സിറിയയില്‍ വീണ്ടും ഐ.എസ്സിന്റെ അഴിഞ്ഞാട്ടം; 24 പേരെ കൊലപ്പെടുത്തി

വടക്കന്‍ സിറിയയില്‍ ഐ.എസ് തീവ്രവാദികള്‍ 24 പേരെ കൊലപ്പെടുത്തി. മന്‍ബിജ് നഗരത്തിനോട് ചേര്‍ന്ന് ബുയിര്‍ ഗ്രാമത്തിലാണ് ഐ.എസ് ആക്രമണം നടത്തിയത്. വെടിവെപ്പില്‍ 24 പ്രദേശവാസികളെ കൂട്ടക്കൊല ചെയ്ത ഭീകരര്‍ ഗ്രാമം പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു.
മന്‍ബിജില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമമാണ് ബുയിര്‍. ടര്‍ക്കിഷ് അതിര്‍ത്തിക്കും ഐ.എസിന്റെ ശക്തികേന്ദ്രമായ റാക്വ സിറ്റിക്കും ഇടയിലുള്ള പ്രദേശമാണിത്. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സില്‍ നിന്നും ഐ.എസ് ഭീകരര്‍ ബുയിര്‍ ഗ്രാമം പിടിച്ചെടുത്തതായി സിറിയയിലെ മനുഷ്യാവകാശ നിരീക്ഷകര്‍ സ്ഥിരീകരിച്ചു. വടക്കുപടിഞ്ഞാറന്‍ മന്‍ബിജിലെ നിരവധി ഗ്രാമങ്ങള്‍ ഐ.എസിന്റെ നിയന്ത്രണത്തിലാണ്.
യു.എസ് വ്യോമാക്രമണത്തിന്റെ പിന്തുണയോടെ കുര്‍ഷിദ് അറബി പോരാളികള്‍ നടത്തിയ ആക്രമണത്തില്‍ 130 ഓളം ഐ.എസ് ഭീകരരെ കൊലപ്പെടുത്തുകയും മെയ് 31 ന് മന്‍ബിജ് നഗരത്തെ മോചിപ്പിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























