പ്രമേഹത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എം.എല്‍.എ ചമ്ര ലിന്‍ഡയെ വെള്ളിയാഴ്ച രാത്രി അറസ്റ്റു ചെയ്തു

2013ല്‍ നിയമസഭയ്ക്കു മുന്നില്‍ നടത്തിയ അക്രമങ്ങളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) എം.എല്‍.എ ചമ്ര ലിന്‍ഡയെ വെള്ളിയാഴ്ച രാത്രി അറസ്റ്റു ചെയ്തു. കടുത്ത പ്രമേഹത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളെ ആശുപത്രിയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്.
എന്നാല്‍ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, ജെ.എം.എം പ്രവര്‍ത്തകര്‍ ആശുപത്രി വളഞ്ഞത് കാരണം ലിന്‍ഡയെ ആശുപത്രിയില്‍ തന്നെ തുടരാന്‍ അനുവദിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇയാള്‍ ആശുപത്രി വിടുന്നത് കാത്തിരിക്കുകയാണ് പോലീസ്.
പോലീസ് നടപടി അരാജകത്വമാണെന്നും വിജയത്തിനായി ഭരണകക്ഷിയായ ബി.ജെ.പി നിയമവിരുദ്ധവും അധാര്‍മ്മികവുമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും ജെ.എം.എം ആരോപിച്ചു. ബി.ജെ.പിയില്‍ നിന്നുള്ള മറ്റൊരു സ്ഥാനാര്‍ത്ഥി മഹേഷ് പോഡ്ഡാറിന് വിജയിക്കാന്‍ ഏഴ് വോട്ടുകളുടെ കുറവുണ്ട്. ഇത് മറികടക്കാനാണ് ബി.ജെ.പി എതിരാളികള്‍ക്കെതിരെ പുതിയ തന്ത്രം പുറത്തെടുത്തത്.
അംഗങ്ങള്‍ വോട്ടുചെയ്യുന്നത് തടയാന്‍ ബി.ജെ.പി സര്‍ക്കാര്‍ ഇവരെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് കാണിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ലിന്‍ഡയ്ക്ക് ജാമ്യം തേടി ഇന്നു തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ജെ.എം.എം അറിയിച്ചു. കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങള്‍ക്കെതിരെയും അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
ജെ.എം.എം പാര്‍ട്ടി അധ്യക്ഷന്‍ ഷിബു സോറന്റെ ഇളയ മകന്‍ ബസന്ത് സോറനാണ് ജെ.എം.എമ്മിനു വേണ്ടി രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. കോണ്‍ഗ്രസിലെ ഏഴ് അംഗങ്ങളും ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുടെ രണ്ടു പേരും ഇടത് കക്ഷികളിലെ രണ്ട് പേരും ജെ.എം.എമ്മിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha