ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ സൈനിക നീക്കത്തിന് മുന്നറിയിപ്പുമായി യുഎസ്

ദക്ഷിണ ചൈനാക്കടലിലെ മനുഷ്യനിര്‍മിത ദ്വീപുകളില്‍ ചൈന നടത്തുന്ന സൈനിക നീക്കത്തിന് മുന്നറിയിപ്പുമായി യുഎസ്. ചൈനയുടെ നീക്കം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാട്ടിസ് പറഞ്ഞു. സിംഗപ്പൂരില്‍ നടക്കുന്ന സുരക്ഷാ യോഗത്തിലാണ് മാട്ടിസ് നിലപാട് വ്യക്തമാക്കിയത്. ഇത്തരം നീക്കങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടാവുകയാണെങ്കില്‍ മേഖലയുടെ സ്ഥിരതയെ ബാധിക്കുമെന്നും മാട്ടിസ് മുന്നറിയിപ്പ് നല്‍കി.
അതേസമയം, ഉത്തരകൊറിയയുടെ മിസൈല്‍, ആണവ പദ്ധതികള്‍ നിയന്ത്രിക്കാന്‍ ചൈന നടത്തുന്ന ശ്രമങ്ങളെ യുഎസ് പ്രതിരോധ സെക്രട്ടറി പുകഴ്ത്തി.
മേഖലയില്‍ കൃത്രിമ ദ്വീപുകള്‍ നിര്‍മ്മിക്കുന്നതും സൈനിക വിന്യാസം നടത്തുന്നതും യുഎസ് ശക്തമായി എതിര്‍ക്കും. ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മാട്ടിസ് പറഞ്ഞു. നേരത്തെയും ചൈനയുടെ നീക്കത്തിനെതിരെ യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം സ്പാര്‍ട്‌ലി ദ്വീപുകളുടെ സമീപത്തു യുഎസ് യുദ്ധക്കപ്പല്‍ യുഎസ്എസ് ദെവെ റോന്തുചുറ്റിയത് വിവാദമായിരുന്നു. യുഎസിന്റേത് പ്രകോപനപരമായ നടപടി ആണെന്നാണ് ചൈനയുടെ നിലപാട്. ചൈനയുടെ പരമാധികാരം ലംഘിക്കുകയാണു യുഎസ് ചെയ്തതെന്നും വിമര്‍ശിച്ചിരുന്നു.
പതിനാലു ചെറുദ്വീപുകള്‍ ഉള്‍പ്പെട്ട സ്പാര്‍ട്‌ലി ദ്വീപുകള്‍ക്കുമേല്‍ ചൈന, തയ്വാന്‍, മലേഷ്യ, ബ്രൂണയ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ അവകാശം ഉന്നയിക്കുന്നുണ്ട്. എന്നാല്‍, ഇതു മുഴുവന്‍ തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം.
https://www.facebook.com/Malayalivartha























