തിലാപ്പിയ മീൻ കഴിച്ച യുവതിയുടെ കൈകാലുകൾ നഷ്ടമായി: മീനിലുണ്ടായിരുന്ന ബാക്ടീരിയ ശരീരത്തിയ നാല്പതുകാരിയ്ക്ക് സംഭവിച്ചത് ഇത്...
തിലാപ്പിയ മീൻ കഴിച്ച യുവതിയുടെ കൈകാലുകൾ നഷ്ടമായതായി റിപ്പോർട്ട്. യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ലോറ ബരാജാസ് എന്ന നാല്പതുകാരിക്കാണ് ഭക്ഷണത്തിലൂടെയുള്ള അണുബാധ കാരണം ഇരു കൈയും കാലുകളും നഷ്ടപ്പെട്ടത്. കാലിഫോർണിയയിലാണ് സംഭവം. തിലാപ്പിയ മീനിന് അണുബാധ ഏറ്റിരുന്നു. ഇത് വേവിക്കാതെ കഴിച്ചതാണ് അവയവങ്ങൾ നഷ്ടമാകാൻ കാരണം.
ലോറ ബറാഹ വീടിനടുത്തുള്ള സാൻ ജോസിലെ ഒരു പ്രാദേശിക മാർക്കറ്റിൽ നിന്നാണ് തിലാപ്പിയ വാങ്ങിയത്. തുടർന്ന് വീട്ടിലെത്തി പാകം ചെയ്ത് കഴിക്കുകയായിരുന്നു. എന്നാൽ മീൻ ശരിയായി വേവിച്ചിരുന്നില്ലെന്നും മീനിലുണ്ടായിരുന്ന ബാക്ടീരിയ ശരീരത്തിലെത്തുകയുമായിരുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഭക്ഷണം കഴിച്ച ഉടനെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ലോറയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഏകദേശം 40 ദിവസത്തോളമായി ലോറ ആശുപത്രിയിൽ കഴിയുകയാണ്. ദിവസങ്ങൾക്കുള്ളിൽ ലോറ കോമ അവസ്ഥയിലെത്തി. കാലുകളും വിരലുകളുമെല്ലാം ചുണ്ടുകളും കറുത്ത നിറത്തിലാകുകയും വൃക്കകൾ തകരാറിലാകുകയും ചെയ്തതായി സുഹൃത്തുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ഓക്‌സിജൻ മാസ്‌കിന്റെ സഹായത്തോടെയാണ് ലോറ ജീവൻ നിലനിർത്തുന്നത്.
വ്യാഴാഴ്ചയാണ് ലോറയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമം എന്ന നിലയിലാണ് ശസ്ത്രക്രിയയിലൂടെ രണ്ട് കൈകളും കാലുകളും ഡോക്ടർമാർ മുറിച്ചുമാറ്റിയത്. സമുദ്രവിഭവങ്ങളിലും കടൽജലത്തിലും കാണപ്പെടുന്ന മാരക ബാക്ടീരിയയായ വിബ്രിയോ വൾനിഫിക്കസാണ് ലോറയുടെ ശരീരത്തിലെത്തിയത്. ബാക്ടീരിയ അടങ്ങിയ സമുദ്രവിഭവങ്ങളിൽ നിന്നോ കടൽ വെള്ളത്തിലൂടെയോ ഈ അണുബാധയുണ്ടാകാം എന്നാണ് വിദഗ്ധർ പറയുന്നത്. കടൽവെള്ളവുമായി ശരീരസ്രവങ്ങൾ നേരിട്ട് സമ്പർക്കത്തിലായാൽ അപകടസാധ്യതയുണ്ട്.
തുറന്ന മുറിവുകളിലൂടെയും ബാക്ടീരിയ ഉള്ളിൽ പ്രവേശിക്കാം. ശരിയായി ഉണങ്ങാത്ത ടാറ്റൂവുമായി കടൽവെള്ളത്തിൽ ഇറങ്ങിയാലും ഇതേ പ്രശ്നമുണ്ട്. സമുദ്രജലത്തിൽ ഈ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെങ്കിൽ ഇതുവഴി ഇവ ശരീരത്തിലെത്താമെന്നും സുഹൃത്തായ മെസ്സിന ചൂണ്ടിക്കാണിക്കുന്നു.
യുസിഎസ്എഫ് പകർച്ചവ്യാധി വിദഗ്ധയായ ഡോ. നടാഷ സ്പോട്ടിവുഡ് ഇക്കാര്യം ശരിവെക്കുന്നുണ്ട്. അപൂർവമാണെങ്കിലും വിബ്രിയോ വൈറസ് വഴിയുണ്ടാകുന്ന രോഗബാധ ഇതാദ്യമല്ല.
പ്രതിവർഷം ഇത്തരത്തിൽ 150 മുതൽ 200 കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും രോഗം പിടിപെടുന്നവരിൽ അഞ്ചിലൊരാൾ മരണപ്പെടാമെന്നും സിഡിസി വ്യക്തമാക്കുന്നു. ആഴ്ചകളോളം ആശുപത്രിയിൽ കിടന്ന ലോറയുടെ ചികിത്സയ്ക്കുള്ള ചെലവിനായി കുടുംബം ക്രൗഡ്ഫണ്ടിങ് തുടങ്ങിയിട്ടുണ്ട്. കടലിൽ ഇറങ്ങുമ്പോൾ സംഭവിക്കുന്ന മുറിവുകളിലൂടെയാണ് പലപ്പോഴും ഈ ബാക്ടീരിയ ശരീരത്തിലെത്തുന്നത്.
ബീച്ചിലെ കക്കകളിലോ മറ്റോ ചവിട്ടുന്നതുവഴി ഉണ്ടാകുന്ന മുറിവുകൾ ബാക്ടീരിയ ഉള്ളിലെത്തുന്നിനു കാരണമാകാം. കൂടാതെ, പാകം ചെയ്യാത്ത മത്സ്യവും മറ്റ് സമുദ്രവിഭവങ്ങളും കഴിക്കുന്നതുവഴിയും അണുബാധയുണ്ടാകാം. പലപ്പോഴും ആൻ്റിബയോട്ടിക്കുകൾ അടക്കമുള്ള മരുന്നുകൾ ഉപയോഗിച്ച് ഇത് ചികിത്സിക്കാൻ സാധിക്കുമെങ്കിലും രോഗം ഗുരുതരമായാൽ ജീവനുതന്നെ ഭീഷണിയായേക്കാം.
https://www.facebook.com/Malayalivartha