ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ടീം താരങ്ങളുടെ ബസിനു സമീപം സ്‌ഫോടനം; ഒരാള്‍ക്ക് പരുക്ക്

ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് താരങ്ങളുടെ ടീം ബസിനു സമീപമുണ്ടായ സ്‌ഫോടനങ്ങളില്‍ ഒരാള്‍ക്കു പരുക്കേറ്റു. സംഭവത്തെത്തുടര്‍ന്ന് ബൊറൂസിയയും മൊണോക്കോയും തമ്മില്‍ ഇന്നലെ നിശ്ചയിച്ചിരുന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ആദ്യപാദമത്സരം ഇന്നത്തേക്കു മാറ്റി.
ബൊറൂസിയയുടെ സ്വന്തം തട്ടകമായ ഡോര്‍ട്ട്മുണ്ടിലെ സിഗ്‌നല്‍ ഇട്‌ന പാര്‍ക്ക് സ്‌റ്റേഡിയത്തിലേക്കു മത്സരത്തിനായി പുറപ്പെടാന്‍ തയാറെടുക്കുമ്പോഴാണ് ടീംബസിനു സമീപം സ്‌ഫോടനമുണ്ടായത്. പ്രതിരോധഭടനും സ്പാനിഷ് താരവുമായ മാര്‍ക്ക് ബര്‍ട്രയ്ക്കാണു പരുക്കേറ്റത്. കൈക്കു പരുക്കേറ്റ ബര്‍ട്രയെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റി. താരത്തിന്റെ പരുക്ക് ഗുരുതരമല്ലെന്നാണു പ്രാഥമിക വിവരം. ഇന്നലെ പ്രാദേശിക സമയം രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.
സ്‌ഫോടനത്തില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നതായി പോലീസ് അറിയിച്ചു. സ്‌ഫോടനത്തിന്റെ കാരണം വിശദാംശങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്കു പുറത്തുവിടാമെന്നാണു പോലീസിന്റെ നിലപാട്. അതേസമയം ക്ലബ് അധികൃതര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട ആദ്യ സന്ദേശത്തില്‍ ടീം സ്‌റ്റേഡിയത്തിലേക്കു പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ് സ്‌ഫോടനമെന്നും ഒരാള്‍ക്കു പരുക്കേറ്റതായും വ്യക്തമാക്കുന്നു. രണ്ടാമത്തെ ട്വീറ്റില്‍ ടീം താമസിച്ചിരുന്ന ഹോട്ടലിനു സമീപം ബോംബ് സ്‌ഫോടനമാണു നടന്നതെന്നും താരങ്ങള്‍ സുരക്ഷിതരാണെന്നും അറിയിച്ചു.
ഹോട്ടലിനു മുന്നില്‍ ബസ് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തിനു സമീപത്തെ തെരുവില്‍ സ്ഥാപിച്ചിരുന്ന ബോംബുകളാണു പൊട്ടിത്തെറിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha
























