കൂട്ടകൊലപാതകം: ജപ്പാനിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ രോഗികള്‍ക്ക് നേരെ കത്തി ആക്രമണം; 19 പേര്‍ കൊല്ലപ്പെട്ടു

ജപ്പാനില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ കത്തി ഉപയോഗിച്ച് യുവാവ് നടത്തിയ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്. ടോക്കിയോക്ക് പടിഞ്ഞാറ് 50 കിലോമീറ്റര്‍ അകലെ സാഗമിഹാര നഗരത്തിലാണ് സംഭവം. മാനസിക രോഗികള്‍ ചികിത്സയില്‍ കഴിയുന്ന കേന്ദ്രത്തിലാണ് ആക്രമണം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു.
മാനസികാരോഗ്യ കേന്ദ്രത്തിലെ മുന്‍ ജീവനക്കാരനായ 26കാരനായ സതോഷി എമാഷുവാണ് കൂട്ടകൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം യുവാവ് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. കൊലപാതകം നടത്തിയ താനാണെന്ന് യുവാവ് മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 2.30ഓടെ കത്തിയുമായി കേന്ദ്രത്തിനുള്ളില്‍ കയറിയ അക്രമി അന്തേവാസികളെ കടന്നാക്രമിക്കുകയായിരുന്നു.
യുവാവ് കൊലപാതകത്തിന് ഉപയോഗിച്ച കത്തി കാറില്‍ നിന്ന് കണ്ടെടുത്തു. ദാരുണ സംഭവത്തെ തുടര്‍ന്ന് ഭിന്നശേഷിക്കാരുടെ കേന്ദ്രത്തിലെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെച്ചു.
മാനസിക രോഗികളടക്കം ഭിന്നശേഷിക്കാരെ സംരക്ഷിക്കാനായി ഷാങ്ഹായി നദീ തീരത്ത് പ്രാദേശിക സര്‍ക്കാരാണ് പ്രത്യേക പുനരധിവാസ കേന്ദ്രം സ്ഥാപിച്ചത്. 19 മുതല്‍ 75 വയസുവരെ പ്രായമുള്ള 149 പേരാണ് കേന്ദ്രത്തില്‍ കഴിയുന്നത്. ഇതില്‍ 40 പേര്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. 
ഏഴര ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന കെട്ടിട സമുച്ചയത്തില്‍ നീന്തല്‍കുളം, ജിംനേഷ്യം, മെഡിക്കല്‍ ക്ലീനിക് അടക്കമുള്ളവയാണ് പ്രവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha



























