അറഫത്തിന്റെ കബര്‍ തുറന്നു : മൃതദേഹ ഭാഗങ്ങള്‍ ശേഖരിച്ചു

റാമളള : പലസ്‌തീന്‍ മുന്‍ പ്രസിഡന്റ് യാസര്‍ അറാഫത്തിനെ വിഷം കൊടുത്ത് കൊന്നതാണോ എന്ന് പരിശോധിക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. വെസ്റ്റ്‌ബാങ്കില്‍ പ്രസിഡന്റിന്റെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന മുഖാത്തയിലുളള കബറിടം ഇന്ത്യന്‍ സമയം രാവിലെ എട്ടരയ്‌ക്കാണ് തുറന്നത്.
പരിശോധനാ ഫലം അടുത്ത മാര്‍ച്ചിലോ ഏപ്രിലിലോ ലഭിക്കുകയുളളൂ. റേഡിയോ ആക്‌ടിവിറ്റിയുളള പൊളോണിയം എന്ന വിഷവസ്‌തു അദ്ദേഹത്തിന്റെ ശരീരത്തിനുളളില്‍ എത്തിയിരുന്നോ എന്നാണ് അറിയേണ്ടത്.
ഇസ്രായേല്‍ ചാരന്‍മാര്‍ വിഷാംശം കടത്തി വിട്ട് അദ്ദേഹത്തെ വധിച്ചു എന്നാണ് സംശയം. വളരെ വേഗം അപ്രത്യക്ഷമാകുന്ന മൂലകമാണ് പൊളോണിയം. എട്ട് വര്‍ഷം എന്നത് വളരെ ദീര്‍ഘമായ ഒരു കാലയളവാണെന്ന്, അറഫത്തിന്റെ വസ്‌ത്രത്തില്‍ പൊളോണിയം കണ്ടെത്തിയ സ്വിറ്റ്‌സര്‍ലന്‍ണ്ട് ലൗസാനെ സര്‍വകലാശാല ആശുപത്രി വക്താവ് ഡാര്‍സി ക്രിസ്റ്റന്‍ അറിയിച്ചു.
ജറുസലേം മുഫ്‌തി മുഹമ്മദ് ഹുസൈന്റെ സാനിധ്യത്തിലായിരുന്നു സാമ്പിളുകള്‍ ശേഖരിച്ചത്. മൃതദേഹം എടുക്കാതെ തന്നെ സാമ്പിളുകള്‍ ശേഖരിക്കാനായതിനാല്‍ കബര്‍ വീണ്ടും ഭദ്രമായി അടക്കാനായി. അതുകൊണ്ട് ഔദ്യോഗിക ബഹുമതികളോടെ വീണ്ടും സംസ്‌കരിക്കാനുളള നീക്കം ഉപേക്ഷിച്ചു.
സ്വിസ്,ഫ്രഞ്ച്,റഷ്യന്‍ വിദഗ്‌ദ്ധരുടെ നേതൃത്വത്തില്‍ പലസ്‌തീന്‍ ഡോക്‌ടര്‍മാരാണ് സാമ്പിളുകള്‍ ശേഖരിച്ചത്. പ്രധാനമന്ത്രി സലാം ഫയ്യദ് അടക്കമുളളവര്‍ സന്നിഹിതരായിരുന്നു.
https://www.facebook.com/Malayalivartha