ഷർട്ട് ഇട്ടു എന്ന കൊടും കുറ്റം! ഖത്തർ ലോക കപ്പ് വേദിയിൽ മാധ്യമ പ്രവർത്തകൻ കസ്റ്റഡിയിൽ

മഴവിൽ നിറമുള്ള ഷർട്ട് ഇട്ടു എന്ന കൊടും കുറ്റത്തിന് അമേരിക്കൻ മാധ്യമ പ്രവർത്തകനെ തടഞ്ഞു വച്ച് ഖത്തർ. തമാശ പറയുകയാണ് എന്ന് വിചാരിക്കരുത് യഥാർത്ഥത്തിൽ നടന്ന കാര്യം തന്നെയാണ് പറയുന്നത്. നമ്മൾ പലതരം കുറ്റ കൃത്യങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്, എന്നാൽ അവനവന് ഇഷ്ടമുള്ള ഷർട്ട് ഇടുക എന്നത് ഇത്ര വലിയ കുറ്റമായി മാറിയതിനെ കുറിച്ച് ഇപ്പോഴാണ് അറിയുന്നത്.
ഖത്തർ ലോക കപ്പ് റിപ്പോർട്ട് ചെയ്യാൻ അമേരിക്കയിൽ നിന്നും വന്ന മാധ്യമ പ്രവര്ത്തകന് ആണ് ഈയൊരു ദുരനുഭവം ഉണ്ടായത്. അമേരിക്കൻ മാധ്യമ പ്രവർത്തകൻ ആയ ഗ്രാന്റ് വാൽ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കൂടെയാണ് ഈ വാർത്ത പുറത്തു വിട്ടത്. തിങ്കളാഴ്ച നടന്ന യുഎസും വെയിൽസും തമ്മിലുള്ള മത്സരത്തിനായി അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ തനിക്ക് അനുവാദമില്ലായിരുന്നു, തന്റെ ഷർട്ടിന് ചുറ്റും മഴവില്ല് കൊണ്ട് ചുറ്റപ്പെട്ട സോക്കർ പന്ത് ഉണ്ടായിരുന്നുവെന്ന് ഗ്രാന്റ് വാൽ പറഞ്ഞു.
തിങ്കളാഴ്ച നടന്ന യുഎസും വെയിൽസും തമ്മിലുള്ള മത്സരത്തിനായി അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ഉദ്യോഗസ്ഥർ തന്നെ അനുവദിച്ചില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത് , തന്റെ ഷർട്ടിന് ചുറ്റും മഴവില്ല് കൊണ്ട് ചുറ്റപ്പെട്ട സോക്കർ പന്ത് ഉണ്ടായിരുന്നതാണ് അതിനുള്ള കാരണമായി അവർ പറഞ്ഞത് എന്ന് അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിൽ കൂടി പുറത്തു വിട്ട വാർത്തയിൽ പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരം ആണ്. എൽജിബിടിക്യു കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്ന റെയിൻബോ സോക്കർ ബോൾ ടീ-ഷർട്ട് ധരിച്ച് ഞാൻ ഇന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ്-വെയിൽസ് ലോകകപ്പ് മത്സരം കവർ ചെയ്യാൻ സ്റ്റേഡിയം മീഡിയ കവാടത്തിൽ എത്തിയപ്പോൾ, സുരക്ഷാ ഗാർഡുകൾ എന്നെ അകത്തേക്ക് വിടാൻ വിസമ്മതിക്കുകയും 25 മിനിറ്റ് എന്നെ തടഞ്ഞുവയ്ക്കുകയും എന്റെ ഷർട്ട് അഴിച്ചു മാറ്റുവാൻ ദേഷ്യത്തോടെ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ അപ്രകാരം ചെയ്യാൻ ഞാൻ തയ്യാറായിരുന്നില്ല, അദ്ദേഹം വ്യക്തമാക്കി. ഇത് ഇവിടെ അനുവദനീയമല്ല “നിങ്ങൾ ഷർട്ട് മാറ്റണം,” ഒരു ഗാർഡ് എന്നോട് പറഞ്ഞു“. തടങ്കലിൽ വച്ചിരിക്കുന്ന സമയത്ത്, ഞാൻ യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ളയാൾ ആണോ എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷിച്ചു കൊണ്ടിരുന്നു . അൽപ സമയം കഴിഞ്ഞപ്പോൾ എന്റെ കാര്യങ്ങൾ അന്വേഷിച്ചു കൊണ്ട് അത് വഴി വന്ന ന്യൂയോർക്ക് ടൈംസിലെ ഒരു പത്രപ്രവർത്തകനെയും അവർ കുറച്ചുനേരം തടഞ്ഞുവച്ചു.
“മഴവിൽ നിറമുള്ള ഷർട്ട് ധരിച്ചതിന് എന്നെ ഉപദ്രവിക്കുവാൻ സാധ്യതയുള്ള ആരാധകരിൽ നിന്ന് എന്നെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് അവർ ചെയ്യുന്നതെന്ന് സെക്യൂരിറ്റി ഗാർഡുകളിലൊരാൾ എന്നോട് പറഞ്ഞു… ഒരു ഫിഫ പ്രതിനിധി പിന്നീട് അവിടേക്ക് വരുകയും എന്നോട് ക്ഷമാപണം നടത്തുകയും ചെയ്തു വാൽ വ്യക്തമാക്കി
പൊതു സമൂഹത്തിന്റെ ചട്ടക്കൂടിനുള്ളിൽ ലൈംഗികമായ ന്യൂന പക്ഷങ്ങളെ കൂടെ ഉൾപ്പെടുത്തുക എന്നത് ഇന്ന് ലോക വ്യാപകമായി സ്വീകരിച്ചു പോരുന്ന ഒരു നയം ആണ്. മാനവികമായ മൂല്യങ്ങളെ ഉൾകൊള്ളുന്ന ഒരു നടപടി ആയാണ് ഇതിനെ കരുതപ്പെടുന്നത്. നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ അടുത്ത കാലത്ത് അപേക്ഷ ഫോമുകളിൽ അവൻ, അവൾ എന്നതിന് പുറമെ അദർ അഥവാ മറ്റുള്ളവ എന്ന കോളം വന്നത് നമുക്ക് പരിചയം ഉണ്ടാകുമല്ലോ.
മാനവികമായ മൂല്യങ്ങൾ ഉൾക്കൊണ്ട് കൊണ്ട് ആരോടും വിവേചനം കാണിക്കരുത് എന്ന തത്വം ആണ് ഇവിടെ പ്രയോഗ വത്കരിക്കുന്നത്, എന്നാൽ ഭിന്ന ന്യൂന പക്ഷ താല്പര്യങ്ങൾ ശിക്ഷ അർഹിക്കുന്ന കൊടും പാതകം ആണ് എന്ന നിലപാട് സ്വീകരിക്കുന്ന ആധുനികതയിലേക്ക് ഇനിയും എത്താത്ത ചില രാജ്യങ്ങൾ ഇപ്പോഴും ഉണ്ട്. അത്തരത്തിലൊരു രാജ്യമാണ് ഖത്തർ
ഖത്തർ നിയമം പ്രകാരം സ്വവർഗരതി കുറ്റകരമാണ്. സ്വവർഗരതിയുമായി ബന്ധപ്പെട്ട ഏതെങ്കിലും ചിഹ്നങ്ങളോ ചിത്രങ്ങളോ പ്രദർശിപ്പിച്ചാൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്യും. രാജ്യത്തെ ശരിയത്ത് നിയമപ്രകാരം, സ്വവർഗ ബന്ധത്തിനുള്ള പരമാവധി ശിക്ഷ വധശിക്ഷയാണ്. അത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു ചിഹ്നങ്ങളും ഖത്തർ ലോക കപ്പിൽ ഉപയോഗിക്കരുത് എന്ന് കർശന നിർദ്ദേശം ആണ് ഫിഫ പുറപ്പെടുവിച്ചത്.
ഇതിനെതിരെ വലിയ വിമർശനങ്ങൾ ആണ് പാശ്ചാത്യ രാജ്യങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നത്. ഇതിനു പ്രതിഷേധം എന്ന നിലയിൽ മഴവിൽ നിറമുള്ള ബാൻഡ് ധരിച്ച് കളിക്കാൻ ഇറങ്ങുമെന്ന് ഇംഗ്ളീഷ് ടീം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഫിഫ രൂക്ഷമായ നടപടികൾ പ്രഖ്യാപിച്ചതിനെ തുടർന്ന് ആ പ്രവർത്തിയിൽ നിന്നും പിന്മാറുവാൻ നിർബന്ധിതർ ആവുകയായിരുന്നു
ഇന്ന് വരെ കാണാത്ത തരത്തിലുള്ള വിവാദങ്ങൾ ആണ് ഖത്തർ ലോക കപ്പിനെ ചുറ്റി പറ്റി നില നിൽക്കുന്നത്. മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളിൽ മദ്ധ്യം അനുവദിക്കുകയില്ല എന്നതും , സ്വവർഗ്ഗ ലൈംഗികതയെ കുറിച്ചുള്ള ചിഹ്നങ്ങൾ അനുവദിക്കുകയില്ല എന്നതും, മത പ്രചാരണ സംവിധാനവും മോശം തൊഴിൽ സാഹചര്യങ്ങളും ചേർന്ന് വലിയ വിമർശനങ്ങളാണ് ഖത്തർ നേരിടുന്നത്
അതിനിടെ എല്ലാവരും ഖത്തറിന്റെ സ്വവർഗരതി വിരുദ്ധ നിലപാടിനെ മാനിക്കണമെന്ന് ഫിഫ ഭീഷണിപ്പെടുത്തുന്നതിനാൽ എൽജിബിടിക്യുവിനെ പിന്തുണയ്ക്കാൻ വേണ്ടി യൂറോപ്യൻ രാജ്യങ്ങൾ ലോകകപ്പിൽ വൺ ലവ് ആംബാൻഡ് ധരിക്കാൻ എടുത്ത തീരുമാനം മറ്റു വഴികൾ ഒന്നുമില്ലാതെ പിൻവലിക്കേണ്ടി വന്നു
ഇംഗ്ലണ്ട്, വെയിൽസ്, നെതർലൻഡ്‌സ്, ജർമ്മനി, ബെൽജിയം, ഡെൻമാർക്ക് എന്നിവയുൾപ്പെടെ 9 യൂറോപ്യൻ രാജ്യങ്ങൾ ഖത്തർ ലോകകപ്പിൽ തങ്ങളുടെ ക്യാപ്റ്റൻമാർ ‘വൺ ലവ്’ ആംബാൻഡ് ധരിക്കില്ലെന്ന് തീരുമാനിച്ചു. കളിക്കാരെ വിലക്കുമെന്ന് ഫിഫ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ആയിരിന്നു ഇത് .
സ്വവർഗരതി നിയമവിരുദ്ധവും നിയമപ്രകാരം ശിക്ഷാർഹവുമായ രാജ്യമായ ഖത്തറിൽ ലോകകപ്പ് നടക്കുമ്പോൾ ലൈംഗീക ന്യൂനപക്ഷ കമ്മ്യൂണിറ്റിക്ക് പിന്തുണ നൽകുക എന്നതായിരുന്നു ആംബാൻഡുകളുടെ പിന്നിലെ ആശയം. എന്നാൽ ഫിഫയുടെ കടും പിടുത്തം കാരണം ഇത്തരത്തിലുള്ള ജനാധിപത്യ പ്രതിഷേധങ്ങൾ ഒന്നും ഖത്തറിൽ വില പോകുന്നില്ല.
2010 ൽ അടുത്ത ലോക കപ്പിന് വേണ്ടിയുള്ള വേദിയായി ഖത്തർ തീരുമാനിച്ചപ്പോൾ തന്നെ അതിനു പുറകിൽ അഴിമതി ഉണ്ടെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഇപ്പോൾ യൂറോപ്പ്യൻ രാജ്യങ്ങളുടെ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ പോലും അടിച്ചമർത്തുന്ന ഫിഫയുടെ നിലപാടുകൾ കാണുമ്പോൾ അതിന്റെ സാധുത തന്നെയാണ് വ്യക്തമാകുന്നത്
https://www.facebook.com/Malayalivartha