ഇന്ത്യന്‍ നയതന്ത്രജ്ഞ അപമാനിക്കപ്പെട്ട സംഭവം; ഇന്ത്യ കടുത്ത നടപടിക്ക്

അമേരിക്കയില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ അപമാനിക്കപ്പെട്ടതില്‍ ഇന്ത്യ കടുത്ത നടപടിയ്‌ക്കൊരുങ്ങുന്നു. ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കൂടാതെ എംബസി ഉദ്യോഗസ്ഥരുടെ വീട്ടുവേലക്കാരുടെ വേതന വ്യവസ്ഥകള്‍ അറിയിക്കാനും ഇന്ത്യന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്റേ നേരത്തെ അമേരിക്കന്‍ പ്രതിനിധി സംഘത്തെ കാണാന്‍ വിസമ്മതിച്ചിരുന്നു. അമേരിക്കയുടെ നിലപാടിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും അറിയിച്ചു.
അമേരിക്കയില്‍ അറസ്‌റ്റിലായ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡയെ യു.എസ് ഉദ്യോഗസ്ഥര്‍ നഗ്നയാക്കി ദേഹപരിശോധന നടത്തിയിരുന്നു. വീട്ടുജോലിക്കാരിക്ക് നിയമപ്രകാരമുള്ള വേതനം നല്‍കിയില്ലെന്നതാണ് ദേവയാനിക്കെതിരായ കുറ്റം. ഇവരെ നഗ്നയാക്കി ദേഹപരിശോധന നടത്തിയതിനുപിന്നാലെ വിലങ്ങണിയിച്ച് കൊടും കുറ്റവാളികള്‍ക്കും മയക്കുമരുന്ന് - ലൈംഗിക തൊഴിലാളികള്‍ക്കും ഒപ്പം സാധാരണ ജയിലിലാണ് പാര്‍പ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വലിയ വിടവാണ് ഉണ്ടായിരിക്കുന്നത്. ലോക്‌സഭാ സ്പീക്കര്‍ മീരകുമാറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും യു.എസ് എം.പിമാരുമായുള്ള ചര്‍ച്ചകള്‍ റദ്ദാക്കിയിട്ടുണ്ട്. ദേവയായിയുടെ അറസ്റ്റില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം യു.എസിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ചട്ടപ്രകാരമുള്ള പരിശോധനമാത്രമാണ് നടത്തിയതെന്നാണ് യു.എസ് വക്താവ് മരെഹാഫ് അവകാശപ്പെട്ടത്.
https://www.facebook.com/Malayalivartha
























