വരാപ്പുഴ കേസിൽ സി.ബി.ഐ അന്വേഷണമില്ല ; ശ്രീജിത്തിന്റെ ഭാര്യ അഖില നൽകിയ ഹർജി ഹൈക്കോടതി തള്ളി

വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച കേസിൽ സി.ബി.ഐ അന്വേഷണമില്ല. ഇക്കാര്യം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നൽകിയ ഹർജി ഹൈക്കോടതി തള്ളി.കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന സർക്കാരിന്റെ നിലപാട് മുഖവിലയ്ക്ക് എടുത്തു കൊണ്ടാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
കേസിന്റെ ഇതുവരെയുള്ള അന്വേഷണം അപാകതകളില്ലാത്തതാണ്. ശ്രീജിത്തിനെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ പൊലീസുകാരടക്കം പ്രതികളാണ്. പൊലീസുകാർക്കെതിരായ അന്വേഷണം പൊലീസ് തന്നെ അന്വേഷിച്ചാൽ സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്നത് ഹർജിക്കാരിയുടെ ആശങ്ക മാത്രമാണെന്നും കോടതി പറഞ്ഞു. കേസിന്റെ അന്വേഷണം മികച്ച രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് സടർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചു. കേസിലുൾപ്പെട്ട പൊലീസുകാരെ അപ്പോൾ തന്നെ ചുമതലകളിൽ നിന്ന് മാറ്റുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. ആലുവ മുൻ റൂറൽ എസ്.പി എ.വി.ജോർജിനെ കേസിൽ പ്രതി ചേർക്കാനുള്ള മതിയായ തെളിവുകൾ ഇല്ലെന്നും സർക്കാർ വ്യക്തമാക്കി. പിന്നീട് തെളിവ് ലഭിച്ചാൽ പ്രതിയാക്കുമെന്നും സർക്കാർ അറിയിച്ചു.
https://www.facebook.com/Malayalivartha


























