യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു; അന്ത്യശാസനം മുഴക്കി...

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി വധിക്കാതെ ഇറാനുമായുളള യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അന്ത്യശാസനം മുഴക്കി. ഇറാനോടു ക്ഷമിക്കാന്‍ തയാറല്ലെന്നും ഇറാനില്‍ ഒരാള്‍പോലും സുരക്ഷിതനല്ലെന്നും നെതന്യാഹു പ്രഖ്യാപിച്ചിരിക്കുകയാണ്. ജീവിതകാലം മുഴുവന്‍ ഖൊമേനി ഭൂമിക്കടിയിലെ ഉരുക്കു ബങ്കറില്‍ കഴിയേണ്ടിവരുമെന്നും പുറത്തിറങ്ങിയാല്‍ വധിക്കുമെന്നുമാണ് നെതന്യാഹുവിന്റെ വെല്ലുവിളി. എന്നാല്‍ ഖൊമേനി കഴിയുന്ന രഹസ്യകേന്ദ്രം തങ്ങള്‍ക്കറിയാമെന്നും അവിടെ ആക്രമണത്തിന് ഏറെ വൈകില്ലെന്നുമാണ് ഇസ്രായേലിന്റെ തീരുമാനം.
ഇസ്രായേലിലെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ ഒരിക്കലും നീതീകരിക്കാനാവില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കാന്‍ ഇസ്രയേലിന് ശേഷിയുണ്ടെന്നും നെതന്യാഹു ആവര്‍ത്തിച്ചു. ഇറാന്റെ പരമോന്നത മേധാവിയായ ഖൊമേനിയെ വധിക്കുന്നതില്‍ യാതൊരു മാറ്റവുമില്ല. ഇറാനെ തകര്‍ക്കാനുള്ള എല്ലാ സാധ്യതകളും തുറന്നിരിക്കുന്നതായി നെതന്യാഹു പറഞ്ഞു.
തെക്കന്‍ നഗരമായ ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രിയിലാണ് ആക്രമണമുണ്ടായത്. ആശുപത്രിക്ക് സമീപത്തെ ആര്‍മി കണ്‍ട്രോള്‍ സെന്ററിനെ ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതെന്നും ഉന്നം തെറ്റിയതാണെന്നുമുള്ള ഇറാന്റ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്. നിരപരാധികളായ മനുഷ്യരെയും അവരെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ഇന്നു രാവിലെയും ആവര്‍ത്തിച്ചു.
സൊറോക ആശുപത്രി ആക്രമണത്തിന് ഇറാന്‍ കനത്തവില നല്‍കേണ്ടിവരുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറയുന്നു. ഇറാനിലെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖൊമേനിയുള്‍പ്പെടെ ഇറാനില്‍ ആരും സുരക്ഷിതരല്ലെന്ന് സൊറോക സന്ദര്‍ശിച്ച് നെതന്യാഹു ഭീഷണി മുഴക്കി. ഇറാന്റെ ആണവപദ്ധതികളെ മുച്ചൂടും മുടിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. തകര്‍ന്നത് ഗാസയില്‍ വംശഹത്യ നടത്തുന്നതിനിടെ പരിക്കേറ്റ ഇസ്രയേല്‍ സൈനികരെ ചികിത്സിക്കുന്ന ആശുപത്രിയാണെന്ന് ഇറാന്‍ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. ഗാസയില്‍ വംശഹത്യാ ശ്രമത്തിനിടെ പരിക്കേറ്റ ഇസ്രായേല്‍ സൈനികരെ ചികിത്സിച്ചിരുന്നത് ഇവിടെയാണ്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയെ ഭൂമിയില്‍ ജീവിച്ചിരിക്കാന്‍ അനുവദിക്കില്ലെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സും ആവര്‍ത്തിച്ചിരിക്കുകയാണ്. ഖൊമേനിയെ ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുമായിാണ് കാറ്റ്‌സ് താരതമ്യം ചെയ്തിരിക്കുന്നത്. ഇസ്രായേലിനെ നശിപ്പിക്കുക എന്ന ലക്ഷ്യം സ്വയം നിശ്ചയിച്ച ഖൊമേനിയെപ്പോലുള്ള സ്വേച്ഛാധിപതിയെ ഇനി നിലനിറുത്താന്‍ കഴിയില്ലെന്നും കാറ്റ്‌സ് പറഞ്ഞു. ഇസ്രായേലിനെ തകര്‍ക്കണമെന്നത് യുദ്ധലക്ഷ്യമാണെന്ന് ഖൊമേനി തുറന്നുപ്രഖ്യാപിച്ചിരിക്കുന്നു. ആശുപത്രികളെ ആക്രമിക്കാന്‍ വ്യക്തിപരമായി ഉത്തരവിടുകയും ചെയ്തു. അങ്ങനെയൊരാളെ ജീവനോടെയിരിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞിരിക്കുന്നത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം യുദ്ധം ആരംഭിച്ചതിനുശേഷം ഇറാനില്‍ നാനൂറിലധികം പേരും ഇസ്രായേലില്‍ 24 പേരും മരിച്ചുകഴിഞ്ഞു. അതിനിടെ ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിനൊപ്പം ചേരാന്‍ അമേരിക്ക അവസാനവട്ടം ഒരുക്കത്തിലാണ് ഇതിന്റെ ഭാഗമായി ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി ട്രംപ് അടിയന്തര യോഗം ചേര്‍ന്നു. പലസ്തീനിലെ 94 ശതമാനം ആശുപത്രികളും തകര്‍ത്തത് ഇസ്രായേലാണെന്നും .ആശുപത്രികളെയും സാധാരണക്കാരെയും ലക്ഷ്യംവയ്ക്കുന്നത് ഇറാനല്ല, ഇസ്രയേലി യുദ്ധക്കുറ്റവാളികളാണെന്നുമാണ് ഇറാന്‍ ആരോപിക്കുന്നത്. അതിനിടെ വടക്കന്‍ ഇസ്രായേലിലെ ഹൈഫക്ക് നേരെ നടന്ന മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേല്‍ ആഭ്യന്തര മന്ത്രി മോഷെ അര്‍ബെലിന്റെ വീട് ഭാഗികമായി തകര്‍ന്നത് ഇസ്രായേലിന് നാണക്കേടായി.
ആക്രമണം നടക്കുമ്പോള്‍ പുരോഹിതന്മാര്‍ പള്ളിയില്‍ ഉണ്ടായിരുന്നുവെന്ന് ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഹൈഫയിലെ ഇസ്രായേലിന്റെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ഇറാന്‍ മുമ്പ് ആക്രമിച്ചിരുന്നു. മിസൈല്‍ ആക്രമണത്തിന് പിന്നാലെ മധ്യ ഇസ്രായേലിലെ ഒരു നാല് നില അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ തീപിടിത്തമുണ്ടായി. ഏതാനു പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അവിടെ തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അതേസമയം ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ആക്രമിച്ചതായി ഇറാനിയന്‍ റവലൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലും ഇസ്ഫഹാനിലും ഇസ്രായേല്‍ വ്യാപക ആക്രമണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha