ഒരു പായ്ക്കറ്റ് ചിപ്‌സ് മോഷ്‌ടിച്ചു, കറുത്ത വർഗക്കാരനായ എട്ടുവയസുകാരനെ വലിച്ചിഴച്ച് ന്യൂയോർക്ക് പൊലീസ്, സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വീഡിയോ പ്രചരിച്ചതോടെ വൻ വിവാദം

ഒരു പാക്കറ്റ് ചിപ്‌സ് മോഷ്‌ടിച്ചെന്ന കുറ്റത്തിന് എട്ടുവയസുകാരനെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ന്യൂയോർക്ക് പൊലീസ് നടപടി വിവാദത്തിൽ.
എട്ടുവയസ്സ് മാത്രം പ്രായമുള്ള കറുത്ത വർഗക്കാരനായ കുട്ടിയെയാണ് മോഷണ കുറ്റം ചുമത്തി കസ്‌റ്റഡിയിൽ എടുത്തത്. കുട്ടിയെ പൊലീസ് വാഹനത്തിന് അടുത്തേക്ക് പൊലീസ് ഉദ്യോഗസ്ഥൻ വലിച്ചിഴച്ചു കൊണ്ടുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സിറാക്യൂസ് പൊലീസിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്.
എന്നാൽ കുട്ടിയെ വിലങ്ങ് അണിയിച്ചുവെന്ന ആരോപണം പൊലീസ് തള്ളി. നിങ്ങൾ എന്താണീ ചെയ്യുന്നതെന്ന് വിഡിയോ പകർത്തുന്നയാൾ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനോട് ചോദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. നിങ്ങൾക്ക് ഊഹിക്കാം ഞാൻ എന്താണ് ചെയ്യുന്നതെന്നാണ് പൊലീസുകാരന്റെ മറുപടി.കുട്ടിയെ ബലമായി വലിച്ചിഴച്ച് കൊണ്ടുപോകുന്നത് നോക്കിനിൽക്കുന്ന മറ്റ് രണ്ട് ഉദ്യോഗസ്ഥരെയും വിഡിയോയിൽ കാണാം.
മോഷണക്കുറ്റത്തിനാണു കുട്ടിയെ പിടികൂടിയതെന്നു മറ്റൊരു ഉദ്യോഗസ്ഥൻ പറയുന്നു. കൊടുംകുറ്റവാളിയെ കൈകാര്യം ചെയ്യുന്നതു പോലെയാണ് പൊലീസ് ആ ബാലനോട് പെരുമാറിയതെന്നു വിഡിയോ പകർത്തിയാൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന്റെ നടപടി പരിശോധിച്ചു വരികയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും സിറാക്യൂസ് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























