന്നു പിടിക്കുകയാണ്. ലോകരാജ്യങ്ങളാകട്ടെ ഈ കൊലയാളിവൈറസിനെ തുരത്താനായുള്ള പ്രതിരോധ മറന്നോ വാക്‌സിനോ കണ്ടെത്താനുള്ള ശ്രമത്തിലും. പ്ലാസ്മ ചികിത്സ, വാക്സിൻ , ഹൈഡ്രോക്സിക്ളോറോക്വിൻ തുടങ്ങി നിരവധി പരീക്ഷണഘട്ടത്തിലാണ് ലോകം. ഈ സമയത്ത് ലോക ശ്രദ്ധ നേടിയിരിക്കുകയാണ് വിന്റർ’ ലാമ എന്ന അത്ഭുത മൃഗം.
വിന്റർ’ ലാമ കാഴ്ചയിൽ ഒട്ടകത്തെപ്പോലെയാണ് ,എന്നാൽ ഇതിന്റെ മുതുകിൽ മുഴയില്ല. പെൺ ലാമയാണ് വിന്റർ . തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന ലാമ എന്ന മൃഗം മനുഷ്യരോട് ഏറെ ഇണങ്ങി ജീവിക്കുന്നവയാണ്. പണ്ടുകാലം തൊട്ടേ, ഭാരം കയറ്റിക്കൊണ്ടു പോകുന്നതിനും ഇറച്ചിക്കും രോമത്തിനും മറ്റുമായി അമേരിക്കക്കാർ വളർത്തി വരുന്ന ഒരു മൃഗമാണിത്.എന്നാൽ ഇപ്പോൾ ലോകം മുഴുവൻ പടർന്നിരിക്കുന്ന കോവിഡ് രോഗത്തിനുള്ള മരുന്നിനും ഈ മൃഗത്തെ ആശ്രയിക്കാനിരിക്കുകയാണു ഗവേഷകർ. യുഎസ്–ബെൽജിയൻ ഗവേഷകരാണ് ‘വിന്റർ’ എന്നു പേരിട്ട ലാമയിൽനിന്നുള്ള ആന്റിബോഡി ഉപയോഗിച്ച് കോവിഡിനെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്. വിന്ററിനെപ്പോലുള്ള ലാമകളിൽ വൈദ്യശാസ്ത്രത്തിന് ഇത്രക്ക് താത്പര്യം തോന്നാനുള്ള കാരണം അവയുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു വിശേഷയിനം ആന്റിബോഡി ആണ്. പ്രാഥമികമായ ലബോറട്ടറി ടെസ്റ്റുകൾ ഇവയ്ക്ക് കൊവിഡിനെതിരായുള്ള പോരാട്ടത്തിൽ കാര്യമായ പങ്കുവഹിക്കാനാകും എന്നതിനെപ്പറ്റിയുള്ള ശുഭപ്രതീക്ഷകളാണ് നൽകുന്നത്.
വൈറസുകൾ ശരീരത്തെ ആക്രമിക്കുമ്പോൾ നമ്മുടെ പ്രതിരോധ സംവിധാനം സ്വാഭാവികമായും രക്തത്തിലൂടെ പുറത്തുവിടുന്നതാണ് ആന്റിബോഡി. ഇവയ്ക്ക് വൈറസുകളെ ‘പിടികൂടി’ അവ പെരുകുന്നതു തടയാനുള്ള ശേഷിയുണ്ട്. ആന്റിബോഡി ഉൽപാദനത്തിനു വേണ്ടിയാണ് പലതരത്തിലുള്ള വാക്സിനേഷനുകളും മനുഷ്യരിൽ നടത്തുന്നത്. പലപ്പോഴും ശക്തികുറഞ്ഞ വൈറസുകളെത്തന്നെയാണ് സ്വാഭാവിക ആന്റിബോഡി ഉൽപാദനത്തിനു മനുഷ്യശരീരത്തിൽ കുത്തിവയ്ക്കുന്നത്. ലാമയിലും ഗവേഷകർ പ്രയോഗിച്ചത് ഈ തന്ത്രമായിരുന്നു. നാലു വർഷത്തോളമായി സംഘം ഗവേഷണം തുടരുന്നു.
2 003ൽ ലോകത്തെ വിറപ്പിച്ച സാർസ് കോവ് 1 ഇനത്തിൽപ്പെട്ട കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്നായിരുന്നു ലക്ഷ്യം. അതിന്റെതന്നെ മറ്റൊരു വകഭേദമായ മെർസ് വൈറസിലും ഗവേഷകർ പരീക്ഷണം നടത്തിയിരുന്നു. 2012ലാണ് മെർസ് മധ്യപൗരസ്ത്യ ദേശത്തു പടർന്നത്. 2016ൽ പഠനം ആരംഭിച്ച് മുന്നേറുന്നതിനിടെയായിരുന്നു മൂന്നാമത്തെ ഇനം പുതിയ കൊറോണ വൈറസിന്റെ വരവ്. സാർസ് കോവ് 1നോട് ഏറെ സാമ്യമുണ്ട് പുതിയ വൈറസായ സാർസ് കോവ് 2ന്. അതിനാൽത്തന്നെ ആ വഴിക്കാണ് ഗവേഷകരുടെ നീക്കം. സാർസിന്റെയും മെർസിന്റെയും ശക്തി കുറഞ്ഞ വൈറസുകളെ ലാമയിൽ കുത്തിവച്ചായിരുന്നു തുടക്കം. പിന്നീട് ലാമയുടെ രക്തം പരിശോധിച്ചു.
വിന്ററിന്റെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്ത നാനോ ബോഡീസ്, വളരെ ഉത്കൃഷ്ടമായ നിലവാരമുള്ളവയാണ് എന്നാണ് ഗവേഷകരുടെ അഭിപ്രായം. അതുപയോഗിച്ച് കൊറോണ വൈറസിനെതിരെ പോരാടാനുള്ള ആന്റിബോഡി ഉത്പാദിപ്പിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണവർ. കൊറോണയ്ക്കെതിരായ ഒരു വാക്സിൻ വരാൻ ഇനിയും വൈകിയേക്കാം എന്ന സാഹചര്യത്തിൽ ആന്റിബോഡി ചികിത്സ അടക്കം എല്ലാ സാധ്യതകളും പരിശോധിക്കുകയാണ് ശാസ്ത്രലോകം.
മനുഷ്യശരീരം ഒരിനം ആന്റിബോഡി മാത്രമാണു പുറപ്പെടുവിക്കുക. എന്നാൽ ലാമകളിൽ അത് രണ്ടിനമാണ്. ആദ്യത്തേത് മനുഷ്യരിലെ ആന്റിബോഡിക്ക് സമാനമാണ്– സ്റ്റാന്റേഡ് ആന്റിബോഡി. എന്നാൽ ഇവയേക്കാളും 25% വരെ വലുപ്പം കുറഞ്ഞതാണ് രണ്ടാം വിഭാഗം– സ്മോളർ ആന്റിബോഡി. അതിനാൽത്തന്നെ ഇവയ്ക്ക് വൈറസുകളിലെ അതിസൂക്ഷ്മ പ്രോട്ടീൻമുനകളെ വരെ പിടികൂടി കോശങ്ങളെ ആക്രമിക്കാൻ അനുവദിക്കാതെ നശിപ്പിക്കാനാകും. ലാമയും ഒട്ടകക്കുടുംബത്തിൽപ്പെട്ട മറ്റു മൃഗങ്ങളും സ്റ്റാന്റേഡ് ആന്റിബോഡികളും സ്മോളർ ആന്റിബോഡികളും ഉൽപാദിപ്പിക്കുന്നവയില്‍ മിടുക്കരാണ്. ഈ ആന്റിബോഡികളാകട്ടെ ഗവേഷകർക്കു പരിശോധിക്കാൻ ഏറെ എളുപ്പമുള്ളതും. അങ്ങനെയാണ് സ്മോളർ ആന്റിബോഡിയുടെ ഒരു ഭാഗം ഗവേഷകർ തിരിച്ചറിഞ്ഞത്– നാനോബോഡീസ് എന്നായിരുന്നു അതിനു പേര്.
ആന്റിബോഡിയുടെ മറ്റു ഭാഗങ്ങളേക്കാൾ നാനോബോഡി. വൈറസുകളെ പെരുകാൻ അനുവദിക്കാത്ത വിധം ‘പ്രവർത്തിക്കുന്നതായി ’ ഗവേഷകർ കണ്ടെത്തി. സാർസ് കോവ് 1നും 2നും ശരീരത്തിൽ ഉയർന്നുനിൽക്കുന്ന പ്രോട്ടീൻ മുനകളുണ്ട്. അവ ഉപയോഗിച്ചാണ് മനുഷ്യ ശരീര കോശങ്ങളുമായി ‘ബന്ധമുണ്ടാക്കി’ വൈറസ് അതിക്രമിച്ചു കയറുന്നത്. ഇതു തടയാൻ ലാമയിൽനിന്നുള്ള നാനോബോഡികൾക്കു സാധിക്കുമെന്നാണു കണ്ടെത്തൽ. ലാമകളിലെ ഇത്തരം ആന്റിബോഡി കൃത്രിമമായി നിർമിച്ചെടുക്കാൻ എളുപ്പമാണെന്നും ഗവേഷകർ പറയുന്നു. മൃഗങ്ങളിലെ പരീക്ഷണം കഴിഞ്ഞാൽ ഈ വർഷം അവസാനത്തോടെ മനുഷ്യരിലെ മരുന്നു പരീക്ഷണത്തിനാണു ഗവേഷകരുടെ നീക്കം. ഇതിനായി വിവിധ മരുന്നു കമ്പനികളുമായി ചർച്ച തുടരുകയാണ്. നേരത്തേ എച്ച്ഐവി, ഇൻഫ്ലുവൻസ വൈറസുകൾക്കു നേരെയും ലാമയുടെ ശരീരത്തിൽനിന്നുള്ള ആന്റിബോഡി പരീക്ഷണം വിജയം കണ്ടിരുന്നു.
സെൽ' എന്ന ശാസ്ത്രമാസികയിൽ കഴിഞ്ഞ ചൊവ്വാഴ്ച പ്രസിദ്ധപ്പെടുത്തിയ ഒരു പഠനത്തിൽ അന്താരാഷ്ട്രതലത്തിലുള്ള ഗവേഷകർ അവകാശപ്പെടുന്നത് ഈ ലാമയുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സൂക്ഷ്മമായ ആന്റിബോഡികൾ ( petite antibodies) മറ്റ് ചില ആന്റിബോഡികളുടെ ഉത്പാദനത്തിനായി പ്രയോജനപ്പെടുത്താൻ സാധിക്കുന്നുണ്ട് എന്നാണ്. അമേരിക്കയിലെ ഓസ്റ്റിനിലുള്ള ടെക്സസ് സർവകലാശാലയിലെയും, ബെൽജിയത്തിലെ ഘെന്റ് സർവകലാശാലയിലെയും ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിൽ ഈ സവിശേഷ ആന്റി ബോഡിക്ക് നോവൽ കൊറോണ വൈറസിന്റെ (SarsCov2 ) ഉപരിതലത്തിലുള്ള സ്പൈക്കി പ്രോട്ടീനുകളിൽ പറ്റിപ്പിടിച്ച് അവയുടെ ദോഷഫലങ്ങൾ ഇല്ലാതാക്കാൻ ശേഷിയുണ്ടെന്നു കണ്ടെത്തിയതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു . ലബോറട്ടറി അന്തരീക്ഷത്തിൽ നടത്തപ്പെട്ട ഈ പഠനങ്ങൾ പ്രാഥമിക തലത്തിലുള്ളവ മാത്രമാണ് എങ്കിലും, ഇവ മൃഗങ്ങളിലും മനുഷ്യരിലും ഇതേ ഫലങ്ങൾ ആവർത്തിക്കുന്നു എങ്കിൽ ഒരു പക്ഷേ, കോവിഡിനോടുള്ള പോരാട്ടത്തിൽ ഏറെ നിർണായകമായ പങ്കിവഹിക്കുക വിന്റർ എന്നുപേരായ ഈ വിചിത്രമൃഗമായേക്കും.
https://www.facebook.com/Malayalivartha