സങ്കടക്കാഴ്ചയായി... നെലമംഗലയിൽ കർണാടക ആർടിസി ബസിൽ കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം

ബംഗളൂരു നെലമംഗലയിൽ കർണാടക ആർടിസി ബസിൽ കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം. ജിൻഡാലിന് സമീപം ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം സംഭവിച്ചത്.
മരിച്ചവരിൽ നാലുപേർ വിദ്യാർത്ഥികളും ഒരാൾ ഡ്രൈവറുമായിരുന്നു. ഇവരിൽ ദോഡ്ബല്ലാപൂർ സ്വദേശികളായ ഹർഷിത്, നികിത് എന്നിവരെ തിരിച്ചറിഞ്ഞു. ഹർഷിത് രാജനകുണ്ടെ സായ് വിദ്യാ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.
തുമകൂരുവിൽ നിന്ന് അമിതവേഗതയിലെത്തിയ ഇൻഡിക്ക കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡർ ഇടിച്ചിട്ട് ബംഗളൂരുവിൽ നിന്നുവരികയായിരുന്ന ബസിലിടിക്കുകയായിരുന്നു. നാലുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
അവധിദിവസം ആഘോഷിക്കാനായി പോയതായിരുന്നു വിദ്യാർത്ഥികൾ. അപകടത്തിൽ കാർ പൂർണമായും തകർന്നനിലയിലാണ്. ഗുരുതര പരിക്കേറ്റ കാർ ഡ്രൈവറെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് . സംഭവത്തിൽ മദനായകനഹള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി നെലമംഗല സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രി എട്ടരയോടെ ഹർഷിത് സുഹൃത്തുക്കളെ കാണാനായി പോയതാണെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞത്. അതേസമയം, ബസിൽ 42 യാത്രക്കാരുണ്ടായിരുന്നു. ഇവരിൽ മുൻവശത്തിരുന്ന കുറച്ചാളുകൾക്ക് നിസാരപരിക്കേറ്റെന്നും ബാക്കിയുള്ളവരെ മറ്റുബസുകളിൽ കയറ്റിവിട്ടെന്നും പൊലീസ് .
"
https://www.facebook.com/Malayalivartha



























