ആന്ധ്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം

ആന്ധ്രയിലെ കുർണൂൽ ജില്ലയിലെ മന്ത്രാലയത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം. 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് .
തീർഥാടകരുടെ ബൊലേറോ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അഞ്ചു സ്ത്രീകളും ഒരു പെൺകുട്ടിയും രണ്ട് പുരുഷൻമാരുമാണ് മരിച്ചത്. മന്ത്രാലയത്തിലുള്ള രാഘവേന്ദ്ര മഠത്തിലേക്ക് ദർശനത്തിനായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെ യെമ്മിഗനൂർ മണ്ഡലത്തിലെ ചിലകലഡോണ ഗ്രാമത്തിന് സമീപം എൻഎച്ച് 167 ലാണ് വാഹനം എതിർദിശയിൽ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിച്ചത്.
ഇരുപതോളം പേരാണ് ബൊലേറോയിലുണ്ടായിരുന്നത്. കർണാടകയിലെ ചിക്കമഗളൂരു സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ സമീപത്തുള്ള ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, വ്യവസായ വാണിജ്യ മന്ത്രി ടി ജി ഭരത് ഗുപ്ത, റോഡ്, കെട്ടിട മന്ത്രി ബി സി ജനാർദൻ റെഡ്ഡി എന്നിവർ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട വൈദ്യസഹായം ഉറപ്പാക്കാനായി മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തു.
എട്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചെന്നും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായും യെമ്മിഗനൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരെ കർണൂൽ ഗവൺമെന്റ് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
"
https://www.facebook.com/Malayalivartha

























