കിടപ്പ് രോഗികളെ ഉൾപ്പടെ തോക്കിൻ മുനയിൽ നിർത്തി ഭീഷണി; ഗാസയിലെ അല്‍ ശിഫ ആശുപത്രി പൂര്‍ണമായി ഒഴിപ്പിച്ച് ഇസ്രായേല്‍ സേന: ഒഴിഞ്ഞ് പോകുന്നതിനിടെ, സ്ത്രീകളുടെ തുണിയുരിഞ്ഞ് പരിശോധന നടത്തിയതായി റിപ്പോർട്ട്:- ആശുപത്രിയുടെ നിയന്ത്രണം സൈന്യത്തിന്റെ കൈയിൽ... അല്‍ ഫാഖൂറ സ്‌കൂളിന് നേരെ നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് നിരവധിപേർ...

ദിവസങ്ങള്‍ നീണ്ട ഉപരോധത്തിനും ആക്രമണത്തിനും ഒടുവില്‍ ഗാസയിലെ അല്‍ ശിഫ ആശുപത്രി പൂര്‍ണമായി ഒഴിപ്പിച്ച് ഇസ്രായേല്‍ സേന. 650ഓളം രോഗികളടക്കം ഏഴായിരത്തോളം പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. അതിനിടെ, യു.എന്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വടക്കന്‍ ഗസ്സയിലെ ജബലിയ അഭയാര്‍ഥി ക്യാമ്പിന് സമീപത്തെ അല്‍ ഫാഖൂറ സ്‌കൂളിനുനേരെ ശനിയാഴ്ച രാവിലെ നടന്ന വ്യോമാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. രണ്ടാം തവണയാണ് സ്‌കൂളില്‍ ആക്രമണം നടക്കുന്നത്.
കിടപ്പുരോഗികളെ ഉള്‍പ്പെടെ തോക്കിന്‍ മുനയില്‍ ഭീഷണിപ്പെടുത്തി ഒരു മണിക്കൂറിനകം ഒഴിയാന്‍ ശനിയാഴ്ച രാവിലെ ആവശ്യപ്പെടുകയായിരുന്നുവെന്ന് അല്‍ ശിഫ ഡയറക്ടര്‍ മുഹമ്മദ് അബൂസാല്‍മിയ പറഞ്ഞു. ഗുരുതര നിലയിലുള്ളവരെ കട്ടില്‍ ഉള്‍പ്പെടെയും നടക്കാനാകാത്തവരെ വീല്‍ചെയറിലുമാണ് പുറത്തിറക്കി വിട്ടത്. കുറേ പേര്‍ മറ്റ് ആശുപത്രികളില്‍ അഭയം തേടിയെങ്കിലും മറ്റുള്ളവര്‍ തെക്കന്‍ ഗാസ ലക്ഷ്യമാക്കി നീങ്ങി.
ഒഴിഞ്ഞു പോകുന്നതിനിടെ വനിതകളെ തുണിയുരിഞ്ഞ് ദേഹപരിശോധനക്ക് വിധേയരാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ആശുപത്രിയുടെ നിയന്ത്രണം സൈനികരുടെ കൈയിലാണ്. എന്നാല്‍, ആശുപത്രി ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും താല്‍പര്യമുള്ളവര്‍ക്ക് പോകാന്‍ സുരക്ഷിതപാതയൊരുക്കുകയായിരുന്നുവെന്നുമാണ് സൈന്യത്തിന്റെ വിശദീകരണം.
എന്നാല്‍ ഇക്കാര്യം ആശുപത്രി ഡയറക്ടര്‍ തള്ളി. ഗാസയില്‍ തടസ്സപ്പെട്ട ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























