ഒരു അഞ്ച് മിനിറ്റ് സംസാരിക്കാമോ എന്ന് ആ ടീച്ചറോട് അവൻ ചോദിച്ചപ്പോൾ അവർ നിഷേധിച്ചു; കൈ വിറച്ചാണ് ആ കുട്ടി തിരികെ ക്ലാസ്സിൽ എത്തിയത്; അമ്മയെ മൂന്ന് തവണ ഫോണിൽ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്ന് സുഹൃത്തുക്കൾ: കൂട്ടുകാരെ കെട്ടിപ്പിടിച്ച് ഇത് അവസാനത്തെതാണെന്ന് പറഞ്ഞ് യൂണിഫോം പോലും മാറ്റാതെ ആ കുഞ്ഞ് ആത്മഹത്യ ചെയ്യുന്നു : സകലരുടെയും മുന്നിൽ വച്ച് വിധിച്ചെങ്കിൽ അവർ ശിക്ഷിക്കപ്പെടണം...

കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥി അർജുൻ ജീവനൊടുക്കിയ സംഭവത്തില്‍ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പ്. Deepa Seira എന്ന ഫേസ്ബുക് അക്കൗണ്ടിൽ നിന്നാണ് കുറിപ്പ്. ഇവൻ ഇന്നില്ല ഒരു സംഭവം പറയാം.. എഴുതണോ വേണ്ടയോ എന്നൊരുപാട് ആലോചിച്ച ശേഷമാണ് ഇത് എഴുതുന്നത്.
എന്റെ ചെറിയ മോനോട് ഒരിക്കൽ അവന്റെ തൊട്ടു സീനിയർ ആയ ഒരു പയ്യൻ truth or dare കളിക്കുമ്പോൾ, dare ഗെയിമിന്റെ ഭാഗമായി "******" സൈറ്റിൽ കയറി ആർക്കോ ഒരു മിസ്സ്ഡ് കോൾ അടിക്കാൻ പറഞ്ഞു. അവൻ വീട്ടിൽ വന്ന ശേഷം ആ സൈറ്റിൽ കയറി അങ്ങനെ ചെയ്തു. അതോടെ അവനു പരിചയമില്ലാത്ത ആരുടെയൊക്കെയോ മെസ്സേജുകൾ ഫോണിൽ whataap ൽ വരാൻ തുടങ്ങി. പേടിച്ചിട്ട് whatsap അവൻ uninstall ചെയ്തു. അത് കണ്ടപ്പോൾ സ്വാഭാവികമായും ഞാൻ ചോദിച്ചു. അറിയാതെ കൈ തട്ടി uninstall ആയതാണെന്ന് പറഞ്ഞു അവനു വീണ്ടും രക്ഷയില്ലാതെ എന്റെ മുന്നിൽ വെച്ചു ഇൻസ്റ്റാൾ ചെയ്യേണ്ടി വന്നു.
അതോടെ വീണ്ടും മെസ്സേജുകൾ വരാൻ തുടങ്ങി. ഉള്ളിൽ ഈ ഭയവും കൊണ്ട് എന്റെ കുഞ്ഞ് മൂന്ന് ദിവസം നടന്നു. ഒടുവിൽ " അമ്മ എനിക്കൊരു കാര്യം പറയാനുണ്ടെന്ന്" പറഞ്ഞ് വിറച്ചു കൊണ്ട് എന്റെ അടുത്ത് എത്തി.. അവനെ മാറ്റി നിർത്തി ഞാനത് കേട്ടു. ഞാൻ മൂത്തവനെ വിളിച്ചു ഉടനെ കാര്യം പറഞ്ഞു. അവൻ പുഷ്പം പോലെ ആ പ്രശ്നം ടെക്നിക്കൽ ആയി solve ചെയ്തു. അതിനു ശേഷം ഞാൻ മോനെ വിളിച്ചിരുത്തി ഇതിന്റെ എല്ലാ നിയമപ്രശ്നങ്ങളും അപകടങ്ങളും പറഞ്ഞു മനസിലാക്കി. അവനതു മനസ്സിലായി. അവനോട് ഇത് പറഞ്ഞു കൊടുത്ത സീനിയർ കുട്ടിയേയും വിളിച്ചു ഞാൻ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി..
എനിക്ക് വേണമെങ്കിൽ സമനില തെറ്റി അവനെയും സീനിയർ പയ്യനെയും ചീത്ത വിളിച്ചു, അവന്റെ വീട്ടുകാരോടും പറഞ്ഞ്,സ്‌കൂളിലും അറിയിച്ച് എല്ലാം നാശമാക്കാമായിരുന്നു.. കോളേജിലും കുട്ടികൾ ചെയ്യുന്ന പലതിനും ഇതു പോലെ സൊല്യൂഷൻ കണ്ടെത്തുമായിരുന്നു. അങ്ങനെ പറഞ്ഞാൽ ഒന്ന് തലോടിയാൽ മനസിലാവുന്നതേ ഉള്ളു ഈ കുരുത്തക്കേടുകൾ ഒക്കെയെന്ന് കോളേജ് അധ്യാപികയായിരുന്ന കാലത്ത് ഞാൻ അനുഭവം കൊണ്ട് മനസിലാക്കിയതാണ്... കാരണം ആത്യന്തികമായി അവർ കുട്ടികളാണ്. ആവർത്തിച്ചാൽ നിയമം അനുശാസിക്കും വിധം ശിക്ഷിക്കണം. അതിൽ സംശയമില്ല.
ഈ കേസിൽ ന്യൂസിൽ കണ്ട കാര്യങ്ങൾ ഇങ്ങനെയാണ് :
കുട്ടികൾ തമ്മിൽ ഇൻസ്റ്റാഗ്രാമിൽ ചില മെസ്സജുകൾ അയച്ചു. അതിൽ ചില മോശം വാക്കുകൾ ഉണ്ടായിരുന്നു. മാതാപിതാക്കൾ തന്നെയാണ് ആദ്യം കണ്ടത്. അവർ ഗുണദോഷിച്ചു.. വീട്ടിൽ നിന്ന് തല്ലും കിട്ടിയെന്ന് പറയപ്പെടുന്നു. വീട്ടുകാരും അവനെ അത്ര കേൾക്കാൻ നിന്നില്ലെന്നു സ്കൂളിലെ പല കുട്ടികളും പറയുന്നു.പിറ്റേന്ന് മാതാപിതാക്കൾ സ്കൂളിൽ ചെന്നു. മാതാപിതാക്കൾ ചെന്ന ദിവസം കുട്ടിയുടെ ക്ലാസ് ടീച്ചർ ആയ ആശ സ്കൂളിൽ വന്നിട്ടിട്ടുണ്ടായിരുന്നില്ല. മറ്റ് ടീച്ചർമാരുടെ സാന്നിധ്യത്തിൽ വിഷയം പറഞ്ഞു തീർപ്പാക്കുന്നു. എന്നാൽ പിറ്റേന്ന് ക്ലാസ്സ് ടീച്ചർ എത്തുന്നു. അർജുനെ മറ്റു കുട്ടികൾക്ക് മുന്നിൽ എഴുന്നേൽപ്പിച്ചു നിർത്തി ചെവിക്ക് പിടിക്കുകയൊ തല്ലുകയോ മാറ്റോ ചെയ്യുന്നു. കുട്ടിയെ തിരുത്താൻ എന്ന ഉദ്ദേശത്തിൽ ക്ലാസ്സിനകത്ത് നിന്ന് ടീച്ചർ സൈബർ സെല്ലിലേക്ക് വിളിക്കുന്നു (വിളിക്കുന്നതായി അഭിനയിക്കുന്നു???) ,ഒന്നരവർഷം ജയിലിൽ കിടക്കാം, 25000 രൂപ പിഴയോടുക്കാം എന്ന് പറഞ്ഞു പേടിപ്പിക്കുന്നു.
പിന്നീട് സ്റ്റാഫ് റൂമിൽ വിളിച്ചു പ്രിൻസിപ്പലിന് മുന്നിൽ വെച്ചും ഭീഷണി തുടരുന്നു. ഒരു അഞ്ചു മിനിറ്റ് സംസാരിക്കാമോ എന്ന് അവൻ ചോദിച്ചപ്പോൾ ആ ടീച്ചർ അത് നിഷേധിച്ചു. കൈ വിറച്ചാണ് ആ കുട്ടി തിരികെ ക്ലാസ്സിൽ എത്തിയതെന്ന് മറ്റു കുട്ടികൾ പറയുന്നു അവൻ അമ്മയെ മൂന്ന് തവണ ഫോണിൽ വിളിക്കുന്നു. അമ്മയും ഫോൺ എടുത്തില്ലെന്ന് ക്ലാസ്സിലെ തന്നെ പെൺകുട്ടികൾ പറയുന്നു. ഒരുപക്ഷെ എന്തെങ്കിലും തിരക്കിൽ ആയിരിക്കാം. എന്നാൽ അവനു അമ്മയെയും ഒന്ന് സംസാരിക്കാനായി കിട്ടിയില്ല. അന്ന് വൈകുന്നേരം കൂട്ടുകാരെ കെട്ടിപ്പിടിച്ച് ഇത് അവസാനത്തെതാണെന്ന് പറയുന്നു. വീട്ടിൽ ചെന്ന് ഇട്ട യൂണിഫോം പോലും മാറ്റാതെ ആ കുഞ്ഞ് ആത്മഹത്യ ചെയ്യുന്നു.
ഒമ്പതിൽ പഠിക്കുന്ന കുട്ടികൾ പരമാവധി എന്തൊക്കെ ചെയ്തു കാണും? സൈബർ സെല്ലിലേക്കൊക്കെ എത്താവുന്ന അത്ര ഗുരുതരമായ തെറ്റാണ് കുട്ടി ഇൻസ്റ്റാഗ്രാം മെസ്സൻജർ വഴി ചെയ്തിരിക്കുന്നത് എന്ന് തോന്നുണ്ടോ? എനിക്കറിയില്ല..ആണെന്ന് തന്നെ ഇരിക്കട്ടെ. മാതാപിതാക്കൾ അറിഞ്ഞു കഴിഞ്ഞ ഒരു സംഭവം, ചെയ്ത തെറ്റിൽ ഉള്ളു വെന്തിരിക്കുന്ന കുട്ടി- ഈ സാഹചര്യത്തിൽ ഒരല്പം സമചിത്തതയോടെ, സഹനുഭൂതിയോടെ, മനുഷ്യത്വത്തോടെ ആ ടീച്ചർ പെരുമാറിയിരുന്നെങ്കിൽ....ആ മോൻ ഇപ്പോൾ ജീവിച്ചിരുന്നേനെയെന്ന് തോന്നുന്നില്ലേ? ഒരു അധ്യാപികയും അമ്മയുമായ എനിക്ക് അങ്ങനെ ചിന്തിക്കാനെ കഴിയൂ.. അതാണ് ശരിയെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
കൗമാരം ഇപ്പോൾ ഇങ്ങനെയൊക്കെയാണെന്ന് ഇനിയും മാതാപിതാക്കളും ടീച്ചമാരും അറിയുന്നില്ലേ? അവർ അവർക്ക് താങ്ങാവുന്നതിനേക്കാൾ അറിവുള്ളതിനേക്കാൾ വലിയൊരു ടെക് ലോകത്തിലേക്ക് വളരെ നേരത്തെ ചെന്നിറങ്ങുന്നവരാണ്.. തെറ്റുകൾ വരാം, ശ്രദ്ധ തെറ്റി പോകാം. അവർക്ക് വരും വരായ്കകളെ പറ്റിയുള്ള ധാരണയുണ്ടെങ്കിലും ഭയമില്ല... ആരുടെയൊക്കെയോ തണലിലാണ് തങ്ങൾ എന്ന ഉറച്ച ബോധ്യം അവരെ ഭയമില്ലാത്തവരാക്കി മാറ്റുന്നു.. ഇനി തോൽവികളെയോ മുനയുള്ള വാക്കുകളെയോ പരീക്ഷണങ്ങളെയോ താങ്ങാൻ കഴിയാത്ത വിധം ദുർബലമായ മനസുമാണ് അവർക്ക്..അവകാശബോധം ഉള്ളത് നല്ലതെങ്കിലും, ആ അവകാശബോധം അവരെ അഭിമാനക്ഷതത്തിലേക്കും, ആത്മഹത്യ എന്ന ഒറ്റബുദ്ധിയിലേക്കും വളരെ വേഗം എത്തിക്കുന്നു..!!
.ഒരു കാര്യമോർക്കണം..നമ്മുടെ കാലത്ത് ഇന്നത്തെ അത്രയും advancements ഉണ്ടായിരുന്നെങ്കിൽ നമ്മളും ഇതുപോലെ ആയിരുന്നേനെ. അന്ന് നമുക്ക് അവൈലബിൾ ആയിരുന്ന സാഹചര്യങ്ങളെ നമ്മൾ നല്ലതും ചീത്തയും കലർന്ന പല രീതികളിൽ ഉപയോഗിച്ചിട്ടുണ്ട്.. ഇല്ലെന്നു പറയുന്നവർ ജീവിതം ആഘോഷിക്കാത്തവരാണെന്ന് ഞാൻ പറയും. അല്പം കൂടി മാനസികാരോഗ്യമുണ്ടായിരുന്നുവെന്ന് തോന്നുന്നു നമുക്ക്. മാനസികമായി പുത്തൻ കൗമാരക്കാരെ കൈകാര്യം ചെയ്യാൻ മാതാപിതാക്കൾക്കും ടീച്ചർമാർക്കും കൃത്യമായ പരിശീലനവും അവബോധവും നൽകേണ്ട സമയം കഴിഞ്ഞു. ഒരു കുട്ടിയിൽ തെറ്റ് കണ്ടാൽ ഒന്ന് തോളിൽ കൈയ്യിട്ട് വിളിച്ചിരുത്തി സമാധാനിപ്പിച്ച് ചെയ്ത തെറ്റിന്റെ വ്യാപ്തി പറഞ്ഞു മനസിലാക്കി, നിയമാവശങ്ങൾ പറഞ്ഞു കൊടുത്ത്, ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പ് മേടിച്ച് അവനെ സമാധാനിപ്പിച്ചു പറഞ്ഞയക്കാമായിരുന്നു. വീണ്ടും ആവർത്തിക്കുന്നെങ്കിൽ നിയമപ്രകാരം കടുത്ത നടപടി എടുക്കാമായിരുന്നു.
ആ ടീച്ചർ ക്ലാസ്സിൽ നിന്ന് ഷോ കാണിച്ച് സൈബർ സെല്ലിൽ ഒക്കെ വിളിച്ചെങ്കിൽ ( അഭിനയിച്ചെങ്കിൽ) ആ കുട്ടിയെ സകലരുടെയും മുന്നിൽ വച്ചു വിധിച്ചെങ്കിൽ അവർ ശിക്ഷിക്കപ്പെടണം.. അതിൽ തർക്കമില്ല...
https://www.facebook.com/Malayalivartha
























