അമ്മയിലേക്കില്ലെന്ന് കാണിച്ച് ദിലീപ് കത്ത് നൽകിയ സ്ഥിതിയ്ക്ക് അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന താൽപര്യം അമ്മയ്ക്കില്ല ; തിലകന്റെ കത്ത് ലഭിച്ച സമയത്ത് താൻ സംഘടനയുടെ ഒരു പദവിയും വഹിച്ചിരുന്നില്ല ; രണ്ട് വൈസ് പ്രസിഡന്റുമാർ ഉള്ള സംഘടനയിലെ ഒരു സ്ഥാനം വനിതകൾക്കായി മാറ്റി വയ്ക്കണമെന്ന നിർദ്ദേശം അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ മുന്നോട്ടു വയ്ക്കും

താരസംഘടനയായ അമ്മയിലേക്കില്ലെന്ന് കാണിച്ച് ദിലീപ് കത്ത് നൽകിയ സ്ഥിതിയ്ക്ക് അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന താൽപര്യം അമ്മയ്ക്കില്ല എന്ന് പ്രസിഡന്റ് മോഹൻലാൽ. അമ്മ ജനറൽ ബോഡി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണാത്തത് തെറ്റായി പോയി. തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു . ദിലീപിനെ അമ്മയിലേക്ക് തിരികെയെടുത്തതും അതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങളുടെ വിശദീകരണത്തിന് കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്മയിലേക്കില്ലെന്ന് കാണിച്ച് ദിലീപ് കത്ത് നൽകിയ സ്ഥിതിയ്ക്ക് അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന താൽപര്യം അമ്മയ്ക്കില്ല. അതേസമയം എല്ലാ പ്രശ്നങ്ങളും മാറി കോടതി കുറ്റ വിമുക്തനാക്കിയാൽ ദിലീപിനെ തിരിച്ചെടുക്കുമെന്നും മോഹൻലാൽ വ്യക്തമാക്കി.
വനിതാ സംഘടനയായ ഡബ്ളിയു.സി.സിയിലെ ഏതൊരംഗത്തിനും മത്സരിക്കണമെന്ന് ആഗ്രഹമുണ്ടയാരുന്നെങ്കിൽ കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത് അക്കാര്യം ഉന്നയിക്കാമായിരുന്നു. എന്നാൽ അതുണ്ടായില്ല. മത്സരിക്കുന്നതിൽ നിന്നും ആരെയും തടഞ്ഞിട്ടുമില്ല. എന്നാൽ അതെല്ലാം കണക്കിലെടുത്ത് 25 വർഷമായി നിലനിൽക്കുന്ന അമ്മയുടെ ബൈലോ മാറ്റാൻ ഒരുങ്ങുകയാണ്. രണ്ട് വൈസ് പ്രസിഡന്റുമാർ ഉള്ള സംഘടനയിലെ ഒരു സ്ഥാനം വനിതകൾക്കായി മാറ്റി വയ്ക്കണമെന്ന നിർദ്ദേശം അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ മുന്നോട്ടു വയ്ക്കും.
അതേസമയം തിലകന്റെ കത്ത് ലഭിച്ച സമയത്ത് താൻ സംഘടനയുടെ ഒരു പദവിയും വഹിച്ചിരുന്നില്ലെന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു. തിലകനോട് തനിക്ക് വളരെ അടുത്ത സൗഹൃദമായിരുന്നു എന്നും ഉണ്ടായിരുന്നത്. തന്റെ തന്നെ നിർമ്മാണത്തിലിറങ്ങിയ കിളിചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലേക്കായി തിലകന്റെ അന്നത്തെ ശാരീരിക അവശതകൾ കണക്കിലെടുത്താണ് കഥാപാത്രത്തെ പോലും രൂപീകരിച്ചത്.
ദിലീപ് തന്റെ അവസരങ്ങൾ ഇല്ലാതാക്കുന്നതായി ആക്രമിക്കപ്പെട്ട നടി തനിക്ക് പരാതി എഴുതി നൽകിയിട്ടില്ലെന്ന് താരസംഘടനയായ അമ്മ പ്രസിഡന്റ് മോഹൻലാൽ . ഇക്കാര്യത്തിൽ കള്ളം പറയുന്നത് ശരിയല്ല. പരാതി ആരോടെങ്കിലും ഫോണിൽ പറഞ്ഞിട്ടുണ്ടെങ്കിൽ അത് തനിക്കറിയില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അമ്മയിൽ നിന്ന് രാജിവച്ച നാല് പേരിൽ രണ്ട് പേരുടെ രാജിക്കത്ത് മാത്രമെ ലഭിച്ചിട്ടുള്ളൂ. ആക്രമിക്കപ്പെട്ട നടിയും രമ്യ നന്പീശനും മാത്രമാണ് കത്ത് നൽകിയത്. റിമ കല്ലിംഗലും ഗീതു മോഹൻദാസും രാജിക്കത്ത് നൽകിയിട്ടില്ല. രാജിവച്ചവരെ തിരിച്ചെടുക്കുന്ന കാര്യം ജനറൽബോർഡി യോഗമാണ് തീരുമാനിക്കേണ്ടത്. ഇഷ്ടമുള്ളപ്പോൾ രാജിവയ്ക്കാനും പിന്നീട് തിരിച്ചു വരണമെന്നും കരുതിയാൽ അത് സാദ്ധ്യമാണോ. ആക്രമിക്കപ്പെട്ട നടിയെ ഇപ്പോഴും സഹായിക്കുന്നുണ്ട്. സംഘടനയിലെ പലരും അവരെ വിളിക്കുന്നുണ്ട്. ആരും അവരെ ഒഴിവാക്കുകയോ മാറ്റി നിറുത്തകയോ ചെയ്തിട്ടില്ല. മസ്കറ്റിലെ ഷോയ്ക്ക് നടിയെ വിളിച്ചതാണ്. എന്നാൽ, വരാൻ നടി തയ്യാറായില്ലെന്നും മോഹൻലാൽ പറഞ്ഞു..
https://www.facebook.com/Malayalivartha


























