മരണക്കിടക്കയില്‍ ലിനി പറഞ്ഞ ആഗ്രഹം പോലെ മകന്റെ ചോറൂണ് പറശിനിക്കടവില്‍ നടത്തി

നിപ പ്രതിരോധത്തിനിടെ മരണമടഞ്ഞ നഴ്‌സ് ലിനിയുടെ അവസാന ആഗ്രഹം നിറവേറ്റി കുടുംബം. ഇളയ മകന്‍ സിദ്ധാര്‍ത്ഥിന്റെ ചോറൂണ് പറശിനക്കടവില്‍ നടത്തണമെന്ന് മരണക്കിടക്കയില്‍ വെച്ച് ലിനി വീട്ടുകാരോട് പറഞ്ഞിരുന്നു. ലിനിയുടെ നേര്‍ച്ചയായിരുന്നു ഇത്. പൊന്നുമകന്റെ ചോറൂണിന് ലിനി കൂടെയില്ലെങ്കിലും അവരുടെ ആഗ്രഹം പോലെ തന്നെ പറശ്ശിനിക്കടവില്‍ ചടങ്ങ് നടത്താന്‍ പറ്റിയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് കുടുംബം. ഭര്‍ത്താവ് സജീഷ് സിദ്ധാര്‍ത്ഥിനെ മടിയിലിരുത്തിയാണ് ചോറ് കൊടുത്തത്.
മൂത്ത മകന്‍ ഋതുല്‍, അമ്മ രാധ, സഹോദരി ലിജി എന്നിവരും കൂടെയുണ്ടായിരുന്നു. ചോറൂണിനൊപ്പം മുത്തപ്പന്റെ മുന്നില്‍ ഋതുലിന് തുലാഭാരവും നടത്തി.
നിപ്പാ വൈറസ് ബാധയുടെ രക്തസാക്ഷിയായ ലിനിക്ക് ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര മാധ്യമങ്ങളുമുള്‍പ്പെടെ ആദരം അര്‍പ്പിച്ചിരുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് നിപാ ബാധ ആദ്യം സ്ഥിതീകരിച്ചവര്‍ ചികിത്സ തേടിയത്. ഇവരെ ചികിത്സിച്ചതിലൂടെയാണ് ലിനിക്ക് രോഗം പടര്‍ന്നത്. പനി മൂര്‍ഛിച്ചതോടെ അവിടെ തന്നെ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. വീട്ടുകാര്‍ക്ക് വിട്ടു നല്‍കാതെ ആശുപത്രി തന്നെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. പേരാമ്പ്ര ആശുപത്രിയില്‍ പുതുതായി നിര്‍മ്മിക്കുന്ന ബ്ലോകിന് ലിനിയുടെ പേര് നല്‍കും.
https://www.facebook.com/Malayalivartha


























