മയക്കുമരുന്നു കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗുര്‍ദീപ് സിങ്ങിന്റെ വധശിക്ഷ ഇന്തോനേഷ്യ നടപ്പാക്കിയില്ല

ഇന്ത്യന്‍ പൗരനായ ഗുര്‍ദീപ് സിങ്ങിന്റെ വധശിക്ഷ ഇന്തോനേഷ്യ നടപ്പാക്കിയില്ല. വ്യാഴാഴ്ച വധശിക്ഷ നടപ്പാക്കുമെന്നായിരുന്നു ഇന്തോനേഷ്യ അറിയിച്ചിരുന്നത്. അതേസമയം, മയക്കുമരുന്നുകേസില്‍ അറസ്റ്റിലായ മറ്റ് നാല് വിദേശികളെ വ്യാഴാഴ്ച വധശിക്ഷക്ക് വിധേയമാക്കി. എന്തുകൊണ്ടാണ് ഗുര്‍ദീപിനെ ശിക്ഷക്ക് വിധേയമാക്കാത്തതെന്ന് ഇന്തോനേഷ്യ വ്യക്തമാക്കിയില്ല. എന്നാല്‍ സമാനമായ കേസിലെ 10 പേരെ പിന്നീട് വധശിക്ഷ വിധേയമാക്കുമെന്ന് ഇന്തോനേഷ്യ അറിയിച്ചു.
അതേസമയം, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പഞ്ചാബിലുള്ള ബന്ധുക്കളെ ഫോണില്‍ വിളിച്ച് ഗുര്‍ദീപ് സിങ്ങിനെ മോചിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഗുര്‍ദീപിനെ സന്ദര്‍ശിച്ചിരുന്നുവെന്നും മോചനത്തിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും ആരായുമെന്ന് വ്യക്തമാക്കി. വധശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കുന്നതിനായി ഇന്തോനേഷ്യന്‍ പ്രസിഡന്റിന് ദയാഹര്‍ജി നല്‍കുമെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
2004 ല്‍ ഇന്തോനേഷ്യയിലേക്ക് മയക്കുമരുന്ന കടത്തിയെന്ന കുറ്റത്തിനാണ് 48 കാരനായ ഗുല്‍ദീപ് സിങ്ങിന് വധശിക്ഷ വിധിച്ചത്. പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ ഗുല്‍ദീപ് വിദേശികളായ മറ്റ് 14 പേര്‍ക്കൊപ്പമാണ് പിടിയിലായത്. ഗുര്‍ദീപ് ഒഴികെയുള്ള മറ്റ് 14 പേരുടെയും വധശിക്ഷ ഇതിനു മുമ്പ് നടപ്പാക്കി കഴിഞ്ഞു.
മയക്കുമരുന്ന് കള്ളക്കടത്തുകള്‍ക്കെതിരെ ശക്തമായ നിയമം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. ഇന്തോനേഷ്യയില്‍ വധശിക്ഷ താല്‍ക്കാലികമായി നിരോധിച്ചിരുന്നെങ്കിലും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ മറികടന്ന് മൂന്ന് വര്‍ഷം മുമ്പ് തിരികെ കൊണ്ടുവരികയായിരുന്നു.
https://www.facebook.com/Malayalivartha



























