അഫ്ഗാനിൽ രക്ഷാപ്രവർത്തനം ഇഴയുന്നു, ഭൂകമ്പത്തിൽ തകർന്ന കൊട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ യന്ത്രസാമഗ്രികളുടെ അഭാവം, രക്ഷപ്പെട്ടവർ ഉറ്റവർക്കായി കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ വെറുംകൈ കൊണ്ട് തിരയുന്നു

താലിബാൻ ഭരണത്താൽ പൊറുതി മുട്ടിയ അഫ്ഗാനിലെ ജനങ്ങൾക്ക് ഭൂകമ്പം ഇരുട്ടടിയായി. ഇവിടെ രക്ഷാപ്രവർത്തനം യന്ത്രസാമഗ്രികളുടെ അഭാവത്താൽ ഇഴയുകയാണ്. ഭൂകമ്പത്തിൽ തകർന്ന കൊട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള നടപടികൾ ഇതോടെ പരുങ്ങലിലായി.
പഖ്തിക, ഖോസ്ത് പ്രവിശ്യകളിൽ നാശം വിതച്ച ഭൂകമ്പത്തിൽ മരണം ആയിരത്തിലേറെയാണ്. പരുക്കേറ്റവർ 1500. രക്ഷപ്പെട്ടവർ ഉറ്റവർക്കായി കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ വെറുംകൈ കൊണ്ട് തിരയുന്നു. കൂടാതെ ചികിത്സാ സൗകര്യങ്ങളുടെ കുറവ്, മരുന്ന്, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ ദൗർലഭ്യം തുടങ്ങി പരാധീനതകൾ ആണ് രക്ഷാപ്രവർത്തനത്തെ പിന്നോട്ട് വലിക്കുന്നത്.
താലിബാൻ ഭരണമേറ്റതിനെ തുടർന്ന് പുറത്തുനിന്നുള്ള സഹായം നിലച്ചതിനാൽ ഗുരുതര പ്രതിസന്ധി നേരിട്ട അഫ്ഗാനിലെ സ്ഥിതി ഭൂകമ്പത്തോടെ വീണ്ടും വഷളായിരിക്കുകയാണ്.രാജ്യാന്തര സമൂഹം സഹായം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവ എത്തിക്കാനുള്ള സംവിധാനം ഇല്ല. മിക്ക രാജ്യങ്ങളും താലിബാൻ ഭരിക്കുന്ന അഫ്ഗാനുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ചിട്ടില്ല.
ഇവിടെ അവശേഷിക്കുന്ന യുഎൻ സംഘടനകൾക്ക് വിദൂരസ്ഥമായ ഭൂകമ്പ മേഖലയിൽ സഹായം എത്തിക്കാനുള്ള സംവിധാനവുമില്ല. എന്നാൽ, 90% രക്ഷാപ്രവർത്തനം പൂർത്തിയായതായി താലിബാൻ ഭരണകൂടം അറിയിച്ചതായി യുഎൻ പറയുന്നു. പാക്കിസ്ഥാനിൽ നിന്ന് 7 ലോറികളിൽ ടെന്റുകളും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചു.
https://www.facebook.com/Malayalivartha


























