ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു, എഎന്‍സിയുടെ തീരുമാനത്തോട് വിയോജിപ്പാണ് തനിക്കുള്ളതെന്നും സുമ

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു. സുമയെ മാറ്റാന്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ (എഎന്‍സി) നീക്കങ്ങള്‍ ശക്തമായതിനെത്തുടര്‍ന്നാണ് രാജി. ടെലിവിഷനിലൂടെയാണ് രാജിതീരുമാനം സുമ അറിയിച്ചത്. അതേസമയം,എഎന്‍സിയുടെ തീരുമാനത്തോട് വിയോജിപ്പാണ് തനിക്കുള്ളതെന്നും സുമ അറിയിച്ചു.
താന്‍ എന്നും പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനായിരിക്കുമെന്നും രാജി തീരുമാനം പ്രഖ്യാപിച്ച് ജേക്കബ് സുമ പറഞ്ഞിട്ടുണ്ട്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാര്‍ട്ടിയുടെ ഈ മുഖം മിനുക്കലെന്നാണ് വിലയിരുത്തല്‍. എഎസിയുടെ 107 അംഗ ദേശീയ എക്‌സിക്യൂട്ടീവ് ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സുമയെ മാറ്റാന്‍ തീരുമാനമെടുത്തത്. അഴിമതിയാരോപണവും സാമ്ബത്തികപ്രതിസന്ധിയും രൂക്ഷമായ സാഹചര്യത്തിലാണ് അടിയന്തര നടപടിക്ക് പാര്‍ട്ടി തയ്യാറായത്.
അഴിമതിയാരോപണത്തെത്തുടര്‍ന്ന് ജേക്കബ് സുമയുമായി അടുത്ത ബന്ധമുള്ള വിവാദവ്യവസായികളായ ഗുപ്തമാരുടെ വസതിയില്‍ പോലീസ് ശനിയാഴ്ച്ച പരിശോധന നടത്തിയിരുന്നു. പ്രസിഡന്റുമായുള്ള അടുത്ത ബന്ധം രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്താനായി ഉപയോഗിച്ചെന്നതാണ് ഇവര്‍ക്കെതിരായ ആരോപണം. ഗുപ്ത കുടുംബത്തിലെ ഒരാളുള്‍പ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സമ്മര്‍ദ്ദങ്ങള്‍ക്ക് മുമ്ബില്‍ പിടിച്ചുനില്‍ക്കാനാവാതെയുള്ള സുമയുടെ രാജി.
https://www.facebook.com/Malayalivartha
























