കെഎസ്ആര്‍ടിസിയെ മൂന്നു മേഖലകളായി തിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം... നഗരങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള എ.സി ബസ് ശൃംഖലയായ ചില്‍ ബസ് ആഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിക്കും

കെ.എസ്.ആര്‍.ടി.സിയെ മൂന്നു മേഖലകളായി തിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഭരണ പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനെ മറികടന്നാണ് പ്രൊഫ.സുശീല്‍ ഖന്നയുടെ നിര്‍ദേശങ്ങളിലൊന്നായ മേഖലാവല്‍ക്കരണം നടപ്പിലാക്കുന്നത്. തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും. കൊച്ചി, കോഴിക്കോട് എന്നിങ്ങനെ രണ്ടു മേഖലകള്‍ കൂടിയുണ്ട്. മേഖലകളായി തിരിക്കുന്നതിന്റെ ഭാഗമായി ഉന്നത തസ്തികകളില്‍ മാനേജ്‌മെന്റ് വിദഗ്ദ്ധരെ നിയമിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി രണ്ട് ജനറല്‍ മാനേജര്‍മാരുടെ താത്കാലിക നിയമത്തിന് ഉത്തരവിറങ്ങി.
ഉള്ളൂര്‍ തുറുവിക്കല്‍ സ്വദേശി വിംഗ് കമാന്‍ഡര്‍ ബി.ബിജുവിനെ ടെക്‌നിക്കല്‍ ഡയറക്ടറായും (ജനറല്‍ മാനേജര്‍) നങ്ങ്യാര്‍കുളങ്ങര അകംകുടി സ്വദേശിനി എസ്.ആനന്ദകുമാരിയെ ഫിനാന്‍സ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ജനറല്‍ മാനേജരായും നിയമിച്ചു. 1.5 ലക്ഷം രൂപ ശമ്പളത്തില്‍ മൂന്നുവര്‍ഷത്തേയ്ക്കാണ് നിയമനം. സ്ഥാപനത്തിന്റെ തലപ്പത്ത് മാനേജ്‌മെന്റ് വിദഗ്ദ്ധരെ നിയമിക്കണമെന്ന് സുശീല്‍ഖന്ന ശുപാര്‍ശ ചെയ്തിരുന്നു. വര്‍ക്ക്‌സ് മാനേജര്‍ ഉള്‍പ്പെടെ വര്‍ക്ക്‌ഷോപ്പുകളുടെ ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ ബസുകളുടെ റൂട്ട് ഉള്‍പ്പെടെ നിശ്ചയിക്കുന്നത്.
ഓഫീസ് ചുമതലകള്‍ നിര്‍വഹിക്കുന്നതിനുവേണ്ടി വര്‍ഷങ്ങളായി ഒരു എന്‍ജിനിയര്‍ക്ക് സെക്രട്ടറി ചുമതല നല്‍കിയിട്ടുണ്ട്. വര്‍ക്ക്‌ഷോപ്പുകളിലെ മേല്‍നോട്ടത്തിന്റെ പാളിച്ചയാണ് വഴിയില്‍ കേടാകുന്ന ബസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്. മിനിസ്റ്റീരിയല്‍ തസ്തികകളില്‍ തുടരുന്ന സാങ്കേതിക യോഗ്യതയുള്ളവരെ വര്‍ക്ക് ഷോപ്പുകളിലേക്ക് അയക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ നിയമനം നടക്കുന്നത്.
നഗരങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള എ.സി ബസ് ശൃംഖലയായ ചില്‍ ബസ് ആഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിക്കും. കണ്ടക്ടിംഗ് കേരള എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പൊതുഗതാഗത രംഗത്ത് ആധിപത്യമുറപ്പിക്കാന്‍ തയാറാക്കിയ പദ്ധതിയുടെ ഭാഗമാണ് ചില്‍ബസ്.
https://www.facebook.com/Malayalivartha
























