എന്തിന് ജ്യോതിരാദിത്യ സിന്ധ്യയെ കണ്ണിറുക്കി കാണിച്ചു? സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോള്; ഇത് സഭയാണെന്നും മുന്നാഭായിയിലെ പപ്പി ജപ്പിക്കു വേണ്ടിയുള്ളതല്ലെന്ന് കേന്ദ്രമന്ത്രിയും അകാലിദള്‍ നേതാവുമായ ഹര്‍സിമ്രത്ത് കൗറിന്റെ പരിഹാസം; രാഹുലിന്റെ വിസ്മയിപ്പിക്കുന്ന നടപടിയെന്ന് ശശി തരൂര്‍

കണ്ണിറുക്കലിലൂടെ ലോകമെങ്ങും ശ്രദ്ധനേടിയ താരമാണ് പ്രിയ വാര്യര്‍. അതുപോലെ ഒറ്റ രാത്രി കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കലും ശ്രദ്ധ നേടി. ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചതും കണ്ണിറുക്കിയതും സാമൂഹിക മാധ്യമങ്ങള്‍ക്ക് ചാകരയായി മാറി. രാഹുലിനെ വാഴ്ത്തിയുള്ള സന്ദേശങ്ങള്‍ക്കു പുറമേ, സിനിമയിലെ ഹാസ്യരംഗങ്ങളുമായി ചേര്‍ത്തുള്ള പരിഹാസവും അവയില്‍ നിറഞ്ഞു.
ആലിംഗനത്തിനുശേഷം ഇരിപ്പിടത്തില്‍ മടങ്ങിയെത്തിയ രാഹുല്‍ ഗാന്ധി അടുത്തിരുന്ന കോണ്‍ഗ്രസ് എം.പി. ജ്യോതിരാദിത്യ സിന്ധ്യയെ കണ്ണിറുക്കിക്കാണിച്ചതും വിമര്‍ശന വിധേയമായി. പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചതിനെക്കുറിച്ചാണ് രാഹുല്‍ കണ്ണിറുക്കിക്കാണിച്ചതെന്നാണ് വ്യാഖ്യാനം. രാഹുലിന്റെ ഗൗരവമില്ലായ്മ തെളിയിക്കുന്നതാണിതെന്നും വിമര്‍ശനങ്ങളുയര്‍ന്നു. മലയാള സിനിമയിലെ അഡാര്‍ ലൗവിലെ ഗാനരംഗത്തില്‍ പ്രിയ വാര്യര്‍ കണ്ണിറുക്കിക്കാണിക്കുന്നതിനോട് ഉപമിച്ചും രാഹുലിനെതിരേ ട്രോളുകള്‍ നിറഞ്ഞു.
പ്രധാനമന്ത്രിയെ ആലിംഗനം ചെയ്ത് രാഹുല്‍ മടങ്ങുമ്പോള്‍ ഇത് സഭയാണെന്നും മുന്നാഭായിയിലെ പപ്പി ജപ്പിക്കു വേണ്ടിയുള്ളതല്ലെന്നുമായിരുന്നു കേന്ദ്രമന്ത്രിയും അകാലിദള്‍ നേതാവുമായ ഹര്‍സിമ്രത്ത് കൗറിന്റെ പരിഹാസം. രാഹുലിന്റെ നടപടിയെ അവര്‍ മാധ്യമങ്ങള്‍ക്കു മുന്നിലും വിമര്‍ശിച്ചു. ഇത്രയും നല്ല വിനോദ രംഗത്തിന് ഞങ്ങള്‍ക്ക് നന്ദിപറയാതിരിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി. ട്വിറ്ററില്‍ പരിഹസിച്ചു.
അതേസമയം, രാഹുലിന്റെ വിസ്മയിപ്പിക്കുന്ന നടപടിയെക്കുറിച്ച് ശശി തരൂരിന്റെ ട്വിറ്റര്‍ സന്ദേശം വ്യാപകപ്രചാരം നേടി. ആലിംഗന നയതന്ത്രമെന്ന് വിശേഷിപ്പിച്ചും ട്വിറ്ററില്‍ പരിഹാസമൊഴുകി. പപ്പു മുന്നാഭായി ആയിക്കഴിഞ്ഞെന്നായിരുന്നു മറ്റൊരു കളിയാക്കല്‍. പപ്പു കി ജപ്പി എന്ന വിശേഷണവുമുണ്ടായി.
റഫേലിന്റെ പേരില്‍ കൊമ്പുകോര്‍ത്ത് രാഹുലും പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും. മോദിയുടെ അടുപ്പക്കാരനായ വ്യവസായിക്ക് റഫേല്‍ ഇടപാടിന്റെ ഗുണഫലം ലഭിച്ചെന്നായിരുന്നു രാഹുലിന്റെ ആരോപണം. വിമാനമൊന്നിന് 520 കോടിയെന്നായിരുന്നു നേരത്തേയുള്ള കരാര്‍. പ്രധാനമന്ത്രി ഫ്രാന്‍സില്‍ പോയപ്പോള്‍ ഒരു വ്യവസായിയും ഒപ്പമുണ്ടായിരുന്നു. അതാരാണെന്ന് എല്ലാവര്‍ക്കുമറിയാം. പിന്നീട്, ഒരു വിമാനത്തിന്റെ വില 1600 കോടി രൂപയായി ഉയര്‍ന്നു.
ഫ്രഞ്ചുസര്‍ക്കാരുമായി രഹസ്യ കരാറുണ്ടെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ രാജ്യത്തോട് കള്ളം പറഞ്ഞു. ഇരുസര്‍ക്കാരും തമ്മില്‍ ഒരു കരാറുമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് വെളിപ്പെടുത്തിയെന്നും രാഹുല്‍ പറഞ്ഞു. ഇതിനെതിരേ നിര്‍മലാ സീതാരാമന്‍ എഴുന്നേറ്റു.
എന്നാല്‍, രാഹുല്‍ പ്രസംഗിച്ചുകഴിഞ്ഞശേഷം സ്പീക്കര്‍ അവര്‍ക്ക് അവസരം നല്‍കി. 2008ല്‍ ഫ്രഞ്ചു സര്‍ക്കാരുമായി രഹസ്യ കരാര്‍ ഒപ്പിട്ടിരുന്നതായും അതില്‍ റഫേല്‍ ഇടപാടുമുണ്ടായിരുന്നെന്നും പ്രതിരോധമന്ത്രി പറഞ്ഞു. വിമാനത്തിന്റെ വില വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഒരു ഇന്ത്യന്‍ മാധ്യമത്തോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി. റഫേല്‍ ഇടപാട് രാഹുല്‍ ഉന്നയിക്കുമ്‌ബോള്‍ അഗസ്ത ഇടപാടിനെക്കുറിച്ച് ഭരണപക്ഷം വിളിച്ചുപറയുന്നുണ്ടായിരുന്നു.
അതേസമയം പ്രധാനമന്ത്രിക്കെതിരേ രാഹുല്‍ നടത്തിയ ജുംല പ്രയോഗത്തിന്റെ അര്‍ഥത്തിനായി ഗൂഗിളില്‍ വ്യാപക തിരച്ചില്‍ നടന്നു. 'വ്യാജവാഗ്ദാനം നല്‍കി കബളിപ്പിക്കല്‍' എന്നര്‍ഥം വരുന്ന ഈ ഹിന്ദിപ്രയോഗമായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരേ രാഹുലിന്റെ ആയുധം. രാജ്യത്തെ കര്‍ഷകരും യുവാക്കളും ദളിതരും ആദിവാസികളും സ്ത്രീകളുമൊക്കെ ജുംല ആക്രമണത്തിന്റെ ഇരകളാണെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.
ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപവീതം എത്തിക്കുമെന്നാണ് ആദ്യത്തെ ജുംല. യുവാക്കള്‍ക്ക് പ്രതിവര്‍ഷം രണ്ടുകോടി തൊഴില്‍ നല്‍കുമെന്നും വാഗ്ദാനമുണ്ടായി. എന്നാല്‍, നാലുലക്ഷം പേര്‍ക്കേ ഇതുവരെ നല്‍കിയിട്ടുള്ളൂ. ചൈനയില്‍ 24 മണിക്കൂറില്‍ അരലക്ഷം പേര്‍ക്ക് ജോലിനല്‍കുന്നു. ഇവിടെ 400 പേര്‍ക്കെങ്കില്‍ തൊഴില്‍ നല്‍കാന്‍ കഴിയുമോ? ചെറുകിടഇടത്തരം വ്യാപാരങ്ങളിലൂടെയും നിര്‍മാണപ്രവര്‍ത്തനങ്ങളിലൂടെയുമാണ് തൊഴില്‍ സൃഷ്ടിക്കാനാവുക. എന്നാല്‍, കള്ളപ്പണത്തിന്റെ പേരില്‍ രാത്രി എട്ടുമണിക്ക് നോട്ടുനിരോധനം ഏര്‍പ്പെടുത്തി പാവപ്പെട്ടവരുടെ ജീവിതം തകര്‍ത്തു. ജി.എസ്.ടി. ഏറ്റവും മോശമായി നടപ്പാക്കി. വലിയ വ്യവസായികള്‍ക്കുവേണ്ടി എല്ലാം ചെയ്തു. എന്നാല്‍, ചെറുകിടക്കാരന്റെ കീശയില്‍ കൈയിട്ട് പണം പിടുങ്ങിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
കേന്ദ്രത്തിനും പ്രധാനമന്ത്രിക്കുമെതിരേ ആഞ്ഞടിച്ച രാഹുലിന്റെ പ്രസംഗം ശ്രദ്ധേയമായതോടെ ജുംലയുടെ അര്‍ഥംതേടി ഗൂഗിളില്‍ വ്യാപകമായി തിരച്ചില്‍ നടന്നു. മലയാളികളടക്കമുള്ള ദക്ഷിണേന്ത്യക്കാര്‍ തിരഞ്ഞവരുടെ കൂട്ടത്തിലുണ്ടെന്ന് ഗൂഗിള്‍തന്നെ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha
























