ഫാര്‍മസ്യുട്ടിക്കല്‍ ഭീമനെ കോടതികയറ്റാനൊരുങ്ങി ബ്രസ്സല്‍സ്; വാക്‌സിന്‍ വിതരണത്തില്‍ അമിത വാഗ്ദാനം നല്‍കിയെന്ന യൂറോപ്യന്‍ യൂണിയന്റെ വാദത്തെ നിഷേധിച്ച് ആസ്ട്ര സെനിക്ക മേധാവി

കൊവിഡ് വാക്സിന്‍ ഏറ്റവുമധികം വിതരണം ചെയ്തു വരുന്ന ഫാര്‍മസ്യുട്ടിക്കല്‍ ഭീമന്‍ ആസ്ട്ര സെനിക്കയെ കോടതി കയറ്റാനൊരുങ്ങുകയാണ് ബ്രസ്സല്‍സ്. കരാറില്‍ വാഗ്ദാനം ചെയ്തതു പ്രകാരം വാക്സിന്‍ വിതരണം നടത്തിയിട്ടില്ലെന്ന് യൂറോപ്യന്‍ യൂണിയനും ആരോപിക്കുന്നു.
മരുന്ന് വിതരണം ചെയ്യുന്നതിലുള്ള ഈ വീഴ്ച യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രതിരോധ കുത്തിവയ്‌പ്പ് നടത്തുന്നതിനെ സാരമായി ബാധിച്ചതിനാല്‍ കമ്പനിക്കെതിരെ നിയമനടപടികള്‍ എടുത്തിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍.
എന്നാല്‍, ഈ ആരോപണത്തെ അപ്പാടെ നിഷേധിക്കുകയാണ് ആംഗ്ലോ-സ്വീഡിഷ് കമ്പനി മേധാവി പാസ്കല്‍ സോറിയോട്ട്. കമ്പനി എല്ലായ്പ്പോഴും സുതാര്യത നില നിര്‍ത്തിയിട്ടുണ്ടെന്നും പറ്റാവുന്നതിന്റെ പരമാവധി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കലും കമ്പനി അമിത വാഗ്ദാനം നല്‍കിയിട്ടില്ല. മുന്നേക്കൂട്ടി തിട്ടപ്പെടുത്തിയ മരുന്നിന്റെ കണക്കുകള്‍ അറിയിക്കുക മാത്രമാണ് ചെയ്തത്.
പ്രതിഫലേച്ഛയില്ലാതെ നിര്‍മ്മിച്ച മുന്‍നിര പ്രതിരോധ മരുന്നായിട്ടു കൂടി ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നായി നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയുള്‍പ്പടെയുള്ള വികസ്വര രാജ്യങ്ങളില്‍ വാക്സിനേഷന്‍ നടത്തുക എന്ന ഉദ്യമത്തിന്റെ ഭാഗമായി നല്ലൊരു ശതമാനം മരുന്ന് അത്തരം രാജ്യങ്ങളിലേക്ക് വിതരണം ചെയ്യുന്നുണ്ടെന്നും നിര്‍മ്മാണത്തിന്റെ 90 ശതമാനവും, കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന ഇന്ത്യയിലേക്ക് നല്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























