ഇസ്രായേല്‍ ഇറാനു നേരേ ഉടന്‍ തൊടുത്തുവിടുമോ ആണവായുധം.... അതോ ഇറാന്‍ ആണവായുധം ഇസ്രായേലിനു നേരേ പ്രയോഗിക്കുമോ... അതിഭീകരമായ സ്ഥിതിയിലേക്ക് കടക്കുകയാണ് പശ്ചിമേഷ്യ...
ഇസ്രായേല്‍ ഇറാനു നേരേ ഉടന്‍ തൊടുത്തുവിടുമോ ആണവായുധം. അതോ ഇറാന്‍ ആണവായുധം ഇസ്രായേലിനു നേരേ പ്രയോഗിക്കുമോ. അതിഭീകരമായ സ്ഥിതിയിലേക്ക് കടക്കുകയാണ് പശ്ചിമേഷ്യ.
ലബനോനില്‍ ഇന്നോ നാളെയോ കരയുദ്ധം ഉടന്‍ ആരംഭിക്കുമെന്ന്ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ആക്രമണം രൂക്ഷമായതോടെ ലബനാനില്‍നിന്ന് വിവിധ രാജ്യങ്ങള്‍ പൗരന്മാരെ ഒഴിപ്പിച്ചുതുടങ്ങുകയും ചെയ്തിരിക്കുന്നു.
ഗാസയിലും ലബനോനിലും യെമനിലും ഒരേ സമയം ഇസ്രായേല്‍ വ്യോമാക്രമണം അഴിച്ചുവിട്ടിരിക്കുന്നു. തീമഴ പോലെ ബോംബുകള്‍ പതിച്ചതിലും പതിനായിരം പേരെങ്കിലും ഈയാഴ്ച പശ്ചിമേഷ്യയില്‍ കൊല്ലപ്പെടാനിടയുണ്ടെന്നാണ് വിദേശമാധ്യമങ്ങള്‍ ആശങ്കപ്പെടുന്നത്. ഹമാസ് ഇസ്രായേലിനു നേരേ നടത്തിയ കടന്നാക്രമണത്തിന്റെ ഒന്നാം വാര്‍ഷികം ഈ മാസം ഏഴാം തീയതിയാണ്. അന്നേ ദിവസം ഹമാസിനും ഹിസ്ബുല്ലയ്ക്കും നേരേ ഇസ്രായേല്‍ നരനായാട്ടു നടത്തുമെന്നാണ് ലോകം ആശങ്കപ്പെടുന്നത്. ഗാസയ്ക്കു പുറമെ ലബനോനിലും യെമനിലും ഇസ്രയേല്‍ നടത്തിയ മാരക വ്യോമാക്രമണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം രണ്ടായിരം പേര്‍ കൊല്ലപ്പെട്ടു.
ഇസ്രായേല്‍ പോരാട്ടം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഗാസയിലും മറ്റിടങ്ങളിലുമായി
നാല്‍പതിനായിരത്തിലേരെപ്പേര്‍ മരിച്ചുവീണു. അതില്‍ കൈക്കുഞ്ഞുങ്ങളും സ്ത്രീകളും മുതല്‍ പ്രായമേറിയവരുമുണ്ട്. ഗാസയിലെ 23 ലക്ഷം ജനങ്ങളും ഇപ്പോള്‍ യുദ്ധത്തിന്റെ ദുരിതത്തിലാണ്. വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട ആ ജനത കൊടുംപട്ടിണിയിലും രോഗഭീതിയിലുമാണ് കഴിയുന്നത്.ഞായറാഴ്ച രാത്രി ലബനാനിലെ ആക്രമണത്തില്‍ ഹമാസ് നേതാവ് ഫതഹ് ശരീഫിനെ വധിച്ചതിനു പിന്നാലെയാണ് ഇസ്രായേല്‍ സേന ആക്രമണം അതിശക്തമാക്കിയിരിക്കുന്നത്.
ലബനോനില്‍ ആക്രമണം രൂക്ഷമാക്കിയതോടെ കൂട്ടപലായനം തുടരുകയാണ്. ഒരു ലക്ഷത്തോളം പേര്‍ ഇതിനകം സിറിയയിലേക്ക് അതിര്‍ത്തി കടന്നിരിക്കുന്നു.ഇസ്രായേല്‍ കരയുദ്ധം നടത്തിയാല്‍ അതിനേ ശക്തിയോടെ ചെറുക്കുമെന്നും ഹിസ്ബുല്ല സജ്ജമാണെന്നും ഹസന്‍ നസ്‌റുല്ലയുടെ വധത്തിനുശേഷം ആദ്യമായി നടന്ന ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ നയീം ഖാസിം പറയുന്നു. ആറു മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടെങ്കിലും സംഘടന സംവിധാനം ഉലയാതെ തുടരുന്നുവെന്നും ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും നിലവില്‍ ചുമതല വഹിക്കുന്ന നയീം ഖാസിം ആവര്‍ത്തിച്ചിരിക്കുന്നു.
ഇസ്രായേല്‍ ആക്രമണം രൂക്ഷമായ തെക്കന്‍ ലബനോനില്‍ സൈന്യത്തെ വിന്യസിക്കാന്‍ ഒരുക്കമാണെന്ന് ലബനാന്‍ ഇടക്കാല പ്രധാനമന്ത്രി മീഖാതിയും അറിയിച്ചിരിക്കുന്നു.തെക്കന്‍ ബെയ്‌റൂട്ടിലെ അല്‍ അബ്ബാസിയ, ബെദിയാസ്, ഹാറൂഫ് എന്നിവിടങ്ങളില്‍ ഇസ്രായേല്‍ സൈനിക റെയ്ഡുകള്‍ നടത്തിവരികയാണ്.കഴിഞ്ഞ രാത്രിയില്‍ ഇസ്രായേല്‍ ബെയ്‌റൂട്ടില്‍ ആറ് തവണ നടത്തിയ ബോംബാക്രമണത്തിലും നൂറു കണക്കിന് പേരാണ് കൊല്ലപ്പെട്ടത്. ഇതുവരെ ലബനനിലെ 1660 കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.
തെക്കന്‍ ലെബനോനിലെ സിഡോനിലുള്ള പലസ്തീന്‍ ക്യാമ്പിനു നേരെയും ഇസ്രായേലിന്റെ കടുത്ത വ്യോമാക്രമണമുണ്ടായി. ലെബനിനിലുള്ള ഏറ്റവും വലിയ പാലസ്തീന്‍ ക്യാമ്പാണ് ആക്രമിക്കപ്പെട്ടത്. യുദ്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്രയേലിനു പിന്തുണയായി കൂടുതല്‍ യുദ്ധവിമാനങ്ങളും ആയിരക്കണക്കിനു സൈനികരെയും അമേരിക്ക മേഖലയിലേക്ക് അയച്ചതോടെ ഇനിയുള്ള മണിക്കൂറുകളില്‍ പോരാട്ടം അതിശക്തമായിരിക്കും.
ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കന്‍ മേഖലകളിലാണ് ഇസ്രയേല്‍ ആക്രമണങ്ങള്‍ ശക്തമായി തുടരുന്നത്. ലെബനന്‍ മറ്റൊരു ഗാസയാകും എന്ന നിലയിലാണ് കൂട്ടക്കുരുതി നടക്കുന്നത്.
ഇന്നലെ തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലെബനനില്‍ മാത്രം ആയിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ 7 ന് ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായിട്ടായിരുന്നു ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ സൈന്യം വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്. ഇതിന് സമാനമായ നീക്കമാണ് ലെബനനിലും ഇസ്രയേല്‍ നടത്തിവരുന്നത്.
ഹമാസിനും ഹിസ്ബുല്ലയ്ക്കും യെമനിലെ ഹൂതികള്‍ക്കുമെല്ലാം പിന്നില്‍ ഇറാനാണെന്നും അതിനാല്‍ ഇറാനിലേക്കുകൂടി യുദ്ധം വ്യാപിപ്പിക്കാന്‍ ഇസ്രയേല്‍ ആഗ്രഹിക്കുന്നുണ്ടെന്നും കരുതുന്നവരുണ്ട്. ഇറാന്‍ പ്രസിഡന്റായിരുന്ന ഇബ്രാഹിം റഈസി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇസ്രയേലിനെ ഇറാന്‍ സംശയിക്കുന്നുണ്ട്. ഹമാസിന്റെ മുന്‍ തലവന്‍ ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടത് ഇറാന്റെ അതിഥിയായി ടെഹ്‌റാനില്‍ എത്തിയപ്പോഴാണ്. ഇസ്രായേല്‍ ഇറാനെക്കൂടി ഒരേ സമയം ആക്രമിക്കുമോ എന്നതാണ് ഏറ്റവും ആശങ്കയുണര്‍ത്തുന്നത്.
https://www.facebook.com/Malayalivartha