പാലം തകർത്ത് വഴി മുടക്കി റഷ്യ ചേർന്നീവിൽ അലറി വിളിച്ച് യുക്രൈനികൾ..

യുക്രൈൻ മരണ ഭൂമിയാകുകയാണ്.റഷ്യൻ സേനയുടെയും ഉക്രൈനികളുടേയും ശരീരങ്ങൾ കൊണ്ട് നിറയുകയാണ് മരിയുപ്പോളും കീവുമെല്ലാം..നഷ്ടങ്ങൾ ഇരു കൂട്ടർക്കും ഉണ്ടായി.മരിയുപ്പോലിന്റെ അവസ്ഥ വളരെ ഭയാനകമാണ്..ഭൂമിയിൽ ഒരു നരകമുണ്ടെങ്കിൽ ഇപ്പോൾ അതു മരിയുപ്പോളാണെന്നായിരുന്നു യുക്രെയ്ൻ യുദ്ധത്തെക്കുറിച്ച് വിലയിരുത്തിയ പല വിദഗ്ധരും പറഞ്ഞിരുന്നത്.
പാശ്ചാത്യ ഹൊറർ സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ കെട്ടിടങ്ങൾ തകർന്നു കിടക്കുന്നതും അതിനിടയിൽ കുടങ്ങിയും ഷെല്ലാക്രമണത്തിന് ഇരയായും കൊല്ലപ്പെട്ട ആളുകളുടെ മൃതശരീരങ്ങളുമെല്ലാം യുക്രെയ്ന്റെ തെക്കൻ നഗരമായ മരിയുപ്പോളിനെ ഒരു പ്രേതനഗരം പോലെയാക്കി.
ലോകമെമ്പാടുനിന്നും ഈ നഗരത്തിനായി പ്രാർഥനകളുയർന്നു.മരിയുപ്പോളിന്റെ ഗതി തങ്ങൾക്കും സംഭവിക്കുമോയെന്ന പേടിയിലാണു യുക്രെയ്ന്റെ വടക്കൻ നഗരമായ ചേർണീവ്. സ്ഥിതിഗതികൾ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ് ഇവിടെ.
ചേർണീവിനെ റഷ്യൻ സൈനികർ ചുറ്റിവളഞ്ഞിരിക്കുകയാണെന്ന് യുക്രെയ്ൻ അധികൃതർ പറയുന്നു. ആളുകൾ വൈദ്യുതിയും വെള്ളവും ഭക്ഷണവുമില്ലാതെ നഗരത്തിൽ കുടുങ്ങിയിരിക്കുകയാണ്. ഫെബ്രുവരി 24 മുതൽ നഗരം വളയാനായി റഷ്യ വലിയ ശ്രമങ്ങൾ നടത്തിവരികയാണ്. ഇപ്പോഴാണ് അവർ ഏകദേശം അതിന്റെ പൂർത്തീകരണത്തിലേക്കെത്തുന്നത്.
ചേർണീവിലെ മേയറായ വ്ലാഡിസ്ലാവ് അട്രോഷെങ്കോ പറയുന്നതു പ്രകാരം, റഷ്യൻ സേന ചേർണീവിനെയും യുക്രെയ്ൻ തലസ്ഥാന നഗരം കീവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലം തകർത്തു. ഇതു മൂലം ആളുകൾക്ക് സഹായമെത്തിക്കാനും പരുക്കേറ്റവരെ പുറത്തെത്തിക്കാനുമുള്ള ഒരു മാർഗം കൂടിയാണ് അടഞ്ഞിരിക്കുന്നത്.
തുടരുന്ന റഷ്യൻ ആക്രമണങ്ങളിൽ നഗരത്തിന്റെ പകുതിയോളം നശിച്ച് കഴിഞ്ഞെന്ന് മേയർ അട്രോഷെങ്കോ പറയുന്നു. മൂന്നു ലക്ഷത്തോളം പേരാണ് ഇവിടെ ജീവിച്ചിരുന്നത്. ആക്രമണങ്ങളിൽ പെട്ട് 44 പേർ ഗുരുതരമായി പരുക്കേറ്റ നിലയിലാണ്. ഇവർക്ക് സഹായമെത്തിക്കാൻ യുക്രെയ്ൻ അധികൃതർക്ക് കഴിയുന്നില്ല. ഇവരിൽ 3 പേർ കുട്ടികളാണ്.
റഷ്യയുടെ കടുത്ത ആക്രമണത്തിൽ ചെർണീവിന്റെ നഗരമന്ദിരവും വിഖ്യാത തീയറ്ററായ ഷോർസ് സിനിമയും തകർന്നിരുന്നു. രണ്ടു ദിവസങ്ങൾ മുൻപ് റഷ്യ ചെർണീവിൽ നടത്തിയ ആക്രമണത്തിൽ അമോണിയ വഹിക്കുന്ന ഒരു വലിയ വാതക പൈപ്പ്‌ലൈൻ പൊട്ടിയിരുന്നു. ആശങ്ക പരന്നെങ്കിലും വലിയ കുഴപ്പങ്ങളൊന്നുമുണ്ടായില്ല.
യുക്രെയ്ന്റെ തലസ്ഥാനനഗരം കീവിന് 150 കിലോമീറ്റർ വടക്കുകിഴക്കായി ഡെസ്ന നദിക്കരയിലാണ് ചേർണീവ് സ്ഥിതി ചെയ്യുന്നത്.കീവൻ റസ് സാമ്രാജ്യ കാലയളവിൽ രണ്ടാമത്തെ പ്രൗഢനഗരമായി കരുതപ്പെട്ടിരുന്ന ചേർണീവിൽ ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ മന്ദിരങ്ങൾ, കലാകേന്ദ്രങ്ങൾ എന്നിവയെല്ലാമുണ്ട്. യുക്രെയ്നിൽ റഷ്യ, ബെലാറൂസ് അതിർത്തിക്കു സമീപമായാണു നഗരം നിൽക്കുന്നതെന്നുള്ളത് ഇതിന്റെ നയതന്ത്രപരവും പ്രതിരോധപരവുമായ പ്രാധാന്യം കൂട്ടുന്ന വസ്തുതയാണ്.
https://www.facebook.com/Malayalivartha























