അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പ്രവചനങ്ങൾ എല്ലാം സത്യമാവുന്നു .നിയന്ത്രണാതീതമായ കാട്ടു തീ ശക്തമായ കാറ്റുകൂടി എത്തിയതോടെ തെക്കന്‍ ഫ്രാന്‍സിലെ നഗരമായ മാഴ്സെല്ലിയില്‍ അതിവേഗം വ്യാപിക്കുകയാണ്. നഗര പ്രാന്തങ്ങളിലുള്ള വീടുകളിലെക്ക് അഗ്‌നിനാളങ്ങള്‍ എത്തുന്നതിനു മുന്‍പേ അത് അണയ്ക്കുന്നതിനായി നൂറുകണക്കിന് അഗ്‌നിശമന പ്രവര്‍ത്തകരെയാണ് വിന്യസിച്ചിരിക്കുന്നത്. ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു.
പ്രദേശത്തെ വിമാനത്താവളം അടച്ചു പൂട്ടിയിരിക്കുകയാണ്. ക്രൊയേഷ്യ, ഗ്രീസ്, സ്പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, തുര്‍ക്കി എന്നിവ ഉള്‍പ്പടെ യൂറോപ്പിന്റെ പല ഭാഗങ്ങളിലും വിചിത്രമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.ക്രൊയേഷ്യയുടെ തീരങ്ങളില്‍ കൂറ്റന്‍ തിരമാലകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍, സ്പെയിനിലെ ടറാഗോണയില്‍3000 ഹെക്റ്ററോളം കൃഷിയിടമാണ് അഗ്‌നിക്കിരയായത്. തീരദേശ നഗരമായ മാഴ്സില്ലെയില്‍ ഇതുവരെ 700 ഹെക്റ്ററോളം ഭൂമി ചാരമായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍, ഇതുവരെ മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
അതിനിടയില്‍ ക്രൊയേഷ്യയിലെ തീരദേശ മേഖലയായ ഇസ്ട്രിയ ഇന്നലെ നിരവധി ടൊര്‍ണാഡോകള്‍ക്ക് സാക്ഷ്യം വഹിച്ചു. കടല്‍ വെള്ളം സ്തംഭം പോലെ ഉയരുന്ന കാഴ്ചകള്‍ തീര്‍ത്തും ഭീതി ഉണര്‍ത്തുന്നതായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു.അതേസമയം, ഉഷ്ണതരംഗം താണ്ഡവമാടുന്ന ഗ്രീസില്‍, ഏഥന്‍സിലെ ആക്രോപോളിസ് ഭാഗികമായി അടച്ചുപൂട്ടാന്‍ രാജ്യത്തെ സാംസ്‌കാരിക മന്ത്രാലയം ഉത്തരവിട്ടു. സന്ദര്‍ശകരെ ഉഷ്ണ തരംഗത്തിന്റെ കാഠിന്യത്തില്‍ നിന്നും രക്ഷിക്കാനായിട്ടാണ് ഈ നീക്കം.
ഇന്നലെ ഇവിടെ താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഉയര്‍ന്നു. ജീവനക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കാനായി രാജ്യത്തെ ഏറ്റവും പ്രമുഖമായ സ്മാരകം ഉച്ചക്ക് 1 മണി മുതല്‍ വൈകിട്ട് 5 മണി വരെ അടച്ചിടും എന്നാണ് ഉത്തരവിലുള്ളത്. കടുത്ത ചൂട് രാജ്യത്ത് കാട്ടുതീക്ക് കാരണമായിട്ടുണ്ട്.
https://www.facebook.com/Malayalivartha