യുക്രൈന്റെ ഏറ്റവും ശക്തരായ സൈനീകരെ കൊന്ന് കുഴിച്ചുമൂടി റഷ്യ; മരിയുപോളില്‍ 200 കൂട്ടക്കുഴിമാടങ്ങള്‍; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്
യുക്രെയ്ന് തുറമുഖ നഗരമായ മരിയുപോളില്‍ ഇരുന്നൂറിലേറെ കൂട്ടക്കുഴിമാടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. മക്സര്‍ ടെക്നോളജീസ് ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇവിടെ ഒന്‍പതിനായിരത്തിലേറെ സാധാരണക്കാരെ റഷ്യന്‍ സേന വധിച്ചതായി യുക്രെയ്ന് ആരോപിച്ചിരുന്നു. മരിയുപോളിലെ അസോവ്സ്റ്റാള്‍ സ്റ്റീല്‍ പ്ലാന്റ് സമുച്ചയത്തില്‍ രണ്ടായിരത്തിലേറെ യുക്രെയ്ന് പോരാളികള്‍ ഉണ്ടെങ്കിലും അവരെ നേരിട്ട് ആക്രമിക്കാതെ ഉപരോധത്തിലൂടെ ശ്വാസംമുട്ടിച്ച് കീഴടങ്ങാന്‍ പ്രേരിപ്പിക്കുകയാണ് റഷ്യന്‍ തന്ത്രം.
മരിയുപോളിനു സമീപമുള്ള മനുഷിലെ സെമിത്തേരിയിലാണ് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയത്. മരിയുപോളില്‍ നിന്ന് റഷ്യന്‍ പട്ടാളം ട്രക്കുകളില്‍ മൃതദേഹങ്ങള്‍ കൊണ്ടുവന്ന് സംസ്കരിക്കുന്നതായി മരിയുപോള്‍ മേയര്‍ വദിം ബൊയ്ചെങ്കോ ആരോപിച്ചു. 1941 ല്‍ നാത്!സികള്‍ യുക്രെയ്നിലെ 34,000 ജൂതന്മാരെ കൂട്ടക്കുരുതി നടത്തി ബബി യാറില്‍ സംസ്കരിച്ചതിനോട് ഇതിനെ അദ്ദേഹം താരതമ്യപ്പെടുത്തി. റഷ്യ പ്രതികരിച്ചിട്ടില്ല. മരിയുപോളില്‍ അവശേഷിക്കുന്ന ആയിരക്കണക്കിനാളുകള്‍ രക്ഷപ്പെടാനാവാതെ വലയുകയാണ്.
യുക്രെയ്നിന്റെ കിഴക്കന്‍ ഭാഗങ്ങള്‍ക്കൊപ്പം തെക്കന്‍ പ്രദേശങ്ങളും പിടിക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്ന് റഷ്യയുടെ സെന്‍ട്രല്‍ മിലിറ്ററി ജില്ലാ ഡപ്യുട്ടി കമാന്‍ഡര്‍ റുസ്തം മിനികയേവ് പറഞ്ഞു. ഡോണ്‍ബാസ് മേഖലയ്ക്കു പുറമേ മൈക്കലോവ്, ഒഡേസ നഗരങ്ങളും ഉടന്‍ കീഴടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതേസമയം, കീവിലെ ബ്രിട്ടിഷ് എംബസി അടുത്തയാഴ്ച തുറക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സന് ഇന്ത്യ സന്ദര്‍ശനത്തിനിടെ വ്യക്തമാക്കി. ചെര്‍ണോബിലിലെ ആണവനിലയത്തിന്റെ സുരക്ഷ പരിശോധിക്കാന്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ തലവന്‍ റാഫേല്‍ ഗ്രോസിയുടെ നേതൃത്വത്തിലുള്ള സംഘം അടുത്തയാഴ്ച യുക്രെയ്നിലെത്തും.
https://www.facebook.com/Malayalivartha