എച്ച്1ബി വിസ നിയന്ത്രണം; ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു

എച്ച്1ബി വിസ നല്‍കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പ്രക്രിയക്ക് തുടക്കമിട്ടുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. അമേരിക്കക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ഉത്തരവ്. ഇതിനിടെ ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന വിസാ പദ്ധതി നിര്‍ത്തലാക്കാന്‍ ഓസ്‌ട്രേലിയയും തീരുമാനിച്ചു. അമേരിക്കക്കാരെ വാങ്ങുക, അമേരിക്കക്കാരെ വാടകക്കെടുക്കുക എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമപരിഷ്‌കാരത്തിന്റെ ആദ്യ ഉത്തരവിലാണ് പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ് വിസ്‌കോണ്‍സനില്‍ വച്ച് ഒപ്പിട്ടത്.
പ്രത്യേക വൈദഗ്ധ്യമുള്ള വിദേശികള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാനായി നല്‍കുന്ന എച്ച് 1ബി വിസ മൂലം അമേരിക്കക്കാര്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുമെന്ന് ട്രംപ് മുന്‍പ് പല തവണ പറഞ്ഞിരുന്നു. അമേരിക്കക്കാരേക്കാള്‍ കുറഞ്ഞ വേതനത്തില്‍ ഇന്ത്യക്കാരടക്കമുള്ള വിദേശികളെ നിയമിക്കുന്നതായിരുന്നു പല കമ്പനികളുടെ രീതി. നിലവിലെ വിസാനിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തൊഴില്‍, ആഭ്യന്തര സുരക്ഷ, നീതിന്യായ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതാണ് പുതിയ ഉത്തരവ്. പിന്നാലെ നിയമപരിഷ്‌കാരവും കൊണ്ടുവരാനാണ് നീക്കം.
ഇതിനിടെയാണ് എച്ച് വണ്‍ ബി വിസയ്ക്ക് സമാനമായ 457 വിസ നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുളിന്റെ അപ്രതീക്ഷിത പ്രഖ്യാപനവും വരുന്നത്. പകരം കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകളോടെയുള്ള പുതിയ വിസ പദ്ധതി നിലവില്‍ വരും. വൈദഗ്ധ്യമുള്ളവരെ ലഭ്യമല്ലാത്ത സാഹചര്യമുണ്ടെങ്കില്‍ മാത്രമേ വിദേശികളെ നിയമിക്കൂ എന്ന് ഉറപ്പുവരുത്തും. ഓസ്‌ട്രേലിയക്കര്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാനാണ് നീക്കം. ഇരു രാജ്യങ്ങളുടേയും പുതിയ തീരുമാനം ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കനത്ത തിരിച്ചടിയാകും.
https://www.facebook.com/Malayalivartha
























