അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ട നിര്‍ധനനായ യുവാവ് കാറുടമയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ചടയമംഗലം പൊലീസ്, ഡി.ജി.പിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയില്ല, ഒടുവില്‍ പരാതി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സോഷ്യല്‍ മീഡിയയെ അഭയം പ്രാപിച്ചു

അപകടത്തില്‍ കാല്‍നഷ്ടപ്പെട്ട യുവാവ് കാറുടമയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് പൊലീസ്, കൂടെ 1500 രൂപാ പെറ്റിയും അടയ്ക്കണമെന്ന വിചിത്രമായ വാദവും. കൊല്ലം ചടയമംഗലം എസ്.ഐ സജു. എസ്. ദാസാണ് ഈ ആവശ്യം ഉന്നയിച്ചതെന്ന് കാറിടിച്ച് കാല്‍നഷ്ടപ്പെട്ട റെജി എന്ന യുവാവ് ആരോപിക്കുന്നു. സംഭവത്തില്‍ എസ്.ഐ തന്റെ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും റെജി ആരോപിക്കുന്നു. കാറ് ബൈക്കിലിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് റെജിയുടെ വലതുകാല്‍ മുട്ടിനു താഴെ വച്ച് മുറിച്ചു മാറ്റിയത്. 2017 ഏപ്രില്‍ 16ന് ഉച്ചയ്ക്ക് മൂന്നര മണി കഴിഞ്ഞാണ് അപകടം നടന്നത്.
അപകടത്തിന് ശേഷം റെജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചാണ് മുട്ടിന് താഴെ മുറിച്ച് മാറ്റിയത്. തുടര്‍ന്ന് റെജിയുടെ പിതാവും സുഹൃത്തും ചടയമംഗലം പൊലീസ് സ്‌റ്റേഷനില്‍ പരാതി കൊടുക്കുവാന്‍ ചെന്നപ്പോള്‍ എസ്. ഐ സജു എസ് . ദാസും ഉണ്ണി, രാജേഷ് എന്ന ഉദ്യോഗസ്ഥനും കൂടി അസഭ്യം പറയുകയും പരാതി സ്വീകരിക്കാതെ പറഞ്ഞയക്കുകയും ചെയ്തു. പിന്നീട് കൊല്ലം കളക്ടര്‍ക്കും എസ്.പിക്കും ഡി.ജി.പിക്കും പൊലീസ് കംപ്ലേന്റ് അഥോരിട്ടിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പട്ടികജാതികമ്മീഷനും പരാതി കൊടുത്തു. അതിന് ശേഷം ഒരു ദിവസം ചടയമംഗലം എസ്.ഐ പരാതിക്കാരനെ വിളിപ്പിച്ചു. റെജി ചെന്നപ്പോള്‍ അയാളെ ഇടിച്ചകാറിന്റെ ഉടമസ്ഥനും എസ്.ഐയും കൂടി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഒരു കാല്‍ ഇല്ലാത്ത തന്നോട് ഒന്ന് ഇരിക്കാന്‍ പോലും പറയാതെ കാറിന്റെ ഉടമസ്ഥന് നഷ്ടപരിഹാരം കൊടുക്കണമെന്നും 1500 രൂപ പെറ്റി അടക്കണമെന്നും ആവശ്യപ്പെട്ടു.
കാറിന്റെ ഉടമസ്ഥന്റെ പേരില്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. അങ്ങനെ റെജി ചടയമംഗലം അക്കോണം വാര്‍ഡിലെ മെമ്പറായ അഡ്വക്കേറ്റ് റാഫിയെ കണ്ടു. കടയ്ക്കല്‍ കോടതിയില്‍ കേസ് കൊടുത്തു. അതും ചടയമംഗലം പൊലീസ് പരിഗണിക്കുന്നില്ല. അതിനാല്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റെ പരാതി അറിയിക്കുകയാണ് റെജി. ഇത് എങ്ങനെയും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തണമെന്നാണ് കൊല്ലം ആയൂര്‍ സ്വദേശിയായ റെജിയുടെ അപേക്ഷ.
https://www.facebook.com/Malayalivartha


























