ഇറാന്റെ ഫൊര്‍ദോ ആണവകേന്ദ്രത്തിനുനേര്‍ക്ക് വീണ്ടും ആക്രമണം

ഇറാന്റെ ഫൊര്‍ദോ ആണവകേന്ദ്രത്തിനുനേര്‍ക്ക് വീണ്ടും ആക്രമണമെന്ന് ഇറാന്റെ മാധ്യമങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. എത്ര നാശനഷ്ടങ്ങളുണ്ടായെന്നോ ആരാണ് ആക്രമിച്ചതെന്നോ ഉള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് യുഎസ് ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളുടെ നേര്‍ക്ക് ബോംബിട്ടത്.
ഇതേത്തുടര്‍ന്ന് യുഎസിന്റെ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തുമെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇസ്രയേല്‍ ഇന്നു നടത്തിയ ആക്രമണത്തില്‍ ടെഹ്‌റാനിലെ എവിന്‍ ജയിലിന്റെ കവാടം തകര്‍ന്നതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷനെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം 11ാം ദിവസത്തിലേക്കു കടന്നു.
അതേസമയം, ഇസ്രയേലിനെതിരെ മിസൈലുകള്‍ വിക്ഷേപിച്ച വ്യോമ താവളങ്ങള്‍ ആക്രമിച്ചെന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവ് അറിയിച്ചു. പടിഞ്ഞാറന്‍, കിഴക്കന്‍, മധ്യ ഇറാനിലെ ആറു വ്യോമതാവളങ്ങളിലാണ് ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തിയതെന്ന വിവരമാണ് പുറത്തുവരുന്നത്. ഇന്ധനം നിറയ്ക്കുന്ന വിമാനവും എഫ്14, എഫ്5, എഎച്ച്1 വിമാനങ്ങളും നശിപ്പിച്ചുവെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.
മധ്യ ഇറാനിലുള്ള സര്‍ഫസ്ടുസര്‍ഫസ് മിസൈല്‍ സംഭരണ സൗകര്യങ്ങളും ഇസ്രയേല്‍ സൈന്യം ലക്ഷ്യമിട്ടു. 15ല്‍ അധികം യുദ്ധവിമാനങ്ങളാണ് പടിഞ്ഞാറന്‍ ഇറാനിലെ കെര്‍മാന്‍ഷാ പ്രദേശത്ത് ആക്രമണം നടത്തിയത്. നിരവധി സര്‍ഫസ്ടുസര്‍ഫസ് മിസൈല്‍ വിക്ഷേപണ, സംഭരണ സ്ഥലങ്ങള്‍ നിര്‍വീര്യമാക്കി എന്നും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
ഞായറാഴ്ചത്തെ യുഎസിന്റെ ആക്രമണത്തില്‍ ഭൂഗര്‍ഭ ആണവ നിലയമായ ഫൊര്‍ദോയ്ക്ക് കാര്യമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെന്നും എന്തൊക്കെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നു വ്യക്തമല്ലെന്നും ഐക്യരാഷ്ട്രസംഘടനയുടെ ആണവ ഏജന്‍സി തലവന്‍ റാഫേല്‍ ഗ്രോസി പറഞ്ഞു. രാജ്യാന്തര ആറ്റമിക് എനര്‍ജി ഏജന്‍സിയുടെ അടിയന്തര യോഗത്തില്‍ എഴുതിയ നല്‍കിയ പ്രസ്താവനയിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.
ഇസ്രയേലിനുനേര്‍ക്ക് ഇറാന്‍ ഇന്നും ആക്രമണം നടത്തി. രാജ്യത്തിന്റെ വടക്ക്, മധ്യ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇറാന്‍ ഇന്ന് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പറഞ്ഞു. 'ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3'ന്റെ പുതിയ തന്ത്രപരമായ ആക്രമണമാണ് നടന്നതെന്ന് ഇറാന്‍ വ്യക്തമാക്കി. ഹൈഫ, ടെല്‍ അവീവ് നഗരങ്ങളാണ് ഇറാന്‍ ലക്ഷ്യമിട്ടതെന്ന് ഇറാന്റെ ഔദ്യോഗിക ടെലിവിഷനും പറഞ്ഞു. ജറുസലമിലും സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha