ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍. അടുത്ത 30 ദിവസത്തേക്ക് ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും ഇറാന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. അമേരിക്കന്‍ ആക്രമണം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ ഇടയാക്കുമെന്നും അരഗ്ചി. യുദ്ധക്കുറ്റങ്ങള്‍ക്ക് അമേരിക്കന്‍, ഇസ്രായേല്‍ നേതാക്കളെ വിചാരണ ചെയ്യണമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി പ്രതികരിച്ചു.പശ്ചിമേഷ്യയില്‍ വീണ്ടും പോര്‍മുഖം തുറന്ന് അമേരിക്കയും ഇറാനും. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതിന് തിരിച്ചടിയായി ബഹ്‌റൈനിലേയും കുവൈത്തിലേയും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിച്ചു. ഇറാനെ ഇല്ലാതാക്കുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഹോര്‍മുസ് കടലിടുക്കില്‍ പുതിയ കപ്പല്‍പ്പാത അംഗീകരിക്കില്ലെന്ന് ഇറാന്‍ നിലപാടെടുത്തതോടെയാണ് ഇറാനും അമേരിക്കയും തമ്മില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്.
വ്യാഴാഴ്ച ഒമാന്റെ ഓരത്തുകൂടിയുള്ള പുതിയ കപ്പല്‍പ്പാതയിലൂടെ സഞ്ചരിച്ച സിംഗപ്പൂര്‍ ചരക്കുകപ്പലായ എവര്‍ ലവ്‌ലി ഇറാന്‍ ആക്രമിച്ചതിനു മറുപടിയായി ഇറാന്റെ ഡ്രോണ്‍മിസൈല്‍ കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്ക ആക്രമണം നടത്തി. അതിനു മറുപടിയായാണ് ബഹ്‌റൈനിലെ അമേരിക്കന്‍ സൈനിക താവളം ഇറാന്‍ ആക്രമിച്ചത്. ഇതിനു പിന്നാലെയാണ് ഇന്നലെ പാനമ പതാകയുള്ള എം ടി കിക്കു എന്ന എണ്ണക്കപ്പല്‍ ഇറാന്‍ ആക്രമിച്ചത്. തുടര്‍ന്ന് ഇറാന്റെ സൈനിക നിരീക്ഷണ സൗകര്യങ്ങള്‍, ആശയവിനിമയ സംവിധാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ഡ്രോണ്‍ ശേഖരം എന്നിവ ലക്ഷ്യമാക്കി സിറിക്കിലേക്കും ഖഷാം ദ്വീപിലേക്കുമടക്കം പത്തിടങ്ങളിലേക്ക് അമേരിക്ക ആക്രമണം നടത്തി.
കുവൈത്തിലേക്കും ബഹ്‌റൈനിലേക്കും ആക്രമണം നടത്തിയായിരുന്നു ഇറാന്റെ തിരിച്ചടി. ഇതിന് പിന്നാലെ, ഇറാനെതിരെയുള്ള നടപടി നയതന്ത്രത്തിലൂടെയല്ല, മറിച്ച് സൈനികമായി പൂര്‍ത്തീകരിക്കാന്‍ അമേരിക്ക നിര്‍ബന്ധിതമായേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവിച്ചത്. അങ്ങനെ ചെയ്താല്‍ ഇറാന്‍ ബാക്കിയുണ്ടാകില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ ഭീഷണി മുഴക്കി.
https://www.facebook.com/Malayalivartha























