ഷംസീര്‍ വെള്ളം കുടിക്കുക തന്നെ ചെയ്യും...എം.എല്‍.എയുടെ ഭാര്യയുടെ നിയമനം: ഒന്നാം റാങ്കുകാരി കോടതിയില്‍

ഇനി കളി കോടതിയില്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ വിജ്ഞാപനവും റാങ്ക് ലിസ്റ്റും അട്ടിമറിച്ച് എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയ്ക്കു നിയമനം നല്‍കിയതിനെതിരേ ഒന്നാം റാങ്കുകാരി ഹൈക്കോടതിയെ സമീപിച്ചു.
ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസര്‍ കരാര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ രണ്ടാം സ്ഥാനക്കാരിയായിട്ടും എം.എല്‍.എ.യുടെ ഭാര്യ ഷഹല ഷംസീറിന് സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ എം.എഡ്. വിഭാഗത്തില്‍ നിയമനം നല്‍കുകയായിരുന്നു. ഇതിനെതിരെയാണ് ഒന്നാം റാങ്ക് നേടിയ ഡോ.എം.പി. ബിന്ദു ഹര്‍ജി നല്‍കിയത്.
അതിനിടെ, നിയമം ലംഘിച്ച് എം.എല്‍.എയുടെ ഭാര്യക്കു നിയമനം നല്‍കിയതു ഗുരുതരമായ തെറ്റാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വ്യക്തിക്ക് തന്നെ നിയമനം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി.പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
എം.എല്‍.എയുടെ ഭാര്യക്കു നിയമനം ഉറപ്പിക്കാന്‍ മുന്‍ വിജ്ഞാപനം തിരുത്തി സംവരണ അടിസ്ഥാനത്തിലാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. കരാര്‍ അധ്യാപക നിയമനം സംബന്ധിച്ചു സര്‍വകലാശാല വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ സംവരണ തസ്തികയെന്നു പറഞ്ഞിരുന്നില്ല. പിന്നീടാണ് ഒ.ബി.സി. മുസ്ലീം സംവരണ അടിസ്ഥാനത്തിലാണ് ഇവരെ നിയമിച്ചതെന്ന് സര്‍വകലാശാല വിശദീകരണം നല്‍കിയത്. കഴിഞ്ഞ ജൂണ്‍ എട്ടിനാണു പെഡഗോഗിക്കല്‍ സയന്‍സ് വിഭാഗത്തിലേക്ക് കരാര്‍ അധ്യാപകരെ നിയമിക്കാനുള്ള വിജ്ഞാപനം ഇറക്കിയത്. സര്‍വകലാശാല പറയുന്ന സംവരണതത്വം അനുസരിച്ചാണെങ്കില്‍ പോലും എം.എല്‍.എയുടെ ഭാര്യയുടെ നിയമനം ക്രമവിരുദ്ധമാണെന്നും പരാതിയിലുണ്ട്. ഈ പഠനവകുപ്പില്‍ അവസാനം നടത്തിയ നിയമനം പൊതുവിഭാഗത്തിലായതിനാല്‍ തൊട്ടടുത്ത നിയമനം സംവരണവിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നായിരുന്നു സര്‍വകലാശാല പുറത്തിറക്കിയ വിശദീകരണം. എന്നാല്‍, സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ എട്ടിനുതന്നെ നടന്ന മറ്റൊരു അഭിമുഖത്തില്‍ സംവരണ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥിക്കു നിയമനം നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ എം.എല്‍.എയുടെ ഭാര്യയെ നിയമിച്ച തസ്തിക ജനറല്‍ വിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നും ഹര്‍ജിയിലുണ്ട്.
https://www.facebook.com/Malayalivartha


























