സ്ത്രീകള്‍ ഒരു വീക്‌നസ്; പ്രധാനമന്ത്രിയാകും മുമ്പ് മറ്റൊരു മുഖം; അമ്മയുടെ പേരില്‍ കാന്‍സര്‍ ആശുപത്രിയുമായി ജീവകാരുണ്യ രംഗത്ത്; ഇംഗ്ലണ്ടിലെ ആ പ്ലേബോയ് പാക്ക് പ്രധാനമന്ത്രിയായ കഥ

ഡപ്രൂട്ടി സ്പീക്കറുടെ പച്ചയില്‍ ഇപ്പോഴും ഇമ്രാന്‍ ഖാന് പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ കഴിയുന്നുണ്ടെങ്കിലും. വളരെ പെട്ടെന്നു തന്നെ ആ രാജപദവി ഇമ്രാന്റെ കൈവിട്ടു പോകും എന്ന സൂചനകള്‍ പുറത്തു വന്നു കഴിഞ്ഞു.. ഇമ്രാന്റെ പതനം ഉറപ്പായതോടെ രാഷ്ട്രീയ എതിരാളികള്‍ പ്രതികാരം ചെയ്യുമെന്ന് ഭയന്ന് ഇമ്രാന്‍ ഖാന്റെ കൂട്ടാളികള്‍ രാജ്യം വിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇമ്രാന്റെ മൂന്നാം ഭാര്യ ബുഷ്ര ബീബിയുടെ ഉറ്റ സുഹൃത്തായ ഫറാ ഖാനാണ് ഏറ്റവും ഒടുവില്‍ രാജ്യംവിട്ടത്. ഇവര്‍ 32 മില്യണ്‍ ഡോളര്‍ കുംഭകോണത്തില്‍ അറസ്റ്റ് ഭയന്നാണ് രാജ്യം വിട്ടതെന്നാണ് റിപ്പോര്‍ട്ട്. ദുബായിലാണ് ഇവര്‍ ഇപ്പോഴുള്ളത്. ഫറാ ഖാന്റെ ഭര്‍ത്താവ് ജമില്‍ ഗുജ്ജാര്‍ നേരത്തേ ദുബായിലേക്ക് കടന്നിരുന്നു. പദവി ഒഴിയലിന്റെയും ചവിട്ടി പുറത്താക്കലിന്റെയും കോലാഹലങ്ങള്‍ ഇനിയും പാകിസ്ഥാനില്‍ ഉണ്ടാകാന്‍ പോകുന്നതേ ഉള്ളു. എന്തായാലും പാക്ക് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഇമ്രാന്‍ ഖാന് പുറത്തേയ്ക്കുള്ള വഴി തുറക്കുമ്പോള്‍. അദേഹത്തിന്റെ പൂര്‍വ്വ കാല ജീവിതവും ചര്‍ച്ചയാകുകയാണ്.
പഠനത്തിനായി ഓക്‌സ്ഫഡിലെത്തി ഫിലോസഫിയിലും രാഷ്ട്രമീമാംസയിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടിയ ഇമ്രാന്‍ ഇംഗ്ലണ്ട് കാലത്ത് പെണ്‍കുട്ടികളുടെ ഒരു ഹരമായിരുന്നു. പ്ലേബോയ് ഇമേജില്‍നിന്ന് പിന്നീട് ക്രിക്കറ്റിന്റെ പിച്ചിലാണ് ഇമ്രാന്‍ തിരികെ നാട്ടിലെത്തിയത്. 70കളില്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറി വൈകാതെ ടീമിന്റെ നായകനായി. 79, 83, 87 വര്‍ഷങ്ങളില്‍ മൂന്നു തവണ ലോകകിരീടം ലക്ഷ്യമിട്ടു. നേടാനായില്ല. ക്യാപ്റ്റന്‍സിയും വിട്ട് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ പോയ ഇമ്രാനെ സുള്‍ഫിക്കര്‍ അലി ഭൂട്ടോയാണ് പിടിച്ചുനിര്‍ത്തിയത്. അതേ ഇമ്രാനാണ് 1992ല്‍ ആരും പ്രതീക്ഷ കല്‍പിക്കാതിരുന്ന ചാമ്പ്യന്‍ഷിപ്പില്‍ ലോകകിരീടം ഉയര്‍ത്തിയത്. ലാഹോറില്‍ അമ്മയുടെ പേരില്‍ കാന്‍സര്‍ ആശുപത്രി സ്ഥാപിച്ചാണ് ഇമ്രാന്‍ ക്രിക്കറ്റില്‍ നിന്ന് ജീവകാര്യുണത്തിലേക്ക് എത്തിയത്. അവിടെനിന്ന് 96ലാണ് തെഹരീകെ ഇന്‍സാഫ് പാര്‍ട്ടി ഉണ്ടാക്കിയത്. പി.പി.പിയുടേയും പി.എം.എല്ലിന്റെയും ആധിപത്യം കാലത്തായിരുന്നു ഈ നീക്കം. 2002ല്‍ പാര്‍ലമെന്റ് അംഗമായി. 2013ല്‍ ദേശീയ അസംബ്ലിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു രണ്ടാമത്തെ വലിയ പാര്‍ട്ടിയായി. 2014ല്‍ വോട്ടെടുപ്പില്‍ കൃത്രിമം നടത്തിയാണ് ഷെരീഫ് ജയിച്ചതെന്ന് ആരോപിച്ച് ലാഹോറില്‍നിന്ന് ഇസ്ലാമബാദിലേക്ക് റാലി നടത്തി. 22 വര്‍ഷമായി കൊണ്ടുനടന്ന സ്വപ്‌നം. പ്രധാനമന്ത്രി പദം 2018ലാണ് ഇമ്രാന് കരഗതമായത്. ഇസ്ലാമിക ക്ഷേമരാഷ്ട്രമായിരുന്നു വാഗ്ദാനം.
42 വര്‍ഷം ബാച്ചിലറായി അടുത്ത 23 വര്‍ഷത്തിനിടെ മൂന്നു വിവാഹം കഴിച്ചു. ആദ്യം ജെമീമ ഗോള്‍ഡ്‌സ്മിത്ത്. ബ്രിട്ടീഷ് കോടീശ്വരന്റെ മകള്‍. ഒമ്പത് വര്‍ഷം നീണ്ട ദാമ്പത്യം. വിവാഹമോചനം. തുടര്‍ന്ന് ടി വി അവതാരക റെഹാം ഖാനെ ജീവിത സഖിയാക്കി. പക്ഷേ 10 മാസം മാത്രമേ അത് നീണ്ടുള്ളൂ. വിവാഹ ബന്ധം വേര്‍പെടുത്തിയ റെഹാം ഖാന്‍ എഴുതിയ പുസ്തകത്തില്‍ ഇമ്രാന്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ചും കൊക്കൈന്‍ ഉപയോഗവും അടക്കമുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടായി. 2018ല്‍ ആത്മീയ ഗുരുവായ ബുഷറ ബീബിയെ വിവാഹം കഴിച്ചു. 'ലിബാന്‍ ഖാന്‍' എന്നാണ് ഇമ്രാനെ പി.പി.പി. പരിഹസിച്ചത്.
ന്യൂസിലന്‍ഡില്‍ ബെല്ലും ബ്രിട്ടനില്‍ ഡഗ്ലസും ഫിജിയില്‍ കാമിസെ മാരയും കഴിഞ്ഞാല്‍ ക്രിക്കറ്റില്‍നിന്ന് പ്രധാനമന്ത്രി പദത്തിലെത്തിയത് ഇമ്രാനാണ്. പക്ഷേ ആദ്യ മൂന്നു പേരും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മാത്രമാണ് കളിച്ചത്. ഔട്ട് സ്വിങ്ങും ഇന്‍സ്വിങ്ങും യോര്‍ക്കറും എല്ലാം വിജയകരമായി പരീക്ഷിച്ച ഇമ്രാന് പക്ഷേ, രാഷ്ട്രീയ ഇന്നിങ്‌സിന്റെ ആദ്യ ടേം പൂര്‍ത്തിയാക്കാനാകുന്നില്ല. ഇമ്രാന്റെ ഉറപ്പായ ആ രാജിയില്‍ സുപ്രീം കോടതിയാണ് ഇനി തീര്‍പ്പ് കല്‍പിക്കുക.
https://www.facebook.com/Malayalivartha























