മകൾ നോക്കി നിൽക്കെ അമ്മയെ ക്രൂരമായി മർദ്ദിച്ചു... കിണറ്റിലേക്ക് എടുത്തെറിഞ്ഞു; തലസ്ഥാന നഗരിയിൽ വിവാഹം ഹരമാക്കി വിലസിയ വിവാഹവീരൻ പിടിയിലായതോടെ പുറത്ത് വരുന്നത്

പാങ്ങോട് ഭരതന്നൂർ കാക്കാണിക്കര ഡിപ്പോ കോളനി സ്വദേശി തട്ടത്തുമല റഷീദ് മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന എൽ. ശ്രീജയെ (38) കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ രണ്ടാം ഭർത്താവ് കൊട്ടാരക്കര തലവൂർകുര പാറമുക്ക് ബിന്ദുഭവനിൽ ബി. അനിൽകുമാർ (35) കിളിമാനൂർ പൊലീസിന്റെ പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കഥകൾ. തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞ അനിൽകുമാറിന് ചെലവിനുള്ള പണം അയച്ചുകൊടുത്തത് രാജീവായിരുന്നു. അതിനിടെ അനിൽകുമാർ മൂന്നാം ഭാര്യയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഈ ഫോൺ നമ്പരുകൾ തിരിച്ചറിഞ്ഞാണ് പാലക്കാട് ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസം കിളിമാനൂർ സി.ഐ വി.എസ്.പ്രദീപ്കുമാറും സംഘവും ഇയാളെ പിടികൂടിയത്.
ആദ്യ ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് മൂന്നുവർഷമായി ശ്രീജയ്ക്കൊപ്പമാണ് ഇയാൾ കഴിഞ്ഞുവന്നത്. മൂന്നുമാസം മുമ്പ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തത് ശ്രീജ കണ്ടെത്തിയതാണ് കൊല്ലാൻ കാരണം. സംഭവത്തിന് ദൃക് സാക്ഷിയായ ശ്രീജയുടെ മകളുടെ മൊഴിയാണ് അനിൽകുമാറിനേയും രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് കൊട്ടാരക്കര ചക്കുവരയ്ക്കൽ തലച്ചിറ പെരയ്യത്ത് താഴേതിൽ വീട്ടിൽ കെ.രാജീവിനേയും (42) കുടുക്കിയത്.
ജൂൺ 25ന് ഉച്ചയ്ക്ക് 1.30നാണ് ശ്രീജയെ കിണറ്റിലെറിഞ്ഞത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ശ്രീജ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ എട്ടിന് മരിച്ചു. പത്ത് വർഷം മുമ്പ് ഭർത്താവ് മരിച്ചതോടെ ഇരുപതും പതിനേഴും വയസുള്ള രണ്ടു മക്കളുമായി തൊളിക്കുഴി മിഷ്യൻ കുന്നിലാണ് ശ്രീജ വാടകയ്ക്ക് താമസിച്ചിരുന്നത്. മിഷ്യൻകുന്നിൽ താമസിക്കുമ്പോഴാണ് ടാപ്പിംഗ് ജോലിക്കെത്തിയ അനിൽകുമാറുമായി പരിചയപ്പെട്ടത്.
പരസ്പരം ഫോൺ നമ്പർ കൈമാറി. ഭാര്യയും രണ്ട് മക്കളുമുള്ള ഇയാൾ ശ്രീജയുമായി നിരന്തരം വിളിയും പറച്ചിലുമായി. സൗഹൃദം വേർപിരിയാനാകാത്ത വിധം വളർന്നതോടെ ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചു. തട്ടത്തുമലയിലേക്ക് താമസം മാറി. മാസങ്ങൾ പിന്നിട്ടതോടെ ആദ്യ ഭാര്യയേയും മക്കളേയും കാണാനായി ഇടയ്ക്കിടെ കൊട്ടാരക്കര തലവൂരിൽ പോകാൻ തുടങ്ങി. ആദ്യവിവാഹ ബന്ധം വേർപെടുത്തിയിരുന്നില്ല. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് തിരികെ വന്നിരുന്നതിനാൽ ശ്രീജയ്ക്കും എതിർപ്പുണ്ടായില്ല. അതിനിടെയാണ് കൊട്ടാരക്കര കുര സ്വദേശിയായ വിധവയായ യുവതിയുമായി സൗഹൃദത്തിലായത്. ഇരുവരും തമ്മിൽ നിരന്തരം ഫോൺവിളിയായി. ശ്രീജ ചോദ്യം ചെയ്തെങ്കിലും അടുത്തിടെ ഇരുവരുടെയും വിവാഹ ഫോട്ടോയും ചില സ്വകാര്യ നിമിഷങ്ങളും ഫോണിൽ കാണാനിടയായി.
അതോടെ വഴക്കായി. ജൂൺ പകുതിയോടെ അനിൽകുമാർ ശ്രീജയുമായി പിണങ്ങി. കുര സ്വദേശിയുമായുള്ള വിവാഹ ഫോട്ടോകളുള്ള അനിൽകുമാറിന്റെ മൊബൈൽ ഫോൺ ശ്രീജ കൈവശപ്പെടുത്തിയിരുന്നു. ഫോൺ തിരികെ ചോദിച്ചെങ്കിലും നൽകിയില്ല. ജൂൺ 25ന് പകൽ സുഹൃത്ത് രാജീവുമായി സ്കൂട്ടറിൽ തട്ടത്തുമലയിലെത്തിയ അനിൽകുമാർ റോഡിൽവച്ച് ശ്രീജയെ കണ്ടപ്പോൾ ഫോൺ തിരികെ ചോദിച്ചു.
നൽകാനാവില്ലെന്ന് പറഞ്ഞതോടെ പ്രകോപിതനായ അനിൽകുമാർ ശ്രീജയെ റോഡിലിട്ട് തല്ലി. രാജീവും നാട്ടുകാരായ ചിലരും രണ്ടുപേരെയും പിന്തിരിപ്പിച്ചു. ശ്രീജയെ പിന്തുടർന്ന് വാടക വീട്ടിലെത്തിയ അനിൽകുമാർ മകളുടെ മുന്നിലിട്ടും ശ്രീജയെ ക്രൂരമായി മർദ്ദിച്ചു. തല ഭിത്തിയിൽ ഇടിച്ചു. പുറത്തേക്കോടിയ ശ്രീജയെ പിന്നാലെയെത്തിയ ഇയാൾ മകൾ നോക്കിനിൽക്കെ കിണറ്റിലേക്ക് എടുത്തെറിഞ്ഞു.
ശ്രീജയുടെ നിലവിളി കൂസാതെ അവിടെ നിന്ന് ഇറങ്ങിയ അനിൽകുമാർ സുഹൃത്ത് രാജീവിന്റെ സഹായത്തോടെ തമിഴ്നാട്ടിലേക്ക് കടന്നു. മകളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും അഗ്നിശമന സേനയും പൊലീസും ചേർന്നാണ് ശ്രീജയെ ആശുപത്രിയിലെത്തിച്ചത്. കിണറിലേക്ക് എടുത്തെറിഞ്ഞപ്പോൾ തൊടിയിൽ ഇടിച്ച് ശ്രീജയുടെ തലയ്ക്കേറ്റ മാരക മുറിവാണ് മരണത്തിന് കാരണം.
https://www.facebook.com/Malayalivartha
























