ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ശ്രീകോവിലിന്റെ മുഖ്യ വാതിൽ സ്വർണ്ണം പൂശുന്നതിനിടെ 13 പവൻ കാണാതായ സംഭവം.... ക്ഷേത്ര ജീവനക്കാരടക്കം ആറ് പേർക്ക് നുണ പരിശോധനയ്ക്ക് കോടതിയുടെ അനുമതി

പദ്മനാഭസ്വാമി ക്ഷേത്ര ശ്രീകോവിലിന്റെ മുഖ്യ വാതിൽ സ്വർണ്ണം പൂശുന്നതിനിടെ 13 പവൻ കാണാതായ സംഭവത്തിൽ ക്ഷേത്ര ജീവനക്കാരടക്കം ആറ് പേർക്ക് നുണ പരിശോധനയ്ക്ക് കോടതിയുടെ അനുമതി ലഭ്യമായി. ഫോർട്ട് പൊലീസിന്റെ അപേക്ഷ പ്രകാരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് എം.യു. വിനോദ് ബാബുവാണ് നുണ പരിശോധനയ്ക്ക് അനുമതി നൽകിയിരിക്കുന്നത്.
ശ്രീകാര്യം മാനേജർ ബി. ശ്രീകുമാർ, ശ്രീകാര്യം അസിസ്റ്റന്റ് മാനേജർ ആർ. അനിൽകുമാർ, ജീവനക്കാരായ കെ.പത്മനകുമാർ, ബി. ശിവപ്രസാദ്, സ്വർണ്ണപ്പണിക്ക് എത്തിയ മോത്തിലാൽ, മീനാക്ഷി സുന്ദരം എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറിയിലാകും നുണ പരിശോധന നടക്കുക. നുണ പരിശോധനയ്ക്ക് വിധേയരാക്കുന്നവരുടെ അനുമതിയോടു കൂടി മാത്രമാകും പരിശോധന നടപടികളുണ്ടാകുക
അതേസമയം ശ്രീകോവിലിന്റെ പ്രധാന വാതിലിൽ പൂശുന്നതുമായി ബന്ധപ്പെട്ടാണ് സ്‌ട്രോങ് റൂമിൽ നിന്ന് സ്വർണ്ണം എടുത്തത്. ശ്രീകാര്യം മാനേജറുടെയും അസിസ്റ്റന്റിന്റെയും സാന്നിദ്ധ്യത്തിൽ പൊലീസിന്റെയും സുരക്ഷാ ജീവനക്കാരുടെയും മുന്നിൽ വച്ചാണ് സ്‌ട്രോങ് റൂമിൽ നിന്ന് സ്വർണ്ണം അളന്ന് എടുക്കുന്നത്.
വൈകുന്നേരം പണി പൂർത്തിയാകുമ്പോൾ ബാക്കിയുളള സ്വർണ്ണം ഇതേ നടപടിക്രമങ്ങൾ പാലിച്ച് മടക്കി വയ്ക്കും. ഇടയ്ക്ക് രണ്ട് ദിവസം പണി ഇല്ലാതെ മൂന്നാം ദിവസം പണി ആരംഭിക്കാനായി സ്വർണ്ണം എടുത്തപ്പോൾ 13 പവനിലേറെ സ്വർണ്ണത്തിന്റെ കുറവ് കണ്ടു. ഉടൻ തന്നെ ക്ഷേത്ര മാനേജർ പൊലീസിനെ വിവരം അറിയിച്ച്, ഫോർട്ട് പൊലീസ് അന്വേഷണം തുടങ്ങി. പിന്നീട് പോലീസ് അന്വേഷണത്തിനിടെ ക്ഷേത്ര മതിൽകെട്ടിനുളളിലെ മണലിൽ പൊതിഞ്ഞ നിലയിൽ സ്വർണ്ണം കണ്ടെത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























