നേപ്പാള്‍ പ്രധാനമന്ത്രി ഒലി രാജിവച്ചു

നേപ്പാളിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി പ്രധാനമന്ത്രി കെ.പി. ഒലി രാജിവച്ചു. കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക്് മാവോയിസ്റ്റുകള്‍ പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ അവിശ്വാസവോട്ടിനെ നേരിടേണ്ട സാഹചര്യമൊരുങ്ങിയ പശ്ചാത്തലത്തിലാണ് രാജി.
രാജി സ്വീകരിച്ചെന്നും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുവരെ കാവല്‍ പ്രധാനമന്ത്രിയായി തുടരാന്‍ ഒലിയോട് ആവശ്യപ്പെട്ടെന്നും പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരിയുടെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിലാണ് ഒലി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. പത്തുവര്‍ഷത്തിനിടെ അധികാരം കൈയാളിയ എട്ടാമത്തെ ഗവണ്‍മെന്റായിരുന്നു ഒലിയുടേത്.
വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഒലി പരാജയപ്പെട്ടെന്നാരോപിച്ച് നേപ്പാളി കോണ്‍ഗ്രസും സിപിഎന്‍ മാവോയിസ്റ്റും കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പ്രധാന സഖ്യകക്ഷികളായ മാധേശി പീപ്പിള്‍ റൈറ്റ്‌സ് ഫോറം- ഡെമോക്രാറ്റിക്കും രാഷ്ട്രീയ പ്രജതന്ത്ര പാര്‍ട്ടിയും പിന്തുണയ്ക്കാന്‍ തീരുമാനിച്ചതോടെയാണ് ഒലി രാജിവച്ചത്.
നിശ്ചിതസമയത്തിനുശേഷം അധികാരമൊഴിയാമെന്ന വാഗ്ദാനത്തില്‍നിന്ന് ഒലി പിന്മാറിയെന്നു നേരത്തെ മാവോയിസ്റ്റുകള്‍ ആരോപിച്ചു. മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ പ്രധാനമന്ത്രിയായി പുതിയ കാബിനറ്റ് രൂപീകരിക്കുന്നതിനു പ്രതിപക്ഷ നേപ്പാളി കോണ്‍ഗ്രസ് സഹായം ഉറപ്പു നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.
ഭരണമാറ്റം രാജ്യത്തിനു ഗുണകരമാകില്ലെന്നും അതിനിടയാക്കിയ സാഹചര്യം ദുര്‍ഗ്രാഹ്യമാണെന്നും ഒലി പറഞ്ഞു. നല്ലതു ചെയ്തതിനു താന്‍ ശിക്ഷിക്കപ്പെട്ടുവെന്നും 64കാരനായ സിപിഎന്‍-യുഎംഎല്‍ നേതാവ് കൂട്ടിച്ചേര്‍ത്തു. പുതിയ ഭരണഘടന നടപ്പാക്കാതിരിക്കാന്‍ ചില വിദേശശക്തികള്‍ ഗൂഢാലോചന നടത്തുകയാണെന്നും ഒലി ആരോ പിച്ചു.
https://www.facebook.com/Malayalivartha



























