സര്‍ഫിങ്ങിനിടെ കാണാതായ യുവാവിനെ 32 മണിക്കൂറിനുശേഷം മറ്റൊരു രാജ്യത്തെ തീരത്ത് കണ്ടെത്തി

സ്‌കോട്‌ലന്‍ഡ് തീരത്തു സര്‍ഫ് (ഒരു ബോര്‍ഡില്‍ നിന്നോ കിടന്നോ തിരമാലകള്‍ക്കു മുകളിലൂടെ യാത്ര ചെയ്യുക) ചെയ്യവെ കാണാതായ യുവാവിനെ 32 മണിക്കൂറുകള്‍ക്കുശേഷം നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് തീരത്തുനിന്നു കണ്ടെത്തി. സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌കോയില്‍നിന്നുള്ള മാത്യു ബ്രൈസിനെയാണ് (22) അദ്ഭുതകരമായി രക്ഷപ്പെടുത്തിയത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബ്രൈസ് സുഖം പ്രാപിച്ചുവരികയാണ്.
ഞായറാഴ്ച പകല്‍ പതിനൊന്നരയോടെയാണു ബ്രൈസിനെ കാണാതായത്. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് ഇയാളെ കണ്ടെത്തിയത്. സ്‌കോട്‌ലന്‍ഡിലെ ക്യാംപ്‌ബെല്‍ടൗണിനു സമീപം മക്രിഹനിഷ് ബീച്ചിലെ അര്‍ഗൈല്‍ തീരത്തുനിന്നു കാണാതായ ബ്രൈസിനെ 21 കിലോമീറ്റര്‍ അകലെ ഐറിഷ് കടലില്‍നിന്നാണു കണ്ടെത്തിയത്.
ദിശയറിയാതെപോയെങ്കിലും സര്‍ഫ്‌ബോര്‍ഡില്‍ത്തന്നെ തുടര്‍ന്നതാണ് ബ്രൈസ് രക്ഷപ്പെടാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടൊപ്പം സര്‍ഫിങ് സ്യൂട്ടും ശരീരത്തിലെ താപനില മോശമാകാതിരിക്കാന്‍ സഹായിച്ചു.
https://www.facebook.com/Malayalivartha
























