റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നാവല്‍നി ഏതുനിമിഷവും മരിച്ചേക്കുമെന്ന് ഡോക്ടര്‍മാര്‍; നാവല്‍നിയെ ചികിത്സിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യമുയരുന്നു

റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനുമായ അലക്സി നാവല്‍നി ഏതുനിമിഷവും മരിച്ചേക്കുമെന്ന് ഡോക്ടര്‍മാര്‍. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും മികച്ച ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് മാര്‍ച്ച് 31നാണ് നാവല്‍നി നിരാഹാര സമരം ആരംഭിച്ചത്.
അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ പെട്ടെന്നു ക്ഷയിക്കുകയാണെന്നും മികച്ച ചികിത്സ ലഭിച്ചില്ലെങ്കില്‍ ഏതുനിമിഷവും മരിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. നാവല്‍നിയുടെ സ്വകാര്യ ഡോക്ടര്‍ അനസ്റ്റേസിയ വാസില്യേവയും ഹൃദ്രോഗ വിദഗ്ധനായ യാരോസ്ലാവ് അഷിഖ്മിനുള്പ്പെടെയുള്ള മൂന്ന് ഡോക്ടര്‍മാര്‍ക്കും എത്രയുംപെട്ടെന്ന് നാവല്‍നിയെ ചികിത്സിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്.
'ഞങ്ങളുടെ രോഗി ഏതുനിമിഷവും മരിച്ചേക്കാം' എന്നാണ് അഷിഖ്മിന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്. നാവല്‍നിയുടെ ശരീരത്തില്‍ പൊട്ടാസ്യത്തിെന്റ അളവു കൂടുതലാണെന്നും അദ്ദേഹത്തെ എത്രയും വേഗം ഐ.സി.യുവിലേക്കു മാറ്റണമെന്നും സമൂഹമാധ്യമ കുറിപ്പില്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് മാരക വിഷവസ്തുവായ നൊവിചോക്ക് നാവല്‍നിക്കെതിരെ പ്രയോഗിക്കുന്നത്. പുടിനാണ് തനിക്കെതിരായ ആക്രമണത്തിനു പിന്നിലെന്ന നിലപാടാണ് നാവല്നിക്കും സഹപ്രവര്‍ത്തകര്‍ക്കും. ജര്‍മനിയില്‍ ചികിത്സയിലായിരുന്ന നാവല്‍നി ജനുവരി 17നാണ് രാജ്യത്ത് മടങ്ങിയെത്തിയത്.
https://www.facebook.com/Malayalivartha


























