ലോകത്തെ നടുക്കി വീണ്ടും റഷ്യ; യുക്രെയ്ൻ തുറമുഖ നഗരമായ മരിയുപോളിൽ കണ്ടെത്തിയ ഇരുന്നൂറിലേറെ കൂട്ടക്കുഴിമാടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ... മരിയുപോളിലെ അസോവ്സ്റ്റാൾ സ്റ്റീൽ പ്ലാന്റ് സമുച്ചയത്തിൽ രണ്ടായിരത്തിലേറെ യുക്രെയ്ൻ പോരാളികൾ ഉണ്ടെങ്കിലും അവരെ നേരിട്ട് ആക്രമിക്കാതെ ഉപരോധത്തിലൂടെ ശ്വാസംമുട്ടിച്ച് കീഴടങ്ങാൻ പ്രേരിപ്പിച്ച് റഷ്യ
റഷ്യ- യുക്രൈൻ സംഘർഷം മാസങ്ങൾ പിന്നിട്ടിട്ടും അവസാനിക്കാതെ തുടരുകയാണ്. ഇതിനോടകം തന്നെ പിടിച്ചെടുത്തതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അവകാശപ്പെടുന്ന യുക്രെയ്ൻ തുറമുഖ നഗരമായ മരിയുപോളിൽ നിന്ന് ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്. ഇവിടെ കണ്ടെത്തിയ ഇരുന്നൂറിലേറെ കൂട്ടക്കുഴിമാടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നു. മക്സർ ടെക്നോളജീസ് ആണ് ഈ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇവിടെ ഒൻപതിനായിരത്തിലേറെ സാധാരണക്കാരെ റഷ്യൻ സേന വധിച്ചതായി യുക്രെയ്ൻ ആരോപിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ മരിയുപോളിലെ അസോവ്സ്റ്റാൾ സ്റ്റീൽ പ്ലാന്റ് സമുച്ചയത്തിൽ രണ്ടായിരത്തിലേറെ യുക്രെയ്ൻ പോരാളികൾ ഉണ്ടെങ്കിലും അവരെ നേരിട്ട് ആക്രമിക്കാതെ ഉപരോധത്തിലൂടെ ശ്വാസംമുട്ടിച്ച് കീഴടങ്ങാൻ പ്രേരിപ്പിക്കുകയാണ് റഷ്യൻ സേനയുടെ തന്ത്രം എന്നത്.
ഇതുകൂടാതെ മരിയുപോളിനു സമീപമുള്ള മനുഷിലെ സെമിത്തേരിയിലാണ് കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. മരിയുപോളിൽ നിന്ന് റഷ്യൻ പട്ടാളം ട്രക്കുകളിൽ മൃതദേഹങ്ങൾ കൊണ്ടുവന്ന് സംസ്കരിക്കുന്നതായി മരിയുപോൾ മേയർ വദിം ബൊയ്ചെങ്കോ ആരോപണം ഉന്നയിച്ചു. 1941 ൽ നാത്‍സികൾ യുക്രെയ്നിലെ 34,000 ജൂതന്മാരെ കൂട്ടക്കുരുതി നടത്തി ബബി യാറിൽ സംസ്കരിച്ചതിനോട് ഇതിനെ അദ്ദേഹം താരതമ്യപ്പെടുത്തുകയും ചെയ്തു. എന്നാൽ റഷ്യ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ മരിയുപോളിൽ അവശേഷിക്കുന്ന ആയിരക്കണക്കിനാളുകൾ രക്ഷപ്പെടാനാവാതെ വലയുകയാണ്.
അതേസമയം യുക്രെയ്നിന്റെ കിഴക്കൻ ഭാഗങ്ങൾക്കൊപ്പം തെക്കൻ പ്രദേശങ്ങളും പിടിക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്ന് റഷ്യയുടെ സെൻട്രൽ മിലിറ്ററി ജില്ലാ ഡപ്യുട്ടി കമാൻഡർ റുസ്തം മിനികയേവ് ചൂണ്ടിക്കാട്ടി. ഡോൺബാസ് മേഖലയ്ക്കു പുറമേ മൈക്കലോവ്, ഒഡേസ നഗരങ്ങളും ഉടൻ കീഴടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതോടൊപ്പം കീവിലെ ബ്രിട്ടിഷ് എംബസി അടുത്തയാഴ്ച തുറക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമാക്കി. ഇന്ത്യ സന്ദർശനത്തിനിടെയാണ് ഇത്തരത്തിൽ വ്യക്തമാക്കിയത്. ചെർണോബിലിലെ ആണവനിലയത്തിന്റെ സുരക്ഷ പരിശോധിക്കാൻ രാജ്യാന്തര ആണവോർജ ഏജൻസിയുടെ തലവൻ റാഫേൽ ഗ്രോസിയുടെ നേതൃത്വത്തിലുള്ള സംഘം അടുത്തയാഴ്ച യുക്രെയ്നിലെത്തുന്നതാണ്.
https://www.facebook.com/Malayalivartha

























