കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യക്ക് അടിയന്തര മെഡിക്കല്‍ സഹായമെത്തിക്കാൻ ഖത്തറും ഫ്രാന്‍സും; ഇന്ത്യക്ക് 40 മെട്രിക് ടണ്‍ ഓക്സിജനെത്തും

കൊവിഡ് പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഇന്ത്യക്ക് വീണ്ടും ഖത്തറില്‍ നിന്ന് സഹായം. ഇന്ത്യയിലേക്ക് അടിയന്തര മെഡിക്കല്‍ സഹായമെത്തിക്കുന്നതിനായി ഖത്തറും ഫ്രാന്‍സുമാണ് ഒരുമിച്ചത്. 40 മെട്രിക് ടണ്‍ ഓക്സിജനാണ് ഇത്തരത്തില്‍ ഇന്ത്യയിലേക്ക് അയക്കുന്നത്.
ഖത്തറിലെ ഫ്രഞ്ച് അംബാസഡറുടെ പരിശ്രമഫലമായി ഫ്രാന്‍സാണ് ഓക്സിജന്‍ നിറക്കാനായുള്ള രണ്ട് ക്രയോജനിക് ടാങ്കറുകള്‍ സംഭാവന ചെയ്തത്. ഇതിനായുള്ള ഓക്സിജന്‍ നല്‍കിയത് ഖത്തര്‍ വിദേശകാര്യമന്ത്രാലയവുമാണ്.
ടാങ്കറുകള്‍ ഇന്ത്യയിലേക്കെത്തിക്കുന്നതിനായി ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ് ത്രികാന്ത് കപ്പല്‍ ബുധനാഴ്ച രാത്രിയോടെ തന്നെ ദോഹയിലെത്തിയിരുന്നു.
ടാങ്കറുകള്‍ കപ്പലിലേക്ക് മാറ്റുന്ന ജോലികളും ബുധനാഴ്ച രാത്രി തന്നെ പൂര്‍ത്തിയായി. വ്യാഴാഴ്ച രാവിലെ കപ്പല്‍ ദോഹയില്‍ നിന്ന് യാത്ര തിരിക്കും. രണ്ട് ദിവസം കൊണ്ട് ഡല്‍ഹിയിലെത്തുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
ഇതിനകം നിരവധി സഹായങ്ങളാണ് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് അയച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്ന് ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളില്‍ 300 ടണ്‍ സഹായ വസ്തുക്കള്‍ അയച്ചിരുന്നു. പി.പി.ഇ കിറ്റ്,
ഓക്സിജന്‍ കണ്ടെയ്നറുകള്‍, മറ്റ് അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവക്ക് പുറമെ വ്യക്തികളും കമ്പനികളും നല്‍കിയ സഹായവും ഉള്‍പ്പെടുന്നതായിരുന്നു ഇത്.
നൂറ് ടണ്‍ വീതം മൂന്ന് വിമാനങ്ങളിലായി ഡല്‍ഹി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേയ്സിന്റെ 'വി കെയര്‍' പദ്ധതിക്ക് കീഴില്‍ ഇത് സൗജന്യമായി എത്തിച്ചത്.
മേയ് രണ്ടിന് മെഡിക്കല്‍ വസ്തുക്കള്‍ അടങ്ങിയ ചരക്കുമായി ഇന്ത്യന്‍ നാവികസേനാ കപ്പല്‍ ഐ.എന്‍.എസ് കൊല്‍ക്കത്തയും ഇന്ത്യയിലേക്ക് പോയിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്‍റ് ഫോറം (ഐസിബിഎഫ്) നേതൃത്വത്തില്‍ ശേഖരിച്ച 200 ഓക്സിന്‍ സിലിണ്ടറുകളും 43 ഓക്സിജന്‍ കണ്ടെയ്നറുകളും അടങ്ങിയതായിരുന്നു ഇത്.
ഇന്ത്യക്കായി സഹായ വസ്തുക്കള്‍ എത്തിക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നേരത്തേ ഉത്തരവിട്ടിരുന്നു.
മെഡിക്കല്‍ വസ്തുക്കള്‍ സ്വരൂപിക്കാന്‍ ഖത്തര്‍ എയര്‍വേയ്സും ഗള്‍ഫ് വെയര്‍ഹൗസിങ് കമ്പനി(ജി.ഡബ്ല്യു.സി)യും തുടങ്ങിയ സംയുക്ത പദ്ധതി പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha

























