റഡാര്‍ പിളര്‍ന്നെത്തി പോളണ്ടില്‍ തീ തുപ്പി റഷ്യന്‍ ഡ്രോണുകള്‍ ; അതിര്‍ത്തികള്‍ അടച്ച് സുരക്ഷ കൂട്ടി പോളിഷ് സര്‍ക്കാര്‍

ചൊവ്വാഴ്ച ഖത്തറിന്റെ നെഞ്ചത്ത് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഞെട്ടിയ ലോകരാജ്യങ്ങള്‍ നേരം വെളുത്തപ്പോള്‍ റഷ്യ പോളണ്ടിലേക്ക് നടത്തിയ ആക്രമണ വാര്‍ത്ത കേട്ട് വിറച്ചു. യുദ്ധങ്ങള്‍ അയവില്ലാതെ തുടുരുന്നു പുതിയ യുദ്ധ മുഖങ്ങള്‍ തുറക്കുന്നു. ഇതിന്റെ ഭീതിയിലും ദുരിതത്തിലും മറ്റ് രാജ്യങ്ങള്‍ ഉഴലുന്നു. യുക്രൈനെ വീഴ്ത്തി പോളണ്ടിലേക്ക് കടക്കാനോ റഷ്യന്‍ നീക്കം. പോളണ്ടിന്റെ റഡാര്‍ പിളര്‍ന്നെത്തി റഷ്യന്‍ ഡ്രോണുകള്‍ തീ തുപ്പി. ഭയപ്പെട്ട് വിമാനത്താവളങ്ങളും അതിര്‍ത്തികളും അടച്ച് സുരക്ഷ കൂട്ടി പോളണ്ട് സര്‍ക്കാര്‍. റഷ്യന്‍ ഡ്രോണുകള്‍ നാറ്റോ അംഗമായ പോളണ്ടിന്റെ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച റഷ്യന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായി പോളണ്ട് സൈന്യം വ്യക്തമാക്കി. 2022ല്‍ യുക്രെയ്ന്‍-റഷ്യ യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായാണ് റഷ്യന്‍ ഡ്രോണുകള്‍ പോളണ്ട് വീഴ്ത്തുന്നത്. പോളണ്ട് നാറ്റോ രാജ്യമാണ്. നാറ്റോ രാജ്യങ്ങള്‍ക്കുമേല്‍ ആക്രമണം ഉണ്ടായാല്‍ അമേരിക്കയ്ക്ക് ഇടപെടേണ്ടി വരും. യുഎസ് റഷ്യ യുദ്ധം ഉടലെടുക്കുമോയെന്ന് ഭയപ്പെട്ട് രാജ്യങ്ങള്‍.
ഇറാനിയന്‍ നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ച് നാറ്റോ അംഗമായ പോളണ്ടിനെ റഷ്യ ആക്രമിച്ചതായി യുഎസ് ജനപ്രതിനിധി സഭാംഗം ജോ വില്‍സണ്‍ ആരോപിച്ചു. 'യുദ്ധപ്രവൃത്തി' ആണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. റഷ്യന്‍ ഡ്രോണുകള്‍ പോളണ്ടിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതായി യുക്രെയ്ന്‍ വ്യോമസേന വ്യക്തമാക്കിയതിനു പിന്നാലെയാണ് ഈ പ്രസ്താവന. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കിയതായി പോളണ്ട് വ്യക്തമാക്കി. കഴിഞ്ഞയാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പോളണ്ട് പ്രസിഡന്റ് കരോള്‍ നവ്‌റോക്കിയും വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പോളണ്ടിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഡ്രോണ്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് പോളണ്ട് അതീവജാഗ്രതയിലാണ്. തലസ്ഥാനമായ വാഴ്‌സയിലെ രണ്ട് വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ നാല് വിമാനത്താവളങ്ങള്‍ അടച്ചിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ ഡ്രോണുകള്‍ അതിര്‍ത്തി കടന്നെത്തിയതിന് പിന്നാലെ പോളണ്ട് സൈനികവിമാനങ്ങള്‍ സജ്ജമാക്കിയതായി പോളിഷ് സായുധസേന അറിയിച്ചു. കരയിലും ആകാശത്തും ഒരുപോലെ സൈനിക മുന്നൊരുക്കം ശക്തമാക്കി. റഡാര്‍ സംവിധാനങ്ങളും സജ്ജമാണ്. സൈനിക നടപടി തുടരുകയാണെന്നാണ് പോളിഷ് സേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. എല്ലാവരും വീടുകളില്‍ തുടരണമെന്നും സൈന്യം അഭ്യര്‍ഥിച്ചു. അതിര്‍ത്തി കടന്നെത്തിയ ഡ്രോണുകള്‍ വെടിവെച്ചിട്ടതായും ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണെന്നും പോളിഷ് സായുധസേന അറിയിച്ചു. യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ പോളണ്ട് ശക്തമായ നിരീക്ഷണം തുടരുകയാണ്. അതിനിടെ, ഡ്രോണ്‍ ആക്രമണം നടന്നതായി പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കും സ്ഥിരീകരിച്ചു. പോളണ്ടിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയ ഡ്രോണുകള്‍ തകര്‍ത്തതായും ഓപ്പറേഷന്‍ തുടരുകയാണെന്നും പോളണ്ട് ഡെപ്യൂട്ടി പ്രതിരോധ മന്ത്രി സെസാറി ടോംസികും മാധ്യമങ്ങളോട് പറഞ്ഞു. പോലീസിന്റെയും സൈന്യത്തിന്റെയും അറിയിപ്പുകള്‍ പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.
അതിനിടെ, യുക്രെയ്‌നിലെ പെന്‍ഷന്‍ വിതരണ കേന്ദ്രത്തില്‍ റഷ്യയുടെ മിസൈല്‍ പതിച്ച് 23 പേര്‍ക്ക് ദാരുണാന്ത്യം. 18 പേര്‍ക്കു പരുക്കേറ്റു. കിഴക്കന്‍ യുക്രെയ്‌നിലെ യാരോവയില്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്ന സമയത്താണ് മിസൈല്‍ ആക്രമണമുണ്ടായത്. നിരപരാധികളായ സാധാരണക്കാരെയാണ് റഷ്യ കൂട്ടക്കുരുതി ചെയ്തതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ആരോപിച്ചു. മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതിന്റെ ചിത്രം സെലെന്‍സ്‌കി സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു. റഷ്യ നടത്തുന്ന ക്രൂരതയെപ്പറ്റി ലോകം നിശബ്ദത പാലിക്കരുതെന്ന് സെലെന്‍സ്‌കി ആവശ്യപ്പെട്ടു. യുഎസും യൂറോപ്പും ഈ വിഷയത്തില്‍ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ റഷ്യ പ്രതികരിച്ചിട്ടില്ല.
ഒരിടവേളയ്ക്ക് ശേഷം റഷ്യയുക്രൈന്‍ സംഘര്‍ഷം വീണ്ടും ശക്തമാവുന്നു. റഷ്യന്‍ സൈന്യം മധ്യ കൈവിലെ യുക്രൈന്‍ മന്ത്രിസഭ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ആക്രമിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം ശക്തമാവുന്നത്. ആക്രമണത്തില്‍ ഒരു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇതിന് തിരിച്ചടിയായി ബ്രയാന്‍ക്‌സ് മേഖലയിലെ റഷ്യയുടെ ഡ്രുഷ്ബ എണ്ണ പൈപ്പ്‌ലൈനിനെതിരെ യുക്രൈനും ആക്രമണം നടത്തി. കീവിലെ പെച്ചേര്‍സ്‌കി ജില്ലയിലെ ക്യാബിനറ്റ് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നും മുകളിലത്തെ നിലകളില്‍ നിന്നും രാത്രിയില്‍ നടന്ന ആക്രമണത്തിന് ശേഷം കട്ടിയുള്ള കറുത്ത പുക ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാസങ്ങള്‍ക്കിടയിലെ ഏറ്റവും ഗുരുതരമായ സംഘര്‍ഷാവസ്ഥയാണിതെന്ന് അധികൃതര്‍ വിശേഷിപ്പിച്ചു. ഇടക്കാലത്ത് സമാധാന ശ്രമങ്ങള്‍ സജീവമായിരുന്നതിനാല്‍ ആക്രമണത്തിന്റെ ശേഷി കുറവായിരുന്നു. ആദ്യമായി, ഒരു സര്‍ക്കാര്‍ കെട്ടിടത്തിന് ശത്രുവിന്റെ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. ഞങ്ങള്‍ കെട്ടിടങ്ങള്‍ പുനഃസ്ഥാപിക്കും, പക്ഷേ നഷ്ടപ്പെട്ട ജീവന്‍ തിരികെ ലഭിക്കില്ലാല്ലോ എന്നായിരുന്നു അധികൃതരുടെ പ്രതികരണം. പിന്നാലെ റഷ്യന്‍ എണ്ണയ്ക്കും വാതകത്തിനും എതിരായ ഉപരോധങ്ങള്‍ കര്‍ശനമാക്കി പാശ്ചാത്യ സഖ്യകക്ഷികള്‍ വാക്കുകളിലൂടെയല്ല, പ്രവൃത്തികളിലൂടെ പ്രതികരിക്കണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടു. ഡ്രോണുകളുടെ ഒരു നീണ്ട നിരയോടെയാണ് മേഖലയില്‍ ആക്രമണം ആരംഭിച്ചതെന്ന് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു, തുടര്‍ന്ന് മിസൈലുകളും പ്രദേശത്തേക്ക് ഇരച്ചെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവരില്‍ ഒരു വയസ്സുള്ള കുട്ടിയും ഒരു യുവതിയും ഒരു ബേസ്‌മെന്റില്‍ അഭയം പ്രാപിച്ച ഒരു വൃദ്ധയും ഉള്‍പ്പെടുന്നു.
ഇതിനിടെ റഷ്യയുമായി വ്യാപാര ബന്ധമുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചുമത്തിയ തീരുവകളെ പിന്തുണച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. ഈ നടപടി ശരിയായ ആശയമാണെന്ന് സെലെന്‍സ്‌കി പറഞ്ഞു. മോസ്‌കോയുടെ ഊര്‍ജ വ്യാപാരം യുക്രെയ്‌നെതിരായ യുദ്ധത്തിന് സഹായകമാകുന്നുണ്ട്. റഷ്യയെ നിലയ്ക്കു നിര്‍ത്താന്‍ അവരുമായുള്ള രാജ്യങ്ങളുടെ കയറ്റുമതി നിര്‍ത്തേണ്ടതുണ്ടെന്നും വൊളോഡിമിര്‍ സെലെന്‍സ്‌കി വ്യക്തമാക്കി. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്ന ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ഉള്‍പ്പെടെ ട്രംപ് തീരുവ 50 ശതമാനമായി ഇരട്ടിയാക്കിയതിന്റെ പശ്ചാത്തലത്തില്‍ പ്രതികരണം തേടിയപ്പോഴാണ് സെലെന്‍സ്‌കി നിലപാട് വ്യക്തമാക്കിയത്. മോസ്‌കോയുമായുള്ള ഊര്‍ജ വ്യാപാരം തുടരുന്നതിന് യുക്രെയ്‌നിന്റെ യൂറോപ്യന്‍ പങ്കാളികളെയും സെലെന്‍സ്‌കി വിമര്‍ശിച്ചത് ശ്രദ്ധേയമായി.
'റഷ്യയ്ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ആവശ്യമാണെന്ന് നമുക്കെല്ലാവര്‍ക്കും മനസ്സിലായി. അമേരിക്കയില്‍ നിന്ന് സമ്മര്‍ദ്ദം ആവശ്യമാണ്. യൂറോപ്യന്‍ രാജ്യങ്ങളെക്കുറിച്ച് ട്രംപ് പറഞ്ഞത് ശരിയാണെന്ന് ഞാന്‍ കരുതുന്നു. എല്ലാ പങ്കാളികളോടും ഞാന്‍ വളരെ നന്ദിയുള്ളവനാണ്. എന്നാല്‍ അവരില്‍ ചിലര്‍ എണ്ണയും റഷ്യന്‍ വാതകവും വാങ്ങുന്നത് തുടരുന്നു. ഇത് ന്യായമല്ല. അതിനാല്‍ റഷ്യയില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഊര്‍ജ്ജം വാങ്ങുന്നത് നമ്മള്‍ നിര്‍ത്തണം. റഷ്യയുമായി ഇടപാടുകള്‍ തുടരുന്ന രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുക എന്ന ആശയം ശരിയായ ആശയമാണെന്ന് ഞാന്‍ കരുതുന്നു. കൊലയാളിയെ തടയാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണിത്. നിങ്ങള്‍ അവന്റെ ആയുധം അഴിച്ചുമാറ്റണം. ഊര്‍ജ്ജമാണ് അവന്റെ ആയുധം.' സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha